ഒരു മനുഷ്യന് സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത തരത്തിലുള്ളതാണ് നമ്മുടെ ചരിത്രം. 1828 -ലാണ് ഇന്ത്യയിലാദ്യമായി ഒരു ദിനോസറിന്‍റെ ഫോസില്‍ കണ്ടെത്തുന്നത്. കല്‍ക്കത്തയിലെയും ലണ്ടനിലെയും മ്യൂസിയത്തിലേക്കാണ് അത് പിന്നീടയച്ചത്. പക്ഷേ, നമ്മുടെ പ്രിയകവി രബീന്ദ്രനാഥ ടാഗോറിന്‍റെ പേര് ഒരു ദിനോസറിന് നല്‍കിയതായി അറിയാമോ? അങ്ങനെയുണ്ടായിട്ടുണ്ട്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസിലെ ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് ട്വിറ്ററില്‍ ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. അതിനെക്കുറിച്ചുള്ള വിശദമായ ചില വിവരങ്ങളും കസ്‍വാന്‍ പങ്കുവെച്ചിട്ടുണ്ട്. 'നിങ്ങള്‍ക്കറിയുമോ, രബീന്ദ്രനാഥ ടാഗോറിന്‍റെ പേര് ഒരു ദിനോസറിന് നല്‍കിയിട്ടുള്ള കാര്യം? Barapasaurus #tagorei എന്നത് 18 മീറ്റര്‍ നീളവും ഏഴ് ടണ്‍ ഭാരവുമുള്ള ഒരു ദിനോസറാണ്. ഒരിക്കലത് ഇന്ത്യയിലുണ്ടായിരുന്നു. 1960 -ല്‍ ആദിലാബാദില്‍ നിന്ന് കണ്ടെടുത്തതാണിത്' എന്നും ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കുന്നു. 

വലിയ കാലുള്ള എന്ന അര്‍ത്ഥത്തിലാണ് Barapasaurus എന്ന പേരുപയോഗിച്ചിരിക്കുന്നത്. tagorei എന്നത് മഹാനായ ആ കവിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്‍റെ പേരില്‍ നിന്നും. ഏതായാലും ദിനോസറിനെ കുറിച്ചുള്ള കുറച്ച് കാര്യങ്ങള്‍കൂടി പര്‍വീണ്‍ കസ്‍വാന്‍ പങ്കുവെച്ചിട്ടുണ്ട്. പലരും ഇന്ത്യയിലുണ്ടായിരുന്ന ദിനോസറുകളെ കുറിച്ച് അദ്ഭുതം പ്രകടിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രം പരിശോധിച്ചാല്‍ ദിനോസറുകളാല്‍ സമ്പന്നമായിരുന്നു ഇന്ത്യ എന്നത് വ്യക്തമാവും. ഗാന്ധിനഗറിലും സിര്‍മൗറിലും ഫോസില്‍ പാര്‍ക്കുകള്‍ തന്നെയുണ്ട്. കല്‍ക്കത്തയിലെ മ്യൂസിയത്തില്‍ നമുക്ക് അവയുടെ അസ്ഥികൂടങ്ങള്‍ കാണാമെന്നും പര്‍വീണ്‍ കസ്വാന്‍ കുറിച്ചു. ഏതായാലും ട്വീറ്റിന് നിരവധി ലൈക്കുകളാണ് കിട്ടിയത്. ഇത്തരമൊരു വിവരം അറിയില്ലായിരുന്നുവെന്നും അത് പങ്കുവെച്ചതില്‍ വളരെയധികം സന്തോഷവും നന്ദിയുമുണ്ടെന്നും പലരും കുറിച്ചു. 

ഇന്ത്യയിലെ പ്രമുഖ സാഹിത്യകാരനും സാംസ്‍കാരിക നായകനുമാണ് രബീന്ദ്രനാഥ ടാഗോർ. കവി, തത്വചിന്തകൻ, കഥാകൃത്ത്‌, നാടകകൃത്ത്, ഗാനരചയിതാവ്‌, നോവലിസ്റ്റ്, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ അദ്ദേഹം അറിയപ്പെടുന്നു. അദ്ദേഹത്തിന്‍റെ രചനയായ 'ഗീതാഞ്ജലി'ക്ക് 1913 -ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്‍തുത പുരസ്‍കാരം ലഭിക്കുന്ന ഏഷ്യയിലെ ആദ്യവ്യക്തിയായിമാറി അദ്ദേഹം.