രുകാലത്ത് വടക്കേ അമേരിക്കയിൽ വിഹരിച്ചിരുന്ന പ്രധാന വേട്ടക്കാരായിരുന്നു ഡയർവൂൾഫുകൾ. ഗ്രേ വൂൾഫുകളെക്കാൾ വലിപ്പമുള്ള ഇവയ്ക്ക് കട്ടിയുള്ള രോമങ്ങളും ശക്തമായ താടിയെല്ലും ഉണ്ട്.

ജീൻ എഡിറ്റിങ് സാങ്കേതികവിദ്യയിലൂടെ 12,500 വർഷം മുൻപ് മൺമറഞ്ഞുപോയ ഡയർവൂൾഫ് എന്ന ചെന്നായയെ പുനസൃഷ്ടിച്ച് അമേരിക്കൻ ബയോടെക് കമ്പനിയായ കൊളോസൽ ബയോസയൻസസ്. 

പുരാതന ഡിഎൻഎ, ക്ലോണിംഗ്, ജീൻ എഡിറ്റിംഗ് എന്നിവ ഉപയോഗിച്ചാണ് ഈ ചെന്നായക്കുട്ടികളെ സൃഷ്ടിച്ചതെന്നാണ് കൊളോസൽ ബയോസയൻസസ് കമ്പനി വ്യക്തമാക്കുന്നത്. എച്ച്ബിഒ പരമ്പരയായ 'ഗെയിം ഓഫ് ത്രോൺസ്' ആണ് ഈ ചെന്നായയെ ജനപ്രിയമാക്കിയത്.

റോമുലസ്, റെമുസ് എന്നീ രണ്ട് ആൺ ചെന്നായ്കളും ഖലീസി എന്ന പെൺ ചെന്നായെയും ആണ് ശാസ്ത്രജ്ഞർ പുനരുജ്ജീവിപ്പിച്ചിരിക്കുന്നത്. ഇതിൽ ആൺചെന്നായകൾ കഴിഞ്ഞവർഷം ഒക്ടോബറിലും പെൺചെന്നായ ഈ വർഷം ജനുവരിയിലുമാണ് ജനിച്ചത്. ആറുമാസം പ്രായമുള്ള റോമുലസ്, റെമുസ് എന്നീ ചെന്നായ്ക്കൾക്ക് ഇതിനകം നാല് അടിയോളം നീളവും 36 കിലോഗ്രാമിൽ കൂടുതൽ ഭാരവുമുണ്ട്. രഹസ്യകേന്ദ്രത്തിലാണ് 3 ഡയർവൂൾഫുകളെയും പാർപ്പിച്ചിരിക്കുന്നത് എന്ന് കൊളോസൽ സിഇഒ ബെൻ ലാം അറിയിച്ചു. 

ഡയർവൂൾഫുകളുടെ ഏറ്റവും അടുത്ത ബന്ധുവായ ഗ്രേ വൂൾഫിൻ്റെ ഡിഎൻഎ ആണ് ഇവയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരുകാലത്ത് വടക്കേ അമേരിക്കയിൽ വിഹരിച്ചിരുന്ന പ്രധാന വേട്ടക്കാരായിരുന്നു ഡയർവൂൾഫുകൾ. ഗ്രേ വൂൾഫുകളെക്കാൾ വലിപ്പമുള്ള ഇവയ്ക്ക് കട്ടിയുള്ള രോമങ്ങളും ശക്തമായ താടിയെല്ലും ഉണ്ട്.

ശാസ്ത്രലോകം ഒന്നടങ്കം കൗതുകത്തോടെ വീക്ഷിക്കുന്ന നിർണായക സംഭവത്തോട് പ്രതികരിച്ച കോടീശ്വരനായ എലോൺ മസ്‌ക് തൻറെ എക്സിൽ പോസ്റ്റ് ചെയ്തത് "ദയവായി ഒരു മിനിയേച്ചർ പെറ്റ് വൂളി മാമോത്തിനെ ഉണ്ടാക്കിത്തരൂ" എന്നായിരുന്നു.

ജനിച്ചതിനുശേഷം, ഇവയ്ക്ക് ആദ്യ കുറച്ചു ദിവസങ്ങളിൽ ഭക്ഷണം നൽകിയത് ഒരു വാടകഅമ്മയിൽ നിന്നായിരുന്നു. പിന്നീട് കൊളോസൽ ടീം തന്നെ ആ ഉത്തരവാദിത്വം ഏറ്റെടുത്തു. ഇപ്പോൾ ഇവ ആരോഗ്യമുള്ള യുവ ചെന്നായ്ക്കളായി മാറിക്കഴിഞ്ഞു എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

10 അടി ഉയരമുള്ള മതിലുകളാൽ ചുറ്റപ്പെട്ട ഒരു അജ്ഞാത സ്ഥലത്താണ് ഇവയെ പാർപ്പിച്ചിരിക്കുന്നത്. 2000 ഏക്കറോളം ഭൂവിസ്തൃതിയുള്ള ഈ പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥർ, ഡ്രോണുകൾ, തത്സമയ ക്യാമറ ഫീഡുകൾ എന്നിവയാൽ 24 മണിക്കൂറും നിരീക്ഷിക്കപ്പെടുന്നു.

ശാസ്ത്രലോകം ഇതിനെ ഒരു നിർണായക നേട്ടമായാണ് കണക്കാക്കുന്നതെങ്കിലും ഇതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ആദിമകാലത്തെ വംശനാശം പ്രകൃതിദത്തമായിരുന്നെന്നും ഇത്തരത്തിൽ നശിച്ചുപോയ ജീവിവംശങ്ങളെ തിരികെക്കൊണ്ടുവരുന്നതു പ്രകൃതിയുടെ ക്രമത്തിനു ദോഷമാണെന്നുമാണ് ഇതിനെ എതിർക്കുന്നവർ അവകാശപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം