ഒടുവിൽ കർണാടകത്തിലെ കോൺഗ്രസുകാർ ഏറെനാളായി കാത്തിരുന്ന ആ ദിവസം വന്നെത്തി. ഡികെ ശിവകുമാർ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തു. ഇനി സംസ്ഥാനത്ത് കോൺഗ്രസിനെ നയിക്കുക 'ട്രബിൾഷൂട്ടർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഡികെ ശിവകുമാർ ആയിരിക്കും. കർണാടകത്തിലെ കോൺഗ്രസുകാർ ശിവകുമാറിനെ അങ്ങനെ വിളിച്ചിരുന്നത് വെറുതെയൊന്നുമല്ല. കഴിഞ്ഞ കുറേ വർഷങ്ങളായി കർണാടകയില്‍ അരങ്ങേറിയിട്ടുള്ള പല രാഷ്ട്രീയ നാടകങ്ങളുടെയും ഒടുവിൽ ആപത്ബാന്ധവനായി പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ വേണ്ടി അവതരിച്ചിരുന്നത് ഡികെ തന്നെയായിരുന്നു. 

ആരാണീ 'ഡി കെ'?

'ഡി കെ' എന്നും 'ഡി കെ ശി' എന്നുമൊക്കെ ശിവകുമാർ പൊതുവേ കർണാടക രാഷ്ട്രീയവൃത്തങ്ങളിൽ അറിയപ്പെടുന്നുണ്ട്. നാക്കിന്റെ മൂർച്ചകൊണ്ടും, പേശീബലം കൊണ്ടും അദ്ദേഹം കാര്യങ്ങളെ തന്റെ വരുതിക്ക് നിർത്താറുണ്ട് എന്നാണ് പൊതുവെയുള്ള സംസാരം. കർണാടകത്തിലെ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞുതന്നെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെച്ചയാളാണ് 'ഡി കെ'. ഗ്രാനൈറ്റ് മൈനിങ്, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിങ്ങനെ നീളുന്ന പലവിധ ബിസിനസുകളിലൂടെ ചുരുങ്ങിയകാലം കൊണ്ട് ഒരു കോടീശ്വരനായി അദ്ദേഹം. പ്രായോഗിക രാഷ്ട്രീയത്തിലുള്ള കേളീവൈഭവം കൊണ്ട് തന്റെ ശത്രുപാളയത്തിലുള്ളവർ പോലും ആരാധനയോടെയാണ് ഡികെ ശിവകുമാറിനെ  കാണുന്നത്. ഇക്കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു.

 


'ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ്' എന്ന നിലയിൽ ഇന്ത്യയിൽ അദ്ദേഹത്തെ വെല്ലാൻ ഒരുപക്ഷേ, സാക്ഷാൽ അമിത് ഷാ മാത്രമേ കാണൂ. ഹൈക്കമാൻഡിന്റെ നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിക്കുന്ന വിശ്വസ്‌തവിധേയനായ ഒരു കോൺഗ്രസുകാരൻ എന്ന പ്രതിച്ഛായ കൂടി ഡികെ കാത്തുസൂക്ഷിക്കുന്നുണ്ട്. ബിജെപിക്ക് കർണാടകത്തിൽ ആരെയെങ്കിലും ഭയമുണ്ടെങ്കിൽ അത്, ഡികെ ശിവകുമാറിനെ മാത്രമാണ്. അദ്ദേഹത്തെ തങ്ങളുടെ പാളയത്തിലേക്കെത്തിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി തോൽവി സമ്മതിച്ചിരുന്നു, ബിജെപി. അമിത് ഷാ നേരിട്ട് പ്രലോഭിപ്പിക്കാൻ ശ്രമിച്ചിട്ടുപോലും ഡികെയ്ക്ക് ഒരു ചാഞ്ചാട്ടവും ഉണ്ടായിരുന്നില്ല.

ഗുജറാത്തിൽ 2017 -ൽ അഹമ്മദ് പട്ടേലിന്റെ രാജ്യസഭാംഗത്വത്തിനായുള്ള തെരഞ്ഞെടുപ്പിന്റെ സമയത്ത് വിവാദമുണ്ടായപ്പോള്‍, രക്ഷാപ്രവർത്തനത്തിന് ഹൈക്കമാൻഡ് പറഞ്ഞുവിട്ടത് ഡികെയെ. അന്ന് അവിടത്തെ 44  കോൺഗ്രസ് എംഎൽഎമാരെ ഒരാൾക്കും വിട്ടുകൊടുക്കാതെ ചിറകിനടിയിൽ പിടിച്ചുനിർത്തിയത് ഡികെ ആയിരുന്നു. പ്രലോഭനം നടപ്പില്ല എന്നുകണ്ട്‌, അടുത്തപടിയായി ഇൻകം ടാക്സ് റെയ്ഡുകൾ കൊണ്ട് സമ്മർദ്ദം ചെലുത്തിനോക്കി ശത്രുക്കൾ. എന്നാൽ, അതിനെയൊക്കെ അന്ന് ഡികെ അതിജീവിച്ചു. റെയിഡുകൾ നടന്നപ്പോൾ മുന്നൂറ് കോടിയിലധികം രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെടുത്തു എന്നമട്ടിലാക്കി പ്രചാരണങ്ങൾ വന്നു. അന്ന് ഡികെ ഒന്നേ പറഞ്ഞുള്ളൂ. 'അവർ ഔപചാരികമായി ഒരു റെയ്ഡ് റിപ്പോർട്ട് തരട്ടെ, എന്നിട്ടു നോക്കാം' എന്ന്. ഒടുവിൽ റിപ്പോർട്ടുവന്നപ്പോഴോ റിസോർട്ടിൽ നിന്നും ആകെ 20  കോടി പിടിച്ചെടുത്തതിന്റെ കണക്കുകൾ മാത്രം. പിന്നെ കുറെ നികുതിവെട്ടിപ്പിന്റെ കേസുകളും. അന്നും, ഡികെയെ ഏല്പിച്ചത് നടന്നു, അഹമ്മദ് പട്ടേൽ അനായാസം രാജ്യസഭയിലെത്തി. 

ഏറ്റവുമൊടുവിൽ 2019 -ൽ രാജിവെച്ചിറങ്ങിപ്പോയ കർണാടകയിലെ വിമത എംഎൽഎമാർ സംഘംചേർന്ന് മുംബൈക്ക് പറന്നപ്പോൾ അവരെ എയർപോർട്ടിലിട്ടു പിടിക്കാൻ ഡികെ ഒരു ശ്രമം നടത്തി നോക്കിയിരുന്നു. പക്ഷേ, വിവരമറിഞ്ഞ് ഡികെ ഓടിപ്പിടിച്ച് എയർപോർട്ടിൽ എത്തിയപ്പോഴേക്കും ഒരു ചാർട്ടേഡ് വിമാനത്തിൽ അവർ 'രക്ഷപ്പെട്ടു' കഴിഞ്ഞിരുന്നു. അങ്ങനെ എളുപ്പം തോൽവി സമ്മതിക്കുന്ന ശീലമില്ലാത്ത ഡികെ അടുത്ത വിമാനത്തിൽ അവർക്കു പിന്നാലെ മുംബൈയ്ക്ക് വച്ചുപിടിച്ചു. പക്ഷേ, മുംബൈയിൽ നിന്നും അവരെ അനുനയിപ്പിക്കാനാകാതെ പോലീസിനാൽ അറസ്റ്റുചെയ്തു നീക്കപ്പെട്ട് തിരിച്ചു പോരേണ്ടി വന്നു ഡി കെ ശിവകുമാറിന്. അവർ പോയി ഒളിച്ചിരുന്ന മുംബൈയിലെ പവൈയിലുള്ള റിനൈസൻസ് ഹോട്ടലിനു വെളിയിൽ ഡികെ ശിവകുമാർ എന്ന കർണാടക രാഷ്ട്രീയത്തിലെ അതികായൻ തന്റെ കാറിൽ വന്നിറങ്ങിയപ്പോൾ അദ്ദേഹത്തെ തടയാൻ സായുധരായ ഒരു ബറ്റാലിയൻ പൊലീസ് തന്നെയുണ്ടായിരുന്നു. അവരോട് അദ്ദേഹം ചോദിച്ചു," നിങ്ങളാരെയാണ് ഹേ പേടിക്കുന്നത്..? എന്റെ കയ്യിൽ ഒരായുധവുമില്ല.. ഞാൻ ഈ നെഞ്ചിനുള്ളിൽ ഒരു ഹൃദയം മാത്രമെടുത്തുകൊണ്ടാണ് ഇങ്ങോട്ടു പുറപ്പെട്ടുപോന്നത്.." എന്ന്. 

നിരന്തരം തുടർന്നുവന്ന വേട്ടയാടൽ 
 
മോദി സർക്കാർ നിരന്തരം വേട്ടയാടിയ ചരിത്രവും ഡികെ എന്ന കർണാടക കോൺഗ്രസ് നേതാവിനുണ്ട്. ആദ്യമായി അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടക്കുന്നത് 2017 ഓഗസ്റ്റിലാണ്. അന്ന് കർണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ഡി.കെ.ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് ആദായനികുതിവകുപ്പ് അവിടെ അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുക്കുകയാണുണ്ടായത്. എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്‍റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ വിശദീകരണം.


 

പിന്നീട് 2019 -ൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും  കള്ളപ്പണം വെളുപ്പിക്കൽ കേസിൽ  കർണാടകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്‍റെ വസതികളിൽ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ 2019 സെപ്റ്റംബർ 3 -ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. തുട‍ർച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമായിരുന്നു ശിവകുമാറിനെ എന്‍ഫോഴ്‍സ്‍മെന്‍റ് അറസ്റ്റ് ചെയ്തത്. അന്ന്, കർണാടകത്തിൽ ജെഡിഎസ് - കോൺഗ്രസ് സഖ്യത്തിന്‍റെ പ്രധാന സൂത്രധാരൻമാരിൽ ഒരാളായ ഡി.കെ.ശിവകുമാർ പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നു എന്നുള്ള സൂചനകൾക്കിടെയായിരുന്നു അറസ്റ്റ്. ഒടുവിൽ ഒക്ടോബർ ൨൩ വരെ ഡികെക്ക് തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരേണ്ടി വരികയും ചെയ്തു. 


 

കർണാടകം പോലെ രാഷ്ട്രീയപരമായ അപ്രവചനീയത നിലനിൽക്കുന്ന ഒരു സംസ്ഥാനത്ത്, പൊളിറ്റിക്കൽ മാനേജ്‌മെന്റിൽ അഗ്രഗണ്യനായ ഡികെയെപ്പോലുള്ള ഒരാൾ പിസിസിയുടെ തലപ്പത്തുവരുന്നത് തീർച്ചയായും അവിടത്തെ കോൺഗ്രസ് അണികളുടെ ആത്മവീര്യമേറ്റും, അച്ചടക്കവും കൂട്ടും. മാസ്സ് സ്വഭാവത്തിൽ നിന്ന് പാർട്ടി കേഡർ സ്വഭാവത്തിലേക്ക് മാറിയാൽ മാത്രമേ കോൺഗ്രസിന് ഭാവിയിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിലനിൽപ്പുണ്ടാകൂ എന്ന് ഈയടുത്ത് അഭിപ്രായപ്പെട്ട ഡികെ അധികാരശ്രേണിയുടെ തലപ്പത്ത് വരുമ്പോൾ കർണാടക പിസിസി ഇന്നോളമുള്ള കീഴ്വഴക്കങ്ങളിൽ നിന്ന് മാറിനടക്കാനുള്ള സാധ്യത ഏറെയാണ്.