ഒടുവില്‍ പ്രതിയെ കണ്ടെത്തി. പക്ഷേ, പൊലീസിനെ ഞെട്ടിച്ചത് മറ്റൊരു വിവരമാണ്. പ്രതി 21 വര്‍ഷം മുമ്പേ മരിച്ചുപോയിരിക്കുന്നു. 

1990-99 കാലത്ത് അമേരിക്കയിലെ (US) മയേഴ്‌സ് പാര്‍ക്കില്‍ (Myers Park rapist) നടന്ന ദുരൂഹമായ ലൈംഗിക പീഡനകേസുകളില്‍ (sexual assaults) മൂന്ന് പതിറ്റാണ്ട് നീണ്ട അന്വേഷണത്തിന് ഒടുവില്‍ പ്രതിയെ കണ്ടെത്തി. പക്ഷേ, പൊലീസിനെ ഞെട്ടിച്ചത് മറ്റൊരു വിവരമാണ്. പ്രതി 21 വര്‍ഷം മുമ്പേ മരിച്ചുപോയിരിക്കുന്നു. 

അമേരിക്കയിലെ നോര്‍ത്ത് കാരലിനയിലാണ് സംഭവം. ഇവിടെയുള്ള മയേഴ്‌സ് പാര്‍ക്കിലും പരിസരത്തും നടന്ന 15 ലൈംഗിക പീഡനകേസുകളിലാണ് പൊലീസിന്റെ പ്രത്യേക സംഘം പതിറ്റാണ്ടുകളായി നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തിയത്. അല്ലറ ചില്ലറ വീട്ടുകവര്‍ച്ചകളുമായി നടന്നിരുന്ന ഡേവിഡ് എഡ്വേഡ് ഡോറന്‍ എന്നയാളാണ് ഈ കേസുകളില്‍ പ്രതിയെന്നാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ 2008 ജുലൈ 24-ന് ഇയാള്‍ മരണമടഞ്ഞുവെന്നും ഷാര്‍ലറ്റ് മെക്‌ലന്‍ ബര്‍ഗ് പൊലീസ് കണ്ടെത്തി. 

1990-കളില്‍ അമേരിക്കയെ ഞെട്ടിച്ചതാണ് മയേഴ്‌സ് പാര്‍ക്ക് ബലാല്‍സംഗ കേസുകള്‍. നോര്‍ത്ത് കാരലിനയിലുള്ള മയേഴ്‌സ് പാര്‍ക്കിലും പരിസരങ്ങളിലുമായി ഒമ്പത് വര്‍ഷത്തിനിടെ 15 യുവതികള്‍ ബലാല്‍സംഗം ചെയ്യപ്പെടുകയായിരുന്നു. 1990 ജൂണ്‍ 13-ന് മേരിലാന്റ് അവന്യൂവിലാണ് ഈ പരമ്പരയില്‍ പെട്ട ആദ്യ ബലാല്‍സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അവസാനത്തേത് 1999 ജനുവരി ഒമ്പതിനും. ഇതിനിടയില്‍ സമാനമായ 15 ബലാല്‍സംഗ കേസുകള്‍. 

അന്വേഷണത്തില്‍ ഇവയ്‌ക്കെല്ലാം ഒരേ സ്വഭാവമായിരുന്നുവെന്ന് കണ്ടെത്തി. മുഖംമൂടി ധരിച്ച് വീടിനുള്ളില്‍ കയറുന്ന ഒരു യുവാവ് കത്തി ചൂണ്ടി സ്ത്രീകളെ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് രക്ഷപ്പെടുകയായിരുന്നു. ഒരു തെളിവുപോലും അവശേഷിപ്പിക്കാതെയാണ് മുഖംമൂടിയും കൈയുറകളും ധരിച്ച ഇയാള്‍ രക്ഷപ്പെട്ടിരുന്നത്. ഈ സംഭവങ്ങള്‍ തമ്മിലുള്ള സാമ്യത കണ്ടെത്തിയ പൊലീസ് പ്രതി ഒരാളാണെന്ന നിഗമനത്തിലാണ് എത്തിയത്. തുടര്‍ന്ന് പ്രതിക്കുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. മയേഴ്‌സ് പാര്‍ക്ക് റേപ്പിസ്റ്റ് എന്ന പേരിലാണ് കാണാമറയത്തെ ഈ പ്രതിയെ മാധ്യമങ്ങളും പൊലീസും വിശേഷിപ്പിച്ചിരുന്നത്. 


കേസ് അന്വേഷണം നടന്നുവെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. അതിനു ശേഷം കുറച്ചുകാലം അന്വേഷണം മരവിച്ചു. പിന്നീട് 2006-ല്‍ തുമ്പില്ലാത്ത ലൈംഗിക പീഡന കേസുകള്‍ അന്വേഷിക്കാനായി രൂപവല്‍കരിച്ച പ്രത്യേക പൊലീസ് സംഘം അന്വേഷണം പുനരാരംഭിച്ചു. 

ലൈംഗികതിക്രമം നടന്ന സ്ഥലങ്ങളില്‍നിന്നും കിട്ടിയ വസ്തുക്കള്‍ ഉപയോഗിച്ച് പ്രതിയുടെ ഡി എന്‍ എ പരിശോധന നടത്തിയ പൊലീസ് ഇത്തരം കേസുകളില്‍ പിടിയിലായവരുടെ ഡിഎന്‍എ ബാങ്ക് പരിശോധിച്ചുവെങ്കിലും സാമ്യതകളുള്ള ആരെയും കണ്ടെത്തിയില്ല. അതിനു ശേഷം സെക്ഷ്വല്‍ അസോള്‍ട്ട് ഇനീഷ്യേറ്റീവ് ഗ്രാന്റ്, പാരബണ്‍ ലാബോറട്ടറീസ് എന്നിവയുടെ സഹായത്തോട ഈ ഡി എന്‍ എ സാമ്പിളുകളുടെ ഫോറന്‍സിക് ജനറ്റിക് ജിനിയോളജി പരിശോധനകള്‍ നടത്തി. അതില്‍നിന്നാണ് ഈ പ്രതിയിലേക്ക് പൊലീസ് എത്തിയത്. തുടര്‍ന്ന് ഇയാളുടെ ഡിഎന്‍എ സാമ്പിളുകളും ബലാല്‍സംഗം നടന്ന സ്ഥലങ്ങളില്‍നിന്നും ലഭിച്ച സാമ്പിളുകളും പരിശോധിച്ച് പ്രതി ഡോറന്‍ ആണെന്ന് ഉറപ്പുവരുത്തി. 

നേരത്തെ കവര്‍ച്ചാ സാധനങ്ങള്‍ കൈവശം വെച്ചതടക്കമുള്ള കേസുകളില്‍ ഡോറന്‍ അറസ്റ്റിലായിരുന്നുവെങ്കിലും പെട്ടെന്ന് തന്നെ മോചിതനായിരുന്നു. അന്ന് ഡി എന്‍ എ രേഖകള്‍ സൂക്ഷിക്കാറില്ലാത്തതിനാലാണ് പിന്നീട് നടന്ന അന്വേഷണങ്ങളില്‍നിന്ന് ഇയാള്‍ രക്ഷപ്പെട്ടത്. ഇക്കാലയളവില്‍ മറ്റു ചില കേസുകളും ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നുവെങ്കിലും അതില്‍നിന്നെല്ലാം ഇയാള്‍ തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബലാല്‍സംഗ കേസുകളിലെ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം നടക്കുമ്പോഴും ഇയാള്‍ സ്വാതന്ത്രനായി വിഹരിക്കുകയായിരുന്നു. 

മയേഴ്‌സ് പാര്‍ക്കിലെ ബലാല്‍സംഗങ്ങള്‍ നടക്കുന്ന സമയത്ത് ഇയാള്‍ക്ക് 49 വയസ്സായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആ 15 ബലാല്‍സംഗങ്ങള്‍ മാത്രമായിരിക്കില്ല ഇയാള്‍ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്. മയേഴ്‌സ് പാര്‍ക്കില്‍ ഒരിക്കലും താമസിച്ചിട്ടില്ലാത്ത ഇയാള്‍ ഇവിടെ സ്ഥിരമായി വരാറുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ടെക്‌സസ്, കാലിഫാര്‍ണിയ, ഓഹയോ എന്നിവിടങ്ങളില്‍ ഇയാള്‍ ദീര്‍ഘകാലം താമസിച്ചിരുന്നു. ഇവിടങ്ങളിലാക്കെ ഇയാള്‍ സമാനമായ ബലാല്‍സംഗങ്ങള്‍ നടത്തിയിട്ടുണ്ടാവാമെന്നാണ് പൊലീസ് സംശയിക്കുന്നത്. 50 ബലാല്‍സംഗ കേസുകളിലെങ്കിലും ഇയാള്‍ പ്രതിയായിരിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 

അതിനിടെ, മയേഴ്‌സ് പാര്‍ക്കിലെ റേപ്പിസ്റ്റ് എന്നു കരുതി ഒരാളെ പൊലീസ് 2009-ല്‍ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ രണ്ടു ബലാല്‍സംഗ കേസുകളില്‍ പ്രതിയായിരുന്ന ഗില്‍ബര്‍ട്ട് മക്‌നയര്‍ എന്നയാളാണ് മയേഴ്‌സ് പാര്‍ക്ക് റേപ്പിസ്റ്റ് എന്ന നിലയില്‍ അറിയപ്പെട്ടത്. സമാനമായ രീതിയില്‍ വീടുകളില്‍ അതിക്രമിച്ചു കയറി രണ്ട് സ്ത്രീകളെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ഇയാളാണ് മയേഴ്‌സ് പാര്‍ക്ക് റേപ്പിസ്റ്റ് എന്നാണ് കരുതിയിരുന്നത്. എന്നാല്‍, ഇയാളല്ല പ്രതിയെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. മയേഴ്‌സ് പാര്‍ക്കിലെ റേപ്പിസ്റ്റ് 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളെയാണ് ഇരയാക്കിയതെങ്കില്‍, മക്‌നയര്‍ 20-25 വയസ്സുള്ള സ്ത്രീകളെയാണ് ബലാല്‍സംഗം ചെയ്തത് എന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന്, യഥാര്‍ത്ഥ പ്രതിക്കായി തെരച്ചില്‍ നടന്നുവരികയായിരുന്നു. അതിനിടെയാണ്, മൂന്ന് പതിറ്റാണ്ടുകള്‍ക്കു ശേഷം യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തിയത്.