മുംബൈയിലെ പ്രശസ്തമായ താജ് മഹൽ ഹോട്ടലില്‍ ഇന്നും തെരുവ് നായ്ക്കൾക്കായി ഒരിടമുണ്ട്.
രത്തൻ ടാറ്റയുടെ തെരുവ് നായ്ക്കളോടുള്ള സ്നേഹം ഏറെ പ്രശസ്തമാണ്. അദ്ദേഹത്തിന്‍റെ മരണ ശേഷവും അദ്ദേഹത്തിന്‍റെ ഇഷ്ടങ്ങൾ ടാറ്റ ഗ്രൂപ്പ് അതുപോലെ തന്നെ പാലിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ചെറിയൊരു സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. പ്രസാധകയും എഡിറ്ററുമായ ഫർസാന തന്‍റെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. മുംബൈയിലെ പ്രശസ്തമായ താജ്മഹൽ പാലസ് ഹോട്ടലിന് സമീപത്ത് കൂടി കടന്നുപോകുമ്പോൾ കണ്ട ഒരു കാഴ്ചയാണ് ഫർസാന തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
ഫർസാനയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു, 'ഇന്നലെ രാത്രി ഞാൻ താജിൽ നിന്ന് ഇറങ്ങുമ്പോൾ, റോണി പൂമുഖത്ത് സമാധാനത്തോടെ ഉറങ്ങുകയായിരുന്നു. ഈ താജിൽ വളർത്തുമൃഗങ്ങളിൽ ഒന്നിനെ ഞാൻ കാണുമ്പോഴെല്ലാം, രത്തൻ ടാറ്റയെ ഓർമ്മ വരുന്നു. അദ്ദേഹത്തിന്‍റെ ആത്മാവ് എത്ര സന്തോഷിക്കുന്നുണ്ടാവുമെന്ന് ഞാൻ ചിന്തിക്കുന്നു. ഞാൻ പറയുന്നതിനെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ മനസ്സിലാക്കണമെങ്കിൽ ഞാൻ പോസ്റ്റ് ചെയ്യുന്ന ചിത്രം പരിശോധിക്കുക. തീർച്ചയായും അത് വിവേകപൂർണ്ണമാണ്. താജിന്‍റെ പ്രവർത്തി.' ഫർസാന പോസ്റ്റ് ചെയ്ത ചിത്രത്തിൽ ഒരു നായ താജ് ഹോട്ടലിൽ മുൻപിൽ കിടന്ന് ഉറങ്ങുന്നത് കാണാം. അതിന് സമീപത്തായി സ്ഥാപിച്ചിരുന്ന ബോർഡിൽ ഇങ്ങനെ കുറിച്ചിരുന്നു. ഈ വസ്തുവിന് ചുറ്റുമായി കഴിയുന്ന നായ്ക്കളെ ദയവായി ഉപദ്രവിക്കരുത്. അവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറരുത്.' ഹോട്ടലിലെ തെരുവ് മൃഗങ്ങളുടെ സാന്നിധ്യത്തെയും, മൃഗങ്ങളെ പരിപാലിക്കുന്നതിൽ എപ്പോഴും വിശ്വസിച്ചിരുന്ന രത്തൻ ടാറ്റയുടെ കാരുണ്യപൂർണ്ണമായ കാഴ്ചപ്പാടിനെയും എടുത്ത് കാണിക്കുന്നതായിരുന്നു ഫർസാനയുടെ സമൂഹ മാധ്യമ കുറിപ്പ്.
ഹോട്ടൽ പരിസരത്ത് സമാധാനമായി വിശ്രമിക്കുന്ന തെരുവ് നായ്ക്കൾ താജ് ഹോട്ടലിൽ എത്തുന്നവരുടെ പരിചിത കാഴ്ചയാണ്. അതിഥികൾ അവയെ ബഹുമാനിക്കുകയും പരിപാലിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്ന ചെറിയ സൂചന ബോർഡുകളും പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിന്‍റെ മുൻ ചെയർമാനായ രത്തൻ ടാറ്റയുടെ നായ്ക്കളോടും അലഞ്ഞുതിരിയുന്ന മൃഗങ്ങളോടുമുള്ള സ്നേഹവും അനുകമ്പയും ഏറെ പ്രശസ്തമാണ്. അലഞ്ഞ് തിരിയുന്നവയെ ആട്ടിയോടിക്കാതെ, അവയ്ക്കായി സുരക്ഷിതമായ ഇടം ഉറപ്പാക്കാൻ അദ്ദേഹം നടപടികൾ സ്വീകരിച്ചിരുന്നു. താജ് ഹോട്ടലിൽ ആയാലും ടാറ്റ ഗ്രൂപ്പ് ആസ്ഥാനമായ ബോംബെ ഹൗസിലായാലും അലഞ്ഞു തിരിയുന്ന നായ്ക്കൾക്ക് ഇന്നും ഒരിടമുണ്ട്.


