ക്രൈസ്റ്റ് ചർച്ചിൽ ബ്രെന്‍റൻ ടാറന്റ് എന്ന തോക്കുധാരി തന്റെ ഓട്ടോമാറ്റിക് മെഷീൻ ഗണ്ണുമായി ക്രൈസ്റ്റ് ചർച്ചിലെ മുസ്ലിം പള്ളികളിൽ സംഹാര താണ്ഡവമാടാൻ തുടങ്ങിയപ്പോൾ അതിനെ തടഞ്ഞു നിർത്താൻ ശ്രമിച്ച ധീരന്മാരിൽ ഒരാൾ അബ്ദുൽ അസീസ് വഹാബ്സാദ ആയിരുന്നു. 2019 മാർച്ച് 15 ന് പത്തുനൂറുപേർ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ലിൻവുഡിലെ പള്ളിയുടെ പരിസരത്ത് ആ ശാന്തതയെ ഭഞ്ജിച്ചുകൊണ്ട് തുരുതുരാ വെടിയൊച്ചകൾ മുഴങ്ങി. ബ്രെന്റന്റെ തോക്കിൽ നിന്നുള്ള ആ വെടിയൊച്ചകൾ കേട്ടാണ് അസീസ് അവിടേക്കെത്തുന്നത്. പള്ളിമുറ്റത്ത് യന്ത്രത്തോക്കും ചൂണ്ടി കൊലവെറി പൂണ്ടുനിന്ന ബ്രെന്റനെ കയ്യിൽ കിട്ടിയ സ്വൈപ്പിങ് മെഷീൻ എടുത്തെറിഞ്ഞു അസീസ്. അകത്ത് പ്രാർത്ഥിച്ചിരുന്ന നൂറോളം പേരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ കളഞ്ഞും പരിശ്രമിക്കാനുള്ള ധൈര്യം അന്നേരം തനിക്ക് എവിടുന്നാണ് കിട്ടിയതെന്ന് അറിയില്ല എന്ന് അസീസ് പിന്നീട് പറയുകയുണ്ടായി.

അകത്തേക്ക് പോയി പ്രാർത്ഥിക്കുന്നവരെ വെടിവെച്ചു വീഴ്ത്താൻ വേണ്ടി ലിൻവുഡ്‌ പള്ളിയുടെ മുന്നിലേക്കെത്തിയ ബ്രെന്റന്റെ ശ്രദ്ധ എന്തായാലും അസീസിന്റെ ആ അക്രമണത്തോടെ തല്ക്കാലത്തേക്ക് അയാളിലേക്ക് തിരിഞ്ഞു. തന്നെ ആക്രമിച്ച അസീസിന്‌ നേരെയായി ബ്രെന്റന്റെ വെടിവെപ്പ് പിന്നെ. പള്ളിമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾക്കിടയിലൂടെ കുനിഞ്ഞു കുനിഞ്ഞ് അസീസ് ഓടി, പിന്നാലെ തോക്കുമേന്തി ബ്രെന്റനും. ബ്രെന്റന്റെ തോക്കിൽ നിന്നും മുതിർന്ന ഉണ്ടകൾ ഒന്നും തന്നെ ഭാഗ്യവശാൽ അസീസിന് ഏറ്റില്ല. അയാളെ കിട്ടാതെ വന്നപ്പോൾ, തോക്കിലെ ഉണ്ടകൾ തീർന്നപ്പോൾ, ആകെ നിരാശനായ ബ്രെന്റൻ പള്ളിക്കുള്ളിലേക്ക് കയറാനുള്ള പ്ലാൻ ഉപേക്ഷിച്ച്, തന്റെ കാറിലേക്ക് കയറി അടുത്ത പള്ളി ലക്ഷ്യമിട്ട് പോകാനൊരുങ്ങി. 

 

 

ബ്രെന്റൻ ഉപേക്ഷിച്ച ഒരു തോക്കെടുത്ത് അസീസ് ആ കാറിന്റെ ജനൽ ചില്ലിൽ ആഞ്ഞടിച്ചു. അവിചാരിതമായി നേരിടേണ്ടി വന്ന പ്രത്യാക്രമണത്തിൽ ഭയന്ന് പോയിരുന്നു ആ കൊലയാളി. എങ്ങനെയെങ്കിലും അവിടെന്ന് ഒന്ന് രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു അയാൾക്ക്. റിയർവ്യൂമിററിൽ തെളിഞ്ഞ അസീസിന്റെ മുഖത്തേക്ക് അയാൾ തന്റെ നടുവിരൽ ഉയർത്തിക്കാട്ടി. അയാളെ അസഭ്യം പറഞ്ഞു. വാഹനം അതിവേഗത്തിൽ റോഡിലേക്ക് പായിച്ച്, റെഡ് സിഗ്നൽ വെട്ടിച്ച് അയാൾ അടുത്ത പള്ളി ലക്ഷ്യമാക്കി പാഞ്ഞുപോയി. 

 

 

രക്ഷപെടാനുള്ള ആ പാഞ്ഞുപോക്കിനിടെയാണ് അടുത്ത പള്ളിയിൽ എത്തും മുമ്പ് പൊലീസ് സംഘം ബ്രെന്റനെ കസ്റ്റഡിയിലെടുക്കുന്നതും, പിന്നീട് നിയമത്തിനു മുന്നിൽ ഹാജരാക്കുന്നതും. പള്ളിക്കുള്ളിലേക്ക് തന്റെ യന്ത്രത്തോക്കുമായി കയറാൻ ഒരുമ്പെട്ട ബ്രെന്‍റനെ അതിന് അനുവദിക്കാതെ തടഞ്ഞു നിർത്തിയ അസ്സീസിന്റെ പക്കൽ ആകെയുണ്ടായിരുന്ന ആയുധം തന്റെ ആത്മബലം ഒന്നുമാത്രമായിരുന്നു. ആ അവസരത്തിൽ സ്വന്തം പ്രാണൻ പോലും ത്യജിക്കാൻ തയ്യാറായി അസീസ് കാണിച്ച ധൈര്യത്തെ വിധിപ്രസ്താവത്തിൽ ജഡ്ജ് കാമറോൺ മാൻഡർ അഭിനന്ദിച്ചു.