Asianet News MalayalamAsianet News Malayalam

അങ്ങനെ ഞാൻ അയാളിൽ നിന്ന് രക്ഷപ്പെട്ട ഒരു അനുഭവം 'ഉയരെ' കണ്ടപ്പോൾ ഓർമ്മ വന്നു; അനുഭവക്കുറിപ്പ്

എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് ഉയരെ എന്നും കുറച്ചു കാര്യങ്ങൾ നാം തിരിച്ചറിയുവാനും ചില പാഠങ്ങൾ പഠിക്കുവാനും അത് ഉപകാരമാകുമെന്നും ഷിനു ശ്യാമളൻ കുറിക്കുന്നു.

doctor shinu shyamalan facebook post about uyare movie
Author
Kochi, First Published May 10, 2019, 1:43 PM IST

'ഉയരെ' കണ്ടവർക്കൊന്നും പാര്‍വതി അവതരിപ്പിച്ച പല്ലവി എന്ന കഥാപാത്രത്തെ അത്രപ്പെട്ടന്ന് മറക്കാൻ സാധിക്കില്ല. ഓരോ സ്ത്രീക്കും അവർക്കോ അല്ലെങ്കിൽ സുഹൃത്തുക്കൾക്കോ ഉണ്ടായ അനുഭവത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ആ കഥാപാത്രം. അത്തരത്തിൽ ഉയരെ കണ്ട ശേഷം ഡോക്ടർ ഷിനു ശ്യാമളൻ ഫോസ്ബുക്കിലിട്ട അനുഭവകുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്.

തന്റെ ആദ്യ വിവാഹാലോചനയുമായി ബന്ധപ്പെടുത്തിയാണ് ഷിനു ശ്യാമളൻ കുറിപ്പ് എഴുതിയിരിക്കുന്നത്. 'എന്റെ രണ്ടാമത്തെ വിവാഹാലോചനയാണ് വിവാഹത്തിൽ കലാശിച്ച'തെന്ന് തുടങ്ങുന്ന കുറിപ്പിൽ ആദ്യ വിവാഹാലോചന മാറിപ്പോയതിന് പിന്നിൽ ഉയരെയുമായി ബന്ധമുള്ള ഒരു ഭാഗമുണ്ടെന്നും ഷിനു കുറിച്ചു. ആദ്യ വിവാഹലോചന ഉറപ്പിച്ചിരുന്നുവെന്നും എന്നാൽ അയാളുടെ പൊസസീവ്നസ് തന്നെ വീർപ്പുമുട്ടിച്ചതു കാരണം ആ ബന്ധം വേണ്ടെന്ന് വെയ്ക്കുകയായിരുന്നുവെന്നും ഡോക്ടർ ഫേസ്ബുക്കിൽ കുറിക്കുന്നു. 

പാർവതി, ടോവിനോ, ആസിഫ്, സിദ്ധിഖ്, സംവിധായകൻ മനു എന്നിവരെയും ഷിനു ശ്യാമളൻ അഭിനന്ദിച്ചു. എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് ഉയരെ എന്നും കുറച്ചു കാര്യങ്ങൾ നാം തിരിച്ചറിയുവാനും ചില പാഠങ്ങൾ പഠിക്കുവാനും അത് ഉപകാരമാകുമെന്നും ഷിനു ശ്യാമളൻ കുറിക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

എന്റെ രണ്ടാമത്തെ വിവാഹാലോചനയാണ് വിവാഹത്തിൽ കലാശിച്ചത്. ആദ്യത്തെ ആലോചന നടക്കാതെ പോയതിന് പിന്നിൽ കുറച്ചു മാസങ്ങളുടെ തിരക്കഥയുണ്ട്. "ഉയരെ" യുമായി ബന്ധമുള്ള ഒരു ഭാഗമുണ്ട് അതിൽ.

കേരള മാട്രിമോണി വഴി വന്ന ആലോചയായിരുന്നു. ആ സമയത്തു ഡോക്ടറെ വേണ്ട എൻജിനീയർ മതിയെന്നായിരുന്നു എന്റെ വാശി. വിദേശത്തു നല്ല ജോലിയുള്ള പയ്യൻ.

എല്ലാ ദിവസവും സംസാരിക്കും. നല്ല സ്നേഹമാണ്. ഒരുതരം പൊസ്സസീവ്നെസ് കൂടെ എനിക്ക് പലപ്പോഴും തോന്നി. എന്നാലും "സ്നേഹം കൊണ്ടല്ലേ " എന്ന മറുപടി കേൾക്കുമ്പോൾ ഒക്കെ മറക്കും.

രാവിലെ എഴുന്നേൽക്കുമ്പോൾ സംസാരിക്കണം. "നിന്നോട് മിണ്ടിയിട്ട് ജോലിക്ക് പോകാമെന്ന് കരുതി". അയാളത് പറയുമ്പോൾ ഞാൻ ഹാപ്പി. പക്ഷെ എല്ലാ ദിവസവും അത് സാധിച്ചെന്ന് വരില്ല. അതിനും പരിഭവവും വഴക്കും കൂടും. എനിക്ക് ഓടിച്ചാടി 8 മണിക്ക് ആശുപത്രിയിൽ എത്തണം. ഹൗസ് സർജൻസി കാലമാണ്. 10 മിനിറ്റിൽ കൂടുതൽ ലേറ്റ് ആയാൽ സൈൻ ചെയ്യാൻ പറ്റില്ല. തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു. താമസിക്കുന്ന പി. ജി യിൽ നിന്ന് 10 മിനിറ്റ് ദൂരമുണ്ട്.

അങ്ങനെ ഓടി ആശുപത്രിയിൽ എത്തും. "ഇടയ്ക്കൊക്കെ സമയം കിട്ടുമ്പോൾ എന്നെ വിളിക്കണം" എന്നു പറഞ്ഞു ഫോൺ അയാൾ വെക്കും. എവിടെ നേരം കിട്ടാൻ. തിരക്കുള്ള ഒ.പി. കേസ് ഷീറ്റ് എഴുത്തു. അതിനിടയ്ക്ക് വിളിക്കാൻ എനിക്ക് നേരം കിട്ടാറില്ല. മിസ്സ്ഡ് കാൾ ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടു മണി സമയത്ത് അയാൾ വിളിക്കും. "ചോറുണ്ടോ" "തിരക്കായിരുന്നോ" എന്നൊക്കെ ചോദിക്കും. തിരക്കാണെങ്കിൽ ഞാൻ ഉച്ചക്ക് സംസാരിക്കാറില്ല.

ഒരു ദിവസം കൂട്ടുകാരോടൊപ്പം ബീച്ചിൽ പോയി. വല്ലപ്പോഴും എല്ലാവരും കൂടെ ബീച്ചിൽ പോകുമ്പോൾ നല്ല രസമാണ്. അവരൊക്കെയാണ് എന്റെ തിരുവനന്തപുരം ജീവിതത്തിൽ മറക്കാനാകാത്ത നിമിഷങ്ങൾ തന്ന കൂട്ടുകാർ. അങ്ങനെ ഒരു ദിവസം അവരോടൊപ്പം കാറിൽ പോകുമ്പോഴും കാൾ വന്നു." എവിടെയാ, നീ വിളിച്ചില്ലലോ?" തിരക്കായിരുന്നു. ജോലി കഴിഞ്ഞു ഇറങ്ങിയപ്പോൾ സമയം കിട്ടിയില്ല. "എന്നോട് പറഞ്ഞിട്ട് നീ എവിടെ വേണമെങ്കിലും പൊക്കോളൂ. പറയണം എന്ന് മാത്രം". അവൻ അറിയാതെ ഒന്നും ചെയ്യാൻ പാടില്ല. എല്ലാം അവനോട് ചോദിച്ചു മാത്രം ചെയ്യുക. എന്നിട്ട് "സ്നേഹം കൊണ്ടല്ലേ" എന്നും. സ്നേഹമുണ്ടായിരുന്നു. പക്ഷെ എനിക്ക് വീർപ്പുമുട്ടി തുടങ്ങിയിരുന്നു.

അങ്ങനെ ദിവസങ്ങൾ കടന്ന് പോയി. ഒരു ദിവസം പൊന്നി മാഡത്തിന്റെ മെഡിസിൻ ഒ.പി. ജനറൽ ആശുപത്രിയിൽ മെഡിസിൻ ഒ.പി വലിയൊരു മേശയ്ക്കു ചുറ്റും 5,6 അല്ലെങ്കിൽ 8 ഡോക്ടർമാർ വരെ രോഗികളെ നോക്കുന്നുണ്ടാകും. അതുപോലെ തിരക്കാണ് അവിടെ.

മിസ്സ്ഡ് കാൾ ഉണ്ട്. ഞാൻ തിരിച്ചു വിളിച്ചിട്ടില്ല. ഒ.പി കഴിഞ്ഞപ്പോൾ 3 മണിയായി. ക്ഷീണിച്ച ഞാൻ ഫോൺ എടുത്തു തിരികെ വിളിച്ചു. "എന്താ ഇതുവരെ വിളിക്കാഞ്ഞത്?" ഉള്ളിൽ അടക്കിയ ദേഷ്യം മുഴുവൻ പുറത്തു വന്നു. "എനിക്ക് സൗകര്യമില്ല. എനിക്ക് ശ്വാസം മുട്ടുന്നു. നീ ഒന്നു പോയി താ. എന്നെ ഇനി വിളിക്കരുത്. എനിക്ക് ഇനി വയ്യ".ഞാൻ ഫോൺ കട്ട് ചെയ്തു. പിന്നീട് അയാൾ വിളിച്ചു .ഞാൻ എടുത്തില്ല.

ഒരു ഡോക്ടറാകുമ്പോൾ ഉള്ള തിരക്കോ, ആശുപത്രിയിലെ എന്റെ അവസ്ഥയോ എത്ര പറഞ്ഞിട്ടും അയാൾക്ക് മനസ്സിലായില്ലായിരുന്നു. സ്നേഹം അമൂല്യമാണ്. പക്ഷെ വീർപ്പുമുട്ടി തുടങ്ങിയാൽ അതും വെറുത്തു പോകും. "അധികമായാൽ അമൃതവും വിഷമാണ്. " ഒരു പേഴ്‌സണൽ സ്പേസ് എല്ലാവർക്കും കൊടുക്കുക. ഭാര്യയാലും ഭർത്താവായാലും.

വിദേശത്തു ആയതു കൊണ്ട് അയാൾ നേരിൽ വന്നില്ല. മാട്രിമോണി വഴി വന്നത് കൊണ്ട് അച്ഛന്റെ നമ്പറും ഉണ്ടല്ലോ. എന്റെ അച്ഛനെ വിളിച്ചു എന്നെ കുറിച്ചു ഓരോ വൃത്തികേടുകൾ പറഞ്ഞു. അയാളുടെ ദേഷ്യം തീർത്തു. പക്ഷെ എന്റെയച്ഛൻ എന്നോടൊപ്പമായിരുന്നു. "എന്റെ മകളെ എനിക്കറിയാം. നീ വെക്കട ഫോൺ".

അങ്ങനെ ഞാൻ അയാളിൽ നിന്ന് രക്ഷപ്പെട്ട ഒരു അനുഭവം "ഉയരെ" കണ്ടപ്പോൾ ഓർമ്മ വന്നു. അത് എന്തുകൊണ്ടും നന്നായി എന്ന് ആ സിനിമ എന്നെ ഓർമിപ്പിച്ചു

"No" പറയുന്ന പെണ്കുട്ടികളെ ഉപദ്രവിക്കുന്ന പുരുഷൻന്മാർ നമുക്ക് ചുറ്റുമുണ്ട്. അവളുടെ അച്ഛനെയും,അങ്ങളെയും വിളിച്ചു അവളെ കുറിച്ചു മോശം പറയുക. അല്ലെങ്കിൽ നാട് നീളെ അവളെ കുറിച്ചു അപവാദം പറയുക. പുരുഷന് ഹരം കൊള്ളുന്ന ഒരുപാട് പ്രതികാര നടപടികളുണ്ട്. അവളെ മാനസികമായി പീഡിപ്പിക്കുകയാണ് ഭൂരിപക്ഷം ex ചെയ്യുക. ആസിഡ് ഒഴിക്കുക, കുത്തി കൊല്ലുകയൊക്കെ ലോകം അറിയുന്ന മറ്റൊരു വികൃത മുഖം. പക്ഷെ പുറത്തു പറയാതെ ഒരുപാട് സ്ത്രീകൾ നമുക്ക് ചുറ്റം "സ്നേഹം കൊണ്ടല്ലേ" എന്നു കേട്ട് ജീവിക്കുന്നുണ്ട്. രണ്ടടി കൊടുത്തിട്ട് അവൻ ആ വാചകം ഉറക്കെ പറയും. അലിയുന്ന സ്ത്രീ മനസ്സ് പലപ്പോഴും അതൊക്കെ സഹിക്കും. അവിടെയാണ് സ്ത്രീകൾ ഉണരേണ്ടത്.

"എനിക്ക് ഞാനാവണം, നീ ആഗ്രഹിക്കുന്ന ഞാനല്ല, ഞാൻ ആഗ്രഹിക്കുന്ന ഞാനാവണം" എന്ന് ഓരോ സ്ത്രീയും ചിന്തിക്കണം. എല്ലാവരും കാണേണ്ട ഒരു സിനിമയാണിത്.

ഇമോഷണൽ ബ്ലാക്ക്മയിൽ ഒരു കാരണവശാലും അംഗീകരികരുത്. വിവരവും വിദ്യാഭാസവുമുള്ള സ്ത്രീകൾ പോലും സ്നേഹം എന്നാൽ പുരുഷന്റെ തടങ്കലിലാണ് എന്ന് കരുതുന്നു. "ഞാൻ പൊക്കോട്ടെ"," ഞാൻ ആ ഡ്രസ് ഇട്ടോട്ടെ", "നാളെ ഞാൻ സാരി ഉടുത്തോട്ടെ" എന്നൊക്കെ ചോദിക്കുന്ന സ്ത്രീകൾ ആ പരിപാടി നിർത്തുക. ചോദിച്ചു തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല.

പാർവതിയും Parvathy Thiruvothu നാഷുമൊക്കെ കിരൺ ടി. വി. യിൽ ഉള്ളപ്പോൾ ഞാൻ കാണാറുണ്ടായിരുന്നു. പക്ഷെ അന്നൊന്നും പാർവതി സിനിമയിൽ നടിയാകുമെന്ന് കരുതിയില്ല. സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി ഉറക്കെ പോരാടുന്ന പാർവതി അതുപോലെ ധീരയായൊരു കഥാപാത്രമാണ് ഉയരെയിൽ ചെയ്തിരിക്കുന്നത്. പല സീനിലും കണ്ണ് നിറഞ്ഞു.

ടോവിനോ Tovino Thomas ഇങ്ങനെ സിനിമയിൽ ചിരിക്കല്ലേ. സിനിമയിൽ വിശാലിന്റെ ക്യാറക്ടർ ഇത്രയും നീതി പുലർത്തിയതിന് അഭിനന്ദനങ്ങൾ. മോഹൻലാലിനെ നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിട്ട് നടന്നിട്ടില്ല. ഇപ്പോൾ ടോവിനോ കാണണം എന്നുണ്ട്. ഓരോരോ ആഗ്രഹങ്ങളെ.

ആസിഫും, സിദ്ധിഖും നന്നായി അഭിനയിച്ചിട്ടുണ്ട്. ഒരു അച്ഛൻ എങ്ങനെയാകണമെന്ന് ഇതിൽപരം പറയാനില്ല. സംവിധായകൻ മനു സല്യൂട്ട്.

എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ്. കുറച്ചു കാര്യങ്ങൾ നാം തിരിച്ചറിയുവാനും ചില പാഠങ്ങൾ പഠിക്കുവാനും അത് ഉപകാരമാകും.

Follow Us:
Download App:
  • android
  • ios