ദുരിതത്തിൽ നിന്ന് ഡോക്ടർമാരും നഴ്സുമാരും മോചിതരല്ല. ടിഗ്രേയുടെ തലസ്ഥാനമായ മെക്കെല്ലിലെ എയ്‌ഡർ ഹോസ്പിറ്റലിലെ ഒരു ഡോക്ടർ ബിബിസിയോട് പറഞ്ഞത്, കഴിഞ്ഞ ഏഴ് മാസമായി നഴ്‌സുമാരും ഡോക്ടർമാരും ഭക്ഷണ പൊതികൾക്കായി ക്യൂ നിൽക്കുന്നത് സാധാരണമായിരിക്കുന്നു എന്നാണ്.

എത്യോപ്യ(Ethiopia)യിലെ യുദ്ധത്തിൽ തകർന്നിരിക്കുകയാണ് ടിഗ്രേ(Tigray). മേഖലയിലെ ഏറ്റവും വലിയ ആശുപത്രിയിലെ ചില നഴ്‌സുമാര്‍ക്കും ഡോക്ടർമാര്‍(Doctors)ക്കും കഴിക്കാൻ ഭക്ഷണത്തിനായി യാചിക്കേണ്ടിവരികയാണ് എന്ന് ഡോക്ടര്‍മാരില്‍ ഒരാള്‍ ബിബിസിയോട് പറഞ്ഞു.

എട്ട് മാസങ്ങളായി ഡോക്ടർമാർക്കും നഴ്സുമാർക്കുമൊന്നും ശമ്പളം കിട്ടിയിട്ടില്ല. ജീവിക്കാനും കുടുംബത്തെ നോക്കാനും അവര്‍ക്ക് മറ്റ് പല വഴികളും തേടേണ്ടി വരികയാണ്. ടിഗ്രേയിൽ കൂടുതൽ ആളുകളെ കനത്ത പട്ടിണി ബാധിച്ചതായി യുഎൻ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ. ഇവിടെ ഭക്ഷണമില്ലാതെ 2.2 മില്ല്യണ്‍ ആളുകള്‍ കഷ്ടപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും പകുതിപ്പേരും പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്നും യുഎന്നിന്‍റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. 

എത്യോപ്യൻ ഫെഡറൽ ഗവൺമെന്റ് സേന 2020 നവംബർ മുതൽ വടക്കൻ ടിഗ്രേ മേഖലയിൽ നിന്നുള്ള വിമതരുമായി പോരാടുകയാണ്. ആയിരക്കണക്കിന് ആളുകള്‍ ഇതോടകം കൊല്ലപ്പെട്ടിട്ടുണ്ട്. വളരെക്കാലമായി ടിഗ്രേയുടെ ഭൂരിഭാഗവും പുറംലോകത്ത് നിന്നും വിച്ഛേദിക്കപ്പെട്ടു കിടക്കുകയാണ്. സുപ്രധാന സഹായങ്ങളും വൈദ്യസഹായങ്ങളും എത്തിക്കുന്നത് ഇത് ബുദ്ധിമുട്ടാക്കി. ബാങ്കുകളടക്കം അടച്ചുപൂട്ടിയിരിക്കയാണ്. 

ദുരിതത്തിൽ നിന്ന് ഡോക്ടർമാരും നഴ്സുമാരും മോചിതരല്ല. ടിഗ്രേയുടെ തലസ്ഥാനമായ മെക്കെല്ലിലെ എയ്‌ഡർ ഹോസ്പിറ്റലിലെ ഒരു ഡോക്ടർ ബിബിസിയോട് പറഞ്ഞത്, കഴിഞ്ഞ ഏഴ് മാസമായി നഴ്‌സുമാരും ഡോക്ടർമാരും ഭക്ഷണ പൊതികൾക്കായി ക്യൂ നിൽക്കുന്നത് സാധാരണമായിരിക്കുന്നു എന്നാണ്. കഴിഞ്ഞ മെയ് മാസം മുതല്‍ അവര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. 

"മിക്കവരും പ്രതിദിനം കഴിക്കുന്ന ഭക്ഷണത്തിന്റെ എണ്ണം വെട്ടിക്കുറച്ചിരിക്കുന്നു. ഭക്ഷ്യ എണ്ണ, പച്ചക്കറികൾ, ധാന്യങ്ങൾ ഇവയ്ക്കൊക്കെ വില വളരെ ഉയർന്നു. അത് വാങ്ങുന്നത് ചിന്തിക്കാൻ പോലും കഴിയില്ല. ചിലർ ഭക്ഷണത്തിനായി യാചിക്കാൻ തുടങ്ങി" ഡോക്ടർ പറഞ്ഞു. 

മെഡിക്കല്‍ ഉപകരണങ്ങള്‍ മിക്കവാറും കിട്ടാനില്ല. ഈ മാസം ആദ്യം മൂന്ന് മാസം പ്രായമുള്ള സുരഫീൽ മെറിഗ് മരിച്ചതിനെ കുറിച്ചും ഡോക്ടർ പറഞ്ഞു. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പറഞ്ഞയച്ചെങ്കിലും പിന്നീട് വീട്ടിൽ ആവശ്യത്തിന് ഭക്ഷണമില്ലാതിരുന്നതിനാൽ ജനുവരി 13 -ന് അവന്‍ മരിച്ചു. യുദ്ധം തുടങ്ങിയ കാലം മുതല്‍ ഇവിടെ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍, ഇവിടെ നിന്നും കൂടുതല്‍ വിവരങ്ങളൊന്നും അറിയുവാനും സാധിക്കുന്നില്ല. 

ഈ ആഴ്‌ച ചെറിയ ആശ്വാസം ഉണ്ടായേക്കാം, കഴിഞ്ഞ സെപ്‌റ്റംബറിന് ശേഷം ആദ്യമായി മെക്കെല്ലിലേക്ക് മെഡിക്കൽ സഹായം എത്തിക്കാൻ റെഡ്‌ക്രോസിന്റെ ഇന്റർനാഷണൽ കമ്മിറ്റിക്ക് കഴിഞ്ഞു. ഡിസംബർ പകുതി മുതൽ യുഎൻ ഭക്ഷണ വാഹനങ്ങളൊന്നും ടിഗ്രേയിൽ എത്തിയിട്ടില്ല. പക്ഷേ, പട്ടിണി തടയാൻ പ്രതിദിനം 100 ലോറികൾ ആവശ്യമാണെന്ന് WFP പറയുന്നു. അടുത്ത ആറ് മാസത്തേക്ക് വടക്കൻ എത്യോപ്യയിലെ പ്രവർത്തനത്തിന് 337 മില്യൺ ഡോളർ (252 മില്യൺ പൗണ്ട്) യുഎൻ ആവശ്യപ്പെടുന്നു. 

പ്രദേശത്തെ പ്രാദേശിക ശക്തികൾക്കെതിരെ സൈനിക ആക്രമണത്തിന് പ്രധാനമന്ത്രി അബി അഹമ്മദ് ഉത്തരവിട്ടതിനെത്തുടർന്ന് 2020 -ൽ ടിഗ്രേ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സർക്കാർ സൈനികർ താമസിക്കുന്ന സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് താൻ അങ്ങനെ ചെയ്തതെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.