ഉറങ്ങുമ്പോഴും നായ്ക്കൾക്ക് നാം പറയുന്നത് കേൾക്കാം; പഠനം
പഠനത്തിനായി ഉപയോഗിച്ച ശബ്ദങ്ങളിൽ മറ്റ് നായ്ക്കളും മനുഷ്യരും പുറപ്പെടുവിക്കുന്ന ശബ്ദങ്ങളായ കരച്ചിൽ, മുറുമുറുപ്പ് എന്നിവയും ചുമ, ചിരി, നെടുവീർപ്പുകൾ, അലറൽ എന്നിവയും ഉൾപ്പെടുന്നു.

പൂച്ചകൾക്കും നായ്ക്കൾക്കും മണിക്കൂറുകളോളം ഉറങ്ങാൻ കഴിയും. ഉറങ്ങുന്ന സമയത്താണ് അവയുടെ ശാരീരികമായ ക്ഷീണങ്ങൾ മാറുന്നത് എന്ന് മാത്രമല്ല. ഉറക്കത്തിനു മുൻപ് വരെ കണ്ടതും കേട്ടതുമായ മുഴുവൻ വിവരങ്ങളും തലച്ചോറിൽ ക്രമീകരിക്കാനും ഉറക്കം സഹായിക്കുന്നു.
അപ്പോൾ നിങ്ങൾ വിചാരിക്കും അവയുടെ ഉറക്കം ആഴത്തിലുള്ളതാണെന്ന്. എന്നാൽ, അത് അങ്ങനെയല്ല എന്നാണ് ഒരു പുതിയ പഠനം തെളിയിക്കുന്നത്. എത്ര ഉറക്കത്തിലായാലും അവയ്ക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ കേൾക്കാൻ സാധിക്കുമത്രേ. ഹംഗറിയിലെ ഗവേഷകർ 13 വളർത്തു നായ്ക്കളെ ഉൾപ്പെടുത്തിക്കൊണ്ടു നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.
നായ്ക്കൾക്ക് ഉറങ്ങുമ്പോഴും തനിക്ക് ചുറ്റിനും കേൾക്കുന്ന ശബ്ദങ്ങളെ തിരിച്ചറിയാൻ സാധിക്കും എന്നും കേൾക്കുന്ന ശബ്ദം മറ്റൊരു നായയുടേതാണോ മനുഷ്യന്റേതാണോ എന്ന് മനസ്സിലാക്കുന്നതിനും അതിനോട് പ്രതികരിക്കുന്നതിനും കഴിയുമെന്നും ആണ് പഠനത്തിൽ പറയുന്നത്. ഉറങ്ങുമ്പോഴുള്ള നായ്ക്കളുടെ മസ്തിഷ്ക വൈദ്യുത പ്രവർത്തനം രേഖപ്പെടുത്തിയാണ് ശാസ്ത്രജ്ഞർ പഠനം നടത്തിയത്.
പഠനത്തിനായി ഉപയോഗിച്ച ശബ്ദങ്ങളിൽ മറ്റ് നായ്ക്കളും മനുഷ്യരും പുറപ്പെടുവിക്കുന്ന ശബ്ദങ്ങളായ കരച്ചിൽ, മുറുമുറുപ്പ് എന്നിവയും ചുമ, ചിരി, നെടുവീർപ്പുകൾ, അലറൽ എന്നിവയും ഉൾപ്പെടുന്നു. ഈ പരീക്ഷണങ്ങൾ വെളിപ്പെടുത്തുന്നത് നായ്ക്കൾക്ക് ഉറക്കത്തിൽ കേൾക്കുന്ന ശബ്ദം മറ്റൊരു നായയിൽ നിന്നാണോ അതോ മനുഷ്യനിൽ നിന്നാണോ എന്ന് നിർണ്ണയിക്കാൻ കഴിയും എന്നാണ്. ഗാഢനിദ്രയുടെ ഘട്ടങ്ങളിൽ പോലും അവയുടെ ചുറ്റുപാടുകളെ കുറിച്ച് ജാഗരൂകരായിരിക്കുവാൻ ഈ ശേഷിയാണ് അവരെ സഹായിക്കുന്നത്.
പ്രൈമേറ്റുകളും എലികളും ഉൾപ്പെടെ മറ്റ് മൃഗങ്ങൾക്കും ഇത് ചെയ്യാൻ കഴിയും. എന്നാൽ ഇത് ആദ്യമായാണ് നായ്ക്കൾ ഉറങ്ങുമ്പോൾ പരിസ്ഥിതിയോട് ഇത്രയും സംവേദന ക്ഷമത കാണിക്കുന്നുണ്ട് എന്ന വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് പുറത്തു വരുന്നത്.