സ്ഫോടകവസ്തുക്കൾ കണ്ടെത്തി നീക്കം ചെയ്യാൻ സഹായിച്ചു എന്നതിലുപരി സുരക്ഷയുടെ പ്രാഥമികപാഠങ്ങളെ കുറിച്ച് നമ്മുടെ കുട്ടികളെ പഠിപ്പിക്കാൻ അവന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞു എന്നും സെലെൻസ്കി പറഞ്ഞു. 

റഷ്യ യുക്രൈനിലേക്ക് അധിനിവേശം നടത്തിയപ്പോൾ പ്രതിരോധപ്രവർത്തനങ്ങളിൽ കൂടെ നിന്ന നായയ്ക്ക് ആദരവ്. 200 -ലധികം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ നായയാണ് പാട്രോൺ. ഈ മൈൻ സ്നിഫിങ് ഡോ​ഗിനെ ഇപ്പോൾ ഉക്രേനിയൻ പ്രസിഡണ്ട് (Ukrainian President) സെലൻസ്കി (Volodymyr Zelenskyy) 'മെഡൽ ഓഫ് ഓണർ' (medal of honour) നൽകി ആദരിച്ചിരിക്കുകയാണ്. ഇതിലൂടെ പാട്രോണി(Patron)നെ ദേശസ്‌നേഹത്തിന്റെ പ്രതീകമായി ഔദ്യോ​ഗികമായി അംഗീകരിച്ചിരിക്കുന്നു. 

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്കൊപ്പം കീവിൽ ഒരു വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് സെലെൻസ്‌കി പാട്രോണിന്റെ ധീരതയെ ആദരിക്കുകയും ചെയ്തു. വാലാട്ടിയും കുരച്ചുമാണ് അവൻ പ്രസിഡണ്ടിന്റെ അടുത്തെത്തിയത്. അത് കണ്ടിരുന്നവരിൽ ചിരി പടർത്തി. ജാക്ക് റസ്സൽ ടെറിയർ ഇനത്തിൽ പെട്ട നായയാണ് പാട്രോൺ. 

Scroll to load tweet…

സെലെൻസ്‌കി ഒരു പ്രസ്താവനയിൽ പറഞ്ഞത് യുക്രൈൻ മണ്ണിൽ നിന്നും സ്ഫോടകവസ്തുക്കൾ നീക്കം ചെയ്‍ത ധീരന്മാരെ അം​ഗീകരിക്കാൻ താനാ​ഗ്രഹിക്കുന്നു എന്നാണ്. അക്കൂട്ടത്തിൽ പാട്രോണിനെയും ആദരിക്കാൻ താനാ​ഗ്രഹിക്കുന്നു. സ്ഫോടകവസ്തുക്കൾ കണ്ടെത്തി നീക്കം ചെയ്യാൻ സഹായിച്ചു എന്നതിലുപരി സുരക്ഷയുടെ പ്രാഥമികപാഠങ്ങളെ കുറിച്ച് നമ്മുടെ കുട്ടികളെ പഠിപ്പിക്കാൻ അവന്റെ പ്രവർത്തനത്തിലൂടെ കഴിഞ്ഞു എന്നും സെലെൻസ്കി പറഞ്ഞു. 

സിവിൽ പ്രൊട്ടക്ഷൻ സർവീസിലെ പ്രധാനിയായ മൈഹൈലോ ഇലീവ് ആണ് പാട്രോണിന്റെ ഹാൻഡ്ലർ. അദ്ദേഹത്തിനും അവാർഡ് നൽകി ആദരിച്ചു. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി, തന്റെ ഗന്ധം പിടിച്ചെടുക്കാനുള്ള കഴിവ് ഉപയോഗിച്ച് പൊട്ടാതെ കിടക്കുന്ന ബോംബുകളും കുഴിബോംബുകളും കണ്ടെത്തുന്നതിൽ പാട്രോൺ വിദഗ്‌ദ്ധനായി. അവൻ അവ കണ്ടെത്തുകയും ഹാൻഡ്ലർമാർ അവ നിർവീര്യമാക്കുകയും ചെയ്യുന്നു. റഷ്യൻ അധിനിവേശ വേളയിൽ ഉക്രെയ്‌നിന്റെ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി മാറിയിരിക്കയാണ് ഇപ്പോൾ പാട്രോണും.