നായ ഭക്ഷണം കഴിക്കുന്നില്ല, വയറ്റിലെ കാഴ്ച കണ്ട് ഡോക്ടർമാരടക്കം ഞെട്ടി, ഒടുവിൽ ശസ്ത്രക്രിയ
ശസ്ത്രക്രിയയ്ക്ക് ശേഷം തങ്ങളുടെ ക്ലിനിക്കിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു കേസ് വരുന്നതെന്ന് ഡോ. കാറ്റി ഡ്വാൻ അഭിപ്രായപ്പെട്ടു.

ഉടമയുടെ സോക്സ് വിഴുങ്ങിയ നായക്കുട്ടിയെ അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. മോളി എന്ന 10 മാസം പ്രായമുള്ള നായ്ക്കുട്ടിയെ ആണ് ശസ്ത്രക്രിയ നടത്തി രക്ഷപ്പെടുത്തിയത്. ഡബ്ലിൻ സ്വദേശിയായ കെറിലീ ഹെംപെൻസ്റ്റാളിന്റേതാണ് നായക്കുട്ടി.
പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ മോളി പെട്ടെന്ന് ഒരു ദിവസം ഭക്ഷണം കഴിക്കാതെയാവുകയും ക്ഷീണിതയാവുകയും ചെയ്തതിനെ തുടർന്നാണ് കെറിലീ അവളെ വെറ്ററിനറി ഹോസ്പിറ്റലിൽ എത്തിച്ചത്. തുടർന്ന് ഡോക്ടർമാർ നടത്തിയ വിദഗ്ധ പരിശോധനയിലാണ് മോളിയുടെ വയറിനുള്ളിൽ അസാധാരണമായ ഒരുകെട്ട് സാധനം കിടക്കുന്നത് കണ്ടെത്തിയത്. ഉടൻതന്നെ നായക്കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും വയറിനുള്ളിൽ കണ്ടെത്തിയ വസ്തു പുറത്തെടുക്കുകയും ചെയ്തു.
എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കെട്ടുപിണഞ്ഞ നിലയിൽ മൂന്ന് സോക്സുകൾ ആയിരുന്നു മോളിയുടെ വയറിനുള്ളിൽ നിന്നും കണ്ടെത്തിയത്. പലപ്പോഴും തൻറെ സോക്സുകൾ കാണാതെ പോകുന്നത് കെറിലീ ശ്രദ്ധിച്ചിരുന്നെങ്കിലും കള്ളൻ തന്റെ പ്രിയപ്പെട്ട നായക്കുട്ടി ആയിരിക്കുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല.
പ്രിംറോസ് ഹിൽ വെറ്ററിനറി ഹോസ്പിറ്റൽ മൃഗഡോക്ടർ കാറ്റി ഡ്വാന്റെ നേതൃത്വത്തിലാണ് ഈ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം തങ്ങളുടെ ക്ലിനിക്കിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു കേസ് വരുന്നതെന്ന് കാറ്റി ഡ്വാൻ അഭിപ്രായപ്പെട്ടു. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടുദിവസം പ്രത്യേക പരിചരണ വിഭാഗത്തിൽ മോളിയെ കിടത്തി വൈദ്യസഹായം ലഭ്യമാക്കിയതിനുശേഷം ആണ് ഉടമയ്ക്കൊപ്പം വിട്ടയച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പൂർണ്ണ ആരോഗ്യവതിയാണ് മോളി എന്ന് കെറിലീ മാധ്യമങ്ങളോട് സംസാരിക്കവേ അറിയിച്ചു.
സമാനമായ മറ്റൊരു സംഭവത്തിൽ ഒരു നായ 11 റബർ താറാവുകളെ വിഴുങ്ങിയത് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വളർത്തു മൃഗങ്ങൾക്ക് മുൻപിൽ ഇത്തരത്തിലുള്ള സാധനങ്ങൾ വയ്ക്കുന്നത് സൂക്ഷിച്ചുവേണമെന്നാണ് വെറ്ററിനറി ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്.
വായിക്കാം: യുദ്ധത്തിന്റെ അവശിഷ്ടങ്ങൾ തേടിപ്പോയി, കണ്ടത് കുഴിച്ചിട്ട നിലയിൽ നിധിശേഖരം!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: