യുദ്ധത്തിന്റെ അവശിഷ്ടങ്ങൾ തേടിപ്പോയി, കണ്ടത് കുഴിച്ചിട്ട നിലയിൽ നിധിശേഖരം!
അവിടെയെത്തിയപ്പോൾ, അവർ കണ്ടത് ഒരു മെറ്റൽ ക്യാനായിരുന്നു. അത് ആറ് മുതൽ എട്ട് ഇഞ്ച് വരെ താഴെ കുഴിച്ചിട്ട നിലയിലായിരുന്നു. അവർ പെട്ടെന്ന് തന്നെ ആ ക്യാൻ തകർത്തു.

പോളണ്ടിൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവശിഷ്ടങ്ങളും തേടിപ്പോയ മൂന്നുപേരെ കാത്തിരുന്നത് പ്രതീക്ഷിക്കാത്ത നിധി. യുദ്ധത്തിന്റെ അവശിഷ്ടങ്ങളായ കുറച്ച് ബട്ടണുകൾ, കുറച്ച് നാണയങ്ങൾ, ഉപേക്ഷിക്കപ്പെട്ട കുറച്ചെന്തെങ്കിലും വസ്തുക്കൾ എന്നിവയൊക്കെ കിട്ടും എന്ന് കരുതിയാണ് ലൂക്കാസ് ഇസ്‌റ്റെൽസ്‌കിയും രണ്ട് കൂട്ടാളികളും ചേർന്ന് മെറ്റൽ ഡിറ്റക്ടറുകളുമായി യുദ്ധത്തിൽ തകർന്ന പ്രദേശത്തേക്ക് പോയത്. എന്നാൽ, അവിടെ അവരെ കാത്തിരുന്നത് മറ്റൊരു കാഴ്ചയായിരുന്നു.
ജർമ്മനിയുടെ അതിർത്തിയോട് ചേർന്ന് വടക്കുപടിഞ്ഞാറൻ പോളണ്ടിലാണ് Szczecin എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്, വാർസോയിൽ നിന്ന് ഏകദേശം 350 മൈൽ വടക്ക് പടിഞ്ഞാറാണ് ഇത്. ഇവിടെയായിരുന്നു സ്‌സെസിൻ എക്‌സ്‌പ്ലോറേഷൻ ഗ്രൂപ്പ് അസോസിയേഷനിൽ നിന്നുള്ള ലൂക്കാസും കൂട്ടരും യുദ്ധാവശിഷ്ടങ്ങളും തിരഞ്ഞ് പോയത്. എന്നാൽ, തിരച്ചിലിനിടെ തന്റെ കൂട്ടാളികളിലൊരാൾ താനൊരു കൂട്ടം കണ്ടുപിടിച്ചു എന്ന് ഒച്ചയിടുകയായിരുന്നു എന്ന് ലൂക്കാസ് പോളിഷ് പ്രസ് ഏജൻസിയോട് പറഞ്ഞു.
അവിടെയെത്തിയപ്പോൾ, അവർ കണ്ടത് ഒരു മെറ്റൽ ക്യാനായിരുന്നു. അത് ആറ് മുതൽ എട്ട് ഇഞ്ച് വരെ താഴെ കുഴിച്ചിട്ട നിലയിലായിരുന്നു. അവർ പെട്ടെന്ന് തന്നെ ആ ക്യാൻ തകർത്തു. അതിന്റെ അകത്ത് പരിശോധിച്ചപ്പോൾ അതിൽ നിന്നും പുറത്ത് വീണത് ഡസൻ കണക്കിന് സ്വർണ്ണ നാണയങ്ങളാണ്. ഒരു മരത്തിന്റെ ചുവട്ടിൽ ഒരു ദ്വാരത്തിനടുത്തായി സ്വർണ്ണ നാണയങ്ങൾ വച്ചിരിക്കുന്ന ചിത്രങ്ങൾ അസോസിയേഷൻ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചു. നല്ല തിളക്കമുള്ള നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു നാണയങ്ങൾ.
70 സ്വർണനാണയങ്ങളാണ് കിട്ടിയത്. അസോസിയേഷനിത് സന്തോഷത്തിന്റെ നിമിഷമാണ്. ഇത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും എന്നുമാണ് അസോസിയേഷൻ പറഞ്ഞത്. അസോസിയേഷൻ പങ്കുവച്ച പോസ്റ്റിന് പ്രതികരണങ്ങളുമായി അനേകം പേരെത്തി.
വായിക്കാം: അഗ്നിബാധ നേരത്തെ അറിയാൻ 12 -കാരിയുടെ കണ്ടുപിടുത്തം, 20 ലക്ഷം രൂപ സമ്മാനവും...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: