മാനസികമായി കടുത്ത തളർച്ച അനുഭവപ്പെടുമ്പോൾ മനസ്സിനും ശരീരത്തിനും പൂർണ്ണ വിശ്രമം നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ തന്യ പറയുന്നത്.
ജോലിക്കിടയിൽ ഒരു ദിവസത്തെ അവധി കിട്ടിയാൽ അന്ന് ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ടാകും. ഇനിയഥവാ വെറുതെയിരുന്നാലോ ഒന്നും ചെയ്തില്ലല്ലോ എന്ന കുറ്റബോധവും തോന്നും. അതിനാൽ തന്നെ വീട്ടിലെ ജോലികൾ തീർക്കുക, കൂട്ടുകാരെ കാണുക, അല്ലെങ്കിൽ എവിടെയെങ്കിലും യാത്ര പോകുക തുടങ്ങി അവധി ദിവസത്തിലെ ഓരോ മണിക്കൂറും കൃത്യമായി പ്ലാൻ ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ, ഒരു ദിവസം മുഴുവൻ കിടക്കയിൽ കിടന്ന് ഒന്നും ചെയ്യാതിരിക്കുന്നത് സമയം കളയലല്ലെന്ന് പറയുകയാണ് ബെംഗളൂരു സ്വദേശിയായ തന്യ അറോറ.
മാനസികമായി കടുത്ത തളർച്ച അനുഭവപ്പെടുമ്പോൾ മനസ്സിനും ശരീരത്തിനും പൂർണ്ണ വിശ്രമം നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ തന്യ പറയുന്നത്. എന്തെങ്കിലും ചെയ്യാനോ പ്ലാനുകളോ ഒന്നുമില്ലെങ്കിൽ അവധി ദിവസം പാഴായിപ്പോയി എന്ന ചിന്താഗതി തിരുത്തേണ്ടതുണ്ടെന്ന് തന്യ വീഡിയോയിൽ പറയുന്നു.
'അവധിയെടുത്ത്, കിടക്കയിൽ കിടന്ന് ഒന്നും ചെയ്യാതിരിക്കുന്നത് സമയം പാഴാക്കലാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ആ ചിന്ത മാറ്റിവെക്കേണ്ടതുണ്ട്. മാനസികമായി വലിയ തളർച്ച തോന്നുന്നുവെങ്കിൽ, വെറുതെ സീലിംഗിലേക്ക് നോക്കി കിടക്കാനും ഒന്നും ചെയ്യാതിരിക്കാനും വേണ്ടി മാത്രം നിങ്ങൾ ഒരു ദിവസം അവധിയെടുക്കണം. അടുത്ത ദിവസം ഓഫീസിൽ എത്തുമ്പോൾ അവധിക്ക് എന്തുചെയ്തു എന്ന് ആരെങ്കിലും ചോദിച്ചാൽ, അവരുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി ഒന്നും ചെയ്തില്ല എന്ന് പറയണം' എന്നും തന്യ അറോറ പറയുന്നു.
പലപ്പോഴും ഉറങ്ങുന്നതും, കിടക്കയിൽ തന്നെ വിശ്രമിക്കുന്നതും, ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറിനിൽക്കുന്നതും മാനസികവും ശാരീരികവുമായ തളർച്ചയിൽ നിന്ന് കരകയറാൻ സഹായിക്കും. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അനുകൂല പ്രതികരണങ്ങളുമായി എത്തുന്നത്. 'തീർച്ചയായും യോജിക്കുന്നു. ചിലപ്പോൾ നമുക്ക് ആവശ്യമുള്ളത് ഉറങ്ങാൻ വേണ്ടി മാത്രമുള്ള ഒരു അവധിയാണ്' എന്നായിരുന്നു ഒരു കമന്റ്. 'ഇത് വളരെ സത്യമാണ്. നഷ്ടപ്പെട്ട ഉറക്കം വീണ്ടെടുക്കാൻ ചെലവഴിക്കുന്ന ഒരു അവധി ദിവസത്തോളം മികച്ചതായി മറ്റൊന്നുമില്ല' എന്നായിരുന്നു മറ്റൊരു കമന്റ്.
