'യുകെയിൽ മാസ്റ്റേഴ്‌സിന് വരുന്നതിനെക്കുറിച്ച് ധാരാളം ആളുകൾ എനിക്ക് മെസ്സേജ് അയയ്ക്കുന്നുണ്ട്, വരരുതെന്ന് ഞാൻ പറയും, എന്റെ ബാച്ചിലെ 90% പേർക്കും ജോലിയില്ലാത്തതിനാൽ തിരിച്ചുപോകേണ്ടിവന്നു.'

മലയാളികളിൽ ഭൂരിഭാഗവും മികച്ച തൊഴിലവസരവും ജീവിതസാഹചര്യങ്ങളും തേടി കുടിയേറുന്ന വിദേശരാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിലുള്ള രാജ്യമാണ് യുണൈറ്റഡ് കിംഗ്ഡം. എന്നാൽ, യുകെയിലെ സാഹചര്യങ്ങൾ മാറിയെന്നും ദയവുചെയ്ത് ആരും ഇനിയും യുകെയിലേക്ക് വരരുതെന്നും അഭ്യർത്ഥിക്കുകയാണ് ഇന്ത്യക്കാരിയായ ഒരു യുവതി. 

യുകെയിലെത്തിയ തൻ്റെ 90 ശതമാനം സുഹൃത്തുക്കളും ജോലി കിട്ടാതെ ബുദ്ധിമുട്ടുകയും നാട്ടിലേക്ക് മടങ്ങി പോവുകയും ആണെന്നാണ് ഇവർ പറയുന്നത്. ഇപ്പോൾ ലണ്ടൻ ആസ്ഥാനമായി താമസിക്കുന്ന ജാൻവി ജെയ്ൻ എന്ന ഈ ഇന്ത്യൻ വനിത യുകെയിൽ മാർക്കറ്റിംഗ് പ്രൊഫഷണലാണ്. രാജ്യത്ത് ജോലി നേടാൻ കഴിഞ്ഞ ചുരുക്കം ചില ഭാഗ്യശാലികളിൽ ഒരാളായാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്. യുകെയിലെത്തിയാൽ ബിരുദാനന്തര ബിരുദത്തിനു ശേഷം ജോലി കിട്ടാൻ ബുദ്ധിമുട്ടായിരിക്കും എന്നാണ് ഇവർ പറയുന്നത്.

മെയ് 11 -ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കിട്ട ഒരു പോസ്റ്റിൽ, യുകെയിൽ തൊഴിൽ ഉറപ്പാക്കാൻ കഴിയാത്തതിനെത്തുടർന്ന് തന്റെ ബാച്ചിലെ 90% പേരും ജോലിയില്ലാതെ നാട്ടിലേക്ക് മടങ്ങിയതായി അവർ വെളിപ്പെടുത്തി. യുകെ തൊഴിൽ വിപണിയിലെ വെല്ലുവിളികളെക്കുറിച്ചും രാജ്യത്തിൻറെ കുടിയേറ്റ നിയന്ത്രണ നയങ്ങളെക്കുറിച്ചും സൂചന നൽകുന്നതാണ് ജാൻവിയുടെ പോസ്റ്റ്.

Scroll to load tweet…

പോസ്റ്റ് ഇങ്ങനെയാണ്; "യുകെയിൽ മാസ്റ്റേഴ്‌സിന് വരുന്നതിനെക്കുറിച്ച് ധാരാളം ആളുകൾ എനിക്ക് മെസ്സേജ് അയയ്ക്കുന്നുണ്ട്, വരരുതെന്ന് ഞാൻ പറയും, എന്റെ ബാച്ചിലെ 90% പേർക്കും ജോലിയില്ലാത്തതിനാൽ തിരിച്ചുപോകേണ്ടിവന്നു, നിങ്ങളുടെ കയ്യിൽ പണമില്ലെങ്കിൽ, ഇത് പരിഗണിക്കരുത്." 

പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇത് സജീവ ചർച്ചകൾക്ക് വഴിയൊരുക്കി. നിരവധി പേരാണ് തങ്ങളുടെ ആശങ്കകൾ പങ്കുവെച്ചത്. ഏറ്റവും കൂടുതൽ ആളുകൾ തൊഴിൽ നേടിയിരുന്ന മെഡിസിൻ, ഫിനാൻഷ്യൽ മേഖലകളിലും ഇപ്പോൾ പ്രതിസന്ധി രൂക്ഷമാണെന്നാണ് കമൻറ് സെക്ഷനിലെ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് ജാൻവി കുറിച്ചത്. അപകട സാധ്യതകൾ മുൻകൂട്ടി പറഞ്ഞതിന് നിരവധി പേർ ജാൻവിക്ക് നന്ദി പറയുകയും ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം