രിക്കൽ പ്രളയം വന്ന്, അതിന്റെ കെടുതികൾ അനുഭവിച്ചവർ ആരും, രണ്ടാമതൊരു വട്ടം കൂടി അതിനുള്ള സാധ്യത ബാക്കി നിർത്താൻ ആഗ്രഹിക്കില്ല. അതിനെ തടയാൻ സാധ്യമായത് എന്തും അവർ ചെയ്തെന്നിരിക്കും. ജീവിതത്തിന്റെ സുരക്ഷിതത്വം നമ്മുടെ പ്രാഥമികമായ ആവശ്യങ്ങളിലൊന്നാണ്. സുരക്ഷിതത്വം പൂർണ്ണമായും ഉറപ്പുവരുത്താൻ കഴിഞ്ഞില്ലെങ്കിൽ, ഒരു സുരക്ഷിതത്വ ബോധമെങ്കിലും ഉള്ളിൽ ഊട്ടിയുറപ്പിക്കാൻ വേണ്ടി എന്തിനും മനുഷ്യർ തയ്യാറായെന്നിരിക്കും. 

പ്രളയം മാത്രമല്ല ജനങ്ങളുടെ മനസ്സിൽ ലോകാവസാനഭീതി നിറയ്ക്കുന്നത്. നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകളില്‍ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം ഒരു ആണവ-രാസായുധ-യുദ്ധമോ, ആഭ്യന്തര കലാപമോ, അഗ്നിപർവത സ്ഫോടനമോ, ഭൂചലനമോ ഒക്കെ സാമാന്യജീവിതത്തിന് ഭംഗം വരുത്താം. ഈ തോന്നൽ മനുഷ്യനെ അലട്ടുക സ്വാഭാവികമാണ്. നമ്മുടെ പക്കലുള്ള സമ്പത്ത് വർധിക്കും തോറും ഇത്തരത്തിലുള്ള ആകുലതകളും വർധിച്ചുകൊണ്ടിരിക്കും. അത്തരത്തിൽ ഒരു സർവനാശഭീതി നാൾ ചെല്ലും തോറും ഏറിയേറി വരികയാണ് അമേരിക്കയിലെ പൗരന്മാരുടെ, വിശേഷിച്ചും അവരിൽ ധനികരായവരുടെ മനസ്സുകളിൽ. തങ്ങളുടെ ഭാവിജീവിതം സുരക്ഷിതമാണ് എന്നുറപ്പിക്കാൻ ഇപ്പോൾ അവർ ചെയ്തുകൊണ്ടിരിക്കുന്ന പലതും സാധാരണക്കാർക്ക് ഏറെ വിചിത്രമായി തോന്നി എന്ന് വരാം. അത്തരത്തിൽ ലോകം അവസാനിക്കാൻ പോകുന്നു, പ്രളയമോ മറ്റു ദുരന്തങ്ങളോ കാരണം ജീവിതത്തിന്റെ താളം തെറ്റാൻ പോകുന്നു എന്നൊരു ഭീതി തോന്നുമ്പോൾ മനുഷ്യർ ചെയ്തു പോകുന്ന അത്തരത്തിൽ ചില കാര്യങ്ങളെപറ്റിയാണ് ഇനി... 

സ്റ്റീവ് ഹഫ്‌മാൻ എന്ന മുപ്പത്തേഴുകാരൻ 600 മില്യൺ ഡോളർ ആസ്തിയുള്ള റെഡിറ്റ് എന്ന പ്രസിദ്ധമായ അമേരിക്കൻ സൈറ്റിന്റെ സഹസ്ഥാപകരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ കണ്ണുകൾക്ക് ദീർഘദൃഷ്ടി അഥവാ ലോങ്ങ് സൈറ്റ് എന്ന ഒരു പ്രശ്നമുണ്ടായിരുന്നു. 2015 -ൽ അദ്ദേഹം ലേസർ ശസ്ത്രക്രിയ നടത്തി അതിൽ നിന്നും വിമുക്തി നേടി. അത്തരത്തിലൊരു സർജ്ജറി നടത്തിയതിന് അദ്ദേഹം അങ്ങനെ അധികം ആരോടും തന്നെ വെളിപ്പെടുത്താത്ത ഒരു കാരണമുണ്ട്. കണ്ണടയില്ലാതെ സ്റ്റീവിന് ഒരടി പോലും വെക്കാൻ പറ്റില്ല. "ലോകം അവസാനിച്ചാൽ, പിന്നെ എനിക്ക് എന്റെ കണ്ണട മാറ്റാൻ പറ്റില്ല... കണ്ണടയില്ലാതെ ജീവിക്കുക എനിക്ക് ഏറെ ദുഷ്കരണമാണ്. അതുകൊണ്ട് ഞാനതിന് എന്നേക്കുമായുള്ള ഒരു പരിഹാരം കണ്ടു... അധികം താമസിയാതെ  ഈ സാൻ ആൻഡ്രിയാസിൽ ഒരു ഭൂചലനം, അല്ലെങ്കിൽ ഒരു മഹാമാരി, അതുമല്ലെങ്കിൽ ഒരു അണുബോംബ്... ഈ ലോകത്തിന് പൊളിഞ്ഞടുങ്ങാൻ ഇഷ്ടം പോലെ സാദ്ധ്യതകൾ ഞാൻ കാണുന്നുണ്ട്. നമ്മുടെ ഗവണ്മെന്റുകളും, ഇക്കണ്ട കോട്ടകൊത്തളങ്ങളും ഒക്കെ എന്നുവേണമെങ്കിലും തകർന്നടിയാം. എനിക്ക് രണ്ടു മോട്ടോർസൈക്കിളുകളുണ്ട്. കുറേ തോക്കുകളും അതിനുവേണ്ട തിരകളുമുണ്ട്. പിന്നെ വേണ്ടത് ഭക്ഷണം. അതും ഞാൻ റെഡിയാക്കുന്നുണ്ട്. എന്റെ വീട്ടിൽ, ഇതൊക്കെ ഉണ്ടെങ്കിൽ കുറേക്കാലത്തേക്ക് എനിക്ക് പിടിച്ചു നിൽക്കാം..." അദ്ദേഹം പറഞ്ഞു.

പണ്ടുതൊട്ടേ, മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവചനങ്ങളിലൂടെ, അന്ത്യനാളിനെപ്പറ്റിയുളള ഈ ഭയം, മനുഷ്യമനസ്സുകളിൽ ആകുലതകളുടെ വിത്തുകൾ പാകിയിരുന്നു. ഇന്നത്, സിലിക്കൺ വാലിയിലെയും ന്യൂയോർക്ക് നഗരത്തിലെയും കോടീശ്വരന്മാരെ വരെ ബാധിച്ചിരിക്കുന്ന ഒന്നാണ്. അവരിൽ ഹെഡ്ജ് ഫണ്ട് മാനേജർമാരുണ്ട്, കമ്പനി സിഇഒമാരുണ്ട്, സെലിബ്രിറ്റി സിനിമാ സ്പോർട്സ് താരങ്ങൾ വരെയുണ്ട്. കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ കാലത്തുണ്ടായ ഇത്തരത്തിലൊരു ഭീതിയിൽ, സാൻഫ്രാൻസിസ്‌കോയിലെ ഫേസ്ബുക്കിന്റെ മുൻ പ്രോഡക്റ്റ് ലൈൻ മാനേജരായ അന്റോണിയോ ഗാർഷ്യ മാർട്ടിനെസ് എന്ന നാല്പതുകാരൻ, വടക്കുപടിഞ്ഞാറൻ ശാന്തസമുദ്രത്തിനു നടുവിൽ സ്ഥിതിചെയ്യുന്ന അഞ്ചേക്കറോളം വിസ്തൃതിയിൽ സസ്യജാലങ്ങളാൽ  സമ്പന്നമായ ഒരു ദ്വീപുതന്നെ സ്വന്തമാക്കി. എന്നിട്ടദ്ദേഹം അവിടേക്ക് നിരവധി ജനറേറ്ററുകളും സൗരോർജ്ജ പാനലുകളും മറ്റും കൊണ്ടിറക്കി. ഒപ്പം ഒരു ലോഡ് യന്ത്രത്തോക്കുകളും അതിനുവേണ്ടത്ര വെടിയുണ്ടകളും. ഈ ലോകം താമസിയാതെ അരാജകത്വത്തിലേക്ക് വഴിമാറുമെന്നും, തുടർന്ന് അധികം താമസിയാതെ പ്രളയം വരുമെന്നും അന്റോണിയോ കരുതുന്നു. ഇപ്പോൾ തന്നെ അതിനായി തയ്യാറെടുക്കുന്നു. 

ഈ വഴിയിൽ അന്റോണിയോ ഒറ്റയ്ക്കല്ല. യാഹൂവിന്റെ മുൻ എക്സിക്യൂട്ടീവായിരുന്ന മാർവിൻ ലിയാവോ അത്തരത്തിൽ ഒരു സാഹചര്യം മുൻകൂട്ടിക്കണ്ട് തന്റെ ഫാം ഹൗസ്സിൽ ഒരു അണ്ടർ ഗ്രൗണ്ട് ബങ്കർ തന്നെയുണ്ടാക്കി അതിൽ ദീർഘകാലം കഴിയാൻ വേണ്ട ഭക്ഷണവും, വെള്ളവും, വൈദ്യുതിയും ഒക്കെ ഒരുക്കി കാത്തിരിക്കുന്ന ഒരാളാണ്. തന്റെ കരുതൽ കട്ടെടുക്കാൻ വന്നേക്കാവുന്ന മോഷ്ടാക്കളെ വെല്ലാൻ വേണ്ടി പ്രൊഫഷണൽ ആർച്ചറി ക്ലാസുകൾക്കും അദ്ദേഹത്തെ പോകുന്നുണ്ടിപ്പോൾ.

2012 -ൽ നാഷണൽ ജിയോഗ്രഫിക് ചാനൽ 'ഡൂംസ്‌ഡേ പ്രെപ്പേഴ്‌സ്' എന്ന പേരിൽ ഒരു 'റിയാലിറ്റി' സീരീസ് ചെയ്തിരുന്നു. പ്രളയമോ മറ്റെന്തെങ്കിലും ദുരന്തമോ മൂലം ലോകാവസാനം ആസന്നമാണ് എന്ന് പ്രതീക്ഷിച്ചിരിക്കുന്ന അമേരിക്കയിലെ ധനികരെപ്പറ്റിയായിരുന്നു ഈ സീരീസ്. പിഎഫിലും മറ്റും പണം സ്വരൂപിക്കുന്നതിനേക്കാൾ നല്ലത് വരാനിരിക്കുന്ന ലോകാവസാനത്തിൽ നിലനിൽക്കാൻ വേണ്ട ബങ്കറുണ്ടാക്കി അതിൽ നിലനില്പിനുള്ള സാമഗ്രികൾ ഒരുക്കാൻ വേണ്ടി ചെലവിടുന്നതാണ് എന്ന് 40 ശതമാനത്തിൽ അധികം അമേരിക്കക്കാർ കരുതുന്നുണ്ട് എന്നാണ് അവർ കണ്ടെത്തിയത്. അമേരിക്കക്കാർ ഈ ആക്ഷൻ പ്ലാനിന് നൽകിയിരിക്കുന്ന പേര് SHTF പ്ലാൻ എന്നാണ്. SHTF എന്നുവെച്ചാൽ 'Shit Hits The Fan'. നാൽപ്പതു ലക്ഷത്തിലധികം കാഴ്ചക്കാരുടെ ചാനലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ ഷോകളിൽ ഒന്നായി അന്നിത് മാറിയിരുന്നു.

 

ലോകാവസാനത്തിനു കാരണമായി ഈ 'ഭീതിമാനിയാക്കു'കൾ കാണുന്ന പ്രധാന കാരണങ്ങൾ ആഗോളതാപനം കാരണം ഉണ്ടായേക്കാവുന്ന പ്രളയവും, ഭീകരവാദം ലോകത്തെ കൊണ്ടെത്തിച്ചേക്കാവുന്ന ആണവ-രാസ-യുദ്ധങ്ങളുമാണ്. കഴിഞ്ഞ വർഷം അമേരിക്കയിലെ ധനികരിൽ ചിലർ ന്യൂസിലൻഡിലെ ഓക് ലാൻഡിലേക്ക് നാലടി ആഴത്തിൽ കുഴിച്ചിടുന്ന സർവൈവൽ ബങ്കറുകൾ അയക്കുകയുണ്ടായി. നേരിട്ടൊരു ആക്രമണത്തിന് താരതമ്യേന സാധ്യത കുറഞ്ഞ രാജ്യമാണ് ആരുടെയും ശത്രുത പിടിച്ചുപറ്റാൻ നിൽക്കാത്ത ന്യൂസീലൻഡ് എന്ന രാജ്യം. അമേരിക്കയിലെ ഡൂംസ്‌ഡേ വാദികളുടെ ഇഷ്ട അഭയസ്ഥാനവും. ഇരുപതിലധികം അമേരിക്കൻ കോടീശ്വരന്മാർ ഇത്തരത്തിൽ ന്യൂസീലൻഡിൽ വന്ന് അഭയം തേടാൻ വേണ്ടുന്ന ഇൻവെസ്റ്റർ പ്ലസ് എന്ന വിസ എടുത്തിട്ടുണ്ട്. അവർക്ക് ഓക്ലൻഡിൽ മേൽപ്പറഞ്ഞ രീതിയിലുള്ള ബങ്കർ അക്കമഡേഷനും സ്വന്തമായുണ്ട്.

ലോകത്ത് അധികം താമസിയാതെ ഒരു ബയോളജിക്കൽ വാർഫെയർ ഉണ്ടാകും എന്ന ഭീതിയിൽ ഈ ധനികരിൽ പലരും ഗ്യാസ് മാസ്കുകളും, തോക്കുകളും, ആന്റിബയോട്ടിക്കുകളും, പോർട്ടബിൾ ടെന്റുകളും, കുറേനാളേയ്ക്കുള്ള ഭക്ഷണവും വെള്ളവും ഒക്കെ അടങ്ങുന്ന സർവൈവൽ ബാഗുകൾ അവരവരുടെ വീടുകളിൽ തയ്യാറാക്കി വെച്ചിരിക്കുകയാണ്. ടെക്സസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'റൈസിങ്ങ് എസ്' എന്ന കമ്പനി കോടീശ്വരന്മാർക്കുവേണ്ടി അണ്ടർഗ്രൗണ്ട് സർവൈവൽ കോണ്ടോമിനിയങ്ങൾ നിർമിക്കുന്നതിൽ വിദഗ്ധരാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ സർവൈവൽ കോണ്ടോ ആയ 'ദി അരിസ്റ്റോക്രാറ്റ്' അവരുടെ ഡിസൈൻ ആണ്. ഏകദേശം 83,50,000 ഡോളർ വിലവരും ഇതിന്. ഇന്ത്യൻ കറൻസിയിൽ ഏകദേശം 60 കോടി. അൻപതോളം പേർക്ക് കഴിയാനുള്ള സൗകര്യങ്ങൾ ഇതിനുള്ളിലുണ്ട്. ഗ്രിഡ് പവർ സപ്ലൈ നിലച്ചാൽ ഇത് ഓട്ടോമാറ്റിക് ആയിത്തന്നെ സൗരോർജ്ജ പാനലുകളിലേക്ക് മാറും. 

മഹാപ്രളയം വരുമെന്നും അതിൽ സകലതും നശിക്കുമെന്നും ഒക്കെയുള്ള തോന്നലുകൾ ഏറെ കാല്പനികമാണ്. എന്നാൽ, ആ കാല്പനികന്റെ കയ്യിൽ അളവറ്റ ധനവും ഉണ്ടെങ്കിലോ..? തന്റെ കല്പനയിലെ ആ പ്രളയാനന്തരജീവിതത്തിനു വേണ്ടി അയാൾ തന്റെ ധനം ചെലവിട്ട് അതിജീവനത്തിനുള്ള വിശേഷ ആവാസങ്ങൾ നിർമ്മിച്ചാൽ അയാളെ കുറ്റം പറയാമോ?  

ലോകം അവസാനിക്കാറായി എന്ന് പറഞ്ഞുകേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. അന്ത്യവിധിനാളിനെപ്പറ്റി, നോസ്ട്രദാമസ് തൊട്ടിങ്ങോട്ട് പല പ്രവാചകരും പലതും പറഞ്ഞിട്ടുണ്ട്. അവയിൽ പലതും തെറ്റാണ് എന്ന് കാലം തെളിയിച്ചു. അത്തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കപ്പെട്ടപ്പോൾ അതുവിശ്വസിച്ച് അങ്ങനെയൊന്നിനെ അതിജീവിക്കാൻ വേണ്ടി പലതും ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട ചരിത്രവുമുണ്ട്. അതിലൊരു മിത്ത് നോഹയുടേതാണ്. നോഹയെപ്പറ്റിയുള്ള പരാമർശങ്ങൾ ബൈബിളിലും ഖുർആനിലും കാണാം. 

ഭൂമിയിലെ ബഹുഭൂരിഭാഗം വരുന്ന മനുഷ്യരാശിയുടെ അധമജീവിതത്തിനു ശിക്ഷയായി പ്രളയത്തോടെ സകലതിനെയും നശിപ്പിക്കാൻ യഹോവ തീരുമാനിച്ചപ്പോൾ നീതിമാനായ നോഹയെയും വംശത്തെയും രക്ഷിക്കാൻ ദൈവം നിശ്ചയിച്ചു. അതിനായി ഗോഫർ മരം കൊണ്ടുള്ള ഒരു കപ്പൽ (പേടകം) ഉണ്ടാക്കാനും, പ്രളയനാന്തരമുള്ള പുനഃസൃഷ്ടിക്കായി ഒരാണും പെണ്ണും വീതം ഓരോ ജോഡി ജീവജാലങ്ങളെക്കൂടി കരുതിക്കൊള്ളാനും യഹോവ കല്പിച്ചു. 40 നാളത്തെ പേമാരിക്കും 150 ദിവസത്തെ മഹാപ്രളയത്തിനും ശേഷം നോഹ പിന്നെയും 350 കൊല്ലം ജീവിച്ചുവെന്നും തന്റെ 950-ആം വയസ്സിൽ മരിച്ചുവെന്നുമാണ് മിത്ത്. ഇസ്ലാമിൽ അദ്ദേഹം നൂഹ് നബി എന്ന പ്രവാചകനാണ്. അദ്ദേഹത്തിന്റെ മക്കളുടെ വംശ പരമ്പരയാണ്‌ ഇന്നത്തെ മനുഷ്യർ  എന്ന് പലരും വിശ്വസിക്കുന്നു. ഹൈന്ദവ പുരാണങ്ങളിൽ ഏതാണ്ട് ഇതേ രീതിയിൽ തന്ന പരാമർശിക്കപ്പെടുന്ന ഒരാൾ മനുവാണ്. ഭൂമിയെ രക്ഷിക്കാനായി വലിയൊരു കപ്പൽ നിർമ്മിച്ചയാളാണ്‌ അദ്ദേഹവും. നോഹയും നൂഹ് നബിയും മനുവും ഒക്കെത്തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി പല ചരിത്രകാരന്മാരും പഠനങ്ങൾ വരെ നടത്തിയിട്ടുണ്ട്.

വരാനിരിക്കുന്ന അന്ത്യനാളിനെ ഭയന്നുള്ള ഈ കരുതൽ മാനിയ അമേരിക്കയിൽ പറന്നുതുടങ്ങിയിട്ട് വർഷം കുറെയായി. ഈ ഉൾഭയത്തിന്റെ പേരിൽ അവർ കേടാകാതെ സൂക്ഷിക്കാവുന്ന ഭക്ഷണം, വെള്ളം, ആയുധങ്ങൾ തുടങ്ങിയവ ശേഖരിക്കുന്നു. മുമ്പൊക്കെ ഇത് ധനികരുടെ മാത്രം മനോവിഭ്രാന്തി ആയിരുന്നു എങ്കിൽ ഇന്നത് സാമ്പത്തികമായി അത്രയ്ക്ക് പുരോഗമിച്ചിട്ടില്ലാത്തവരെയും ബാധിച്ചിരിക്കുന്നു. വരാനിരിക്കുന്ന പ്രളയത്തെയും, ആണവായുദ്ധത്തെയും, സർവ്വനാശത്തെയും അതിജീവിക്കാനായി ബങ്കറുകളുണ്ടാക്കി, അതിൽ നിലനിൽപ്പിനായുള്ള അടിസ്ഥാന വിഭവങ്ങൾ ശേഖരിച്ച് അമേരിക്കയിലെ ഒരു വിഭാഗം കാത്തിരിക്കുകയാണ്, ആസന്നമായി എന്ന് അവർ ഭയക്കുന്ന അന്ത്യവിധിനാളിനെ!