അത് ഈ കുട്ടികളുടെ മാതാപിതാക്കളുടെയും, നിർഭാഗ്യവശാൽ ഈ കുഞ്ഞുങ്ങളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വരുന്ന എന്‍റേയും മാത്രം അതിജീവനത്തിന്‍റെ പ്രശ്നമല്ല. കാരണം ഇതിന്‍റെ കാരണങ്ങൾ നമ്മളിലെന്നപോലെ നമുക്ക് ചുറ്റിലുമുണ്ട്.
എല്ലായ്പ്പോഴും അങ്ങനെയല്ലെങ്കിലും ചില മരണങ്ങൾ അങ്ങനെയാണ്. അത് നമ്മളേ നമ്മുടെ തന്നെ മരണത്തേക്കുറിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിൽ ബുദ്ധിമുട്ടിയ്ക്കും. വിടാതെ കുറച്ചു നാളെങ്കിലും പിന്തുടരും. എന്നിട്ട് അതിനേക്കാൾ പ്രഹരശേഷിയുള്ള അടുത്തയാൾ വന്ന് കഴുത്തിൽ ഞെരിയ്ക്കുമ്പോ ദയ തോന്നി ഒന്നയഞ്ഞ് തരും. ചിലപ്പോ രണ്ടുങ്കൂടി ഒരുമിച്ച് പിടിച്ച് ശ്വാസം മുട്ടിയ്ക്കും.

അപ്പോൾ ഞാൻ രണ്ട് ദിവസം ലീവെടുക്കും. എന്നിട്ട് അമ്മേടെയോ പാറൂന്റെയോ കീഴിൽക്കേറി ഒളിച്ചിരിക്കും. ബ്ലഡി ഖവേഡ്… പക്ഷേ, സർവൈവലിന് വേറേ വഴിയില്ലാതാവുമ്പോ പിന്നേ വേറെന്ത്. ഖവേഡെങ്കിൽ ഖവേഡ്.
ഇതിന് മുമ്പ് എന്നെ വായിച്ച് പരിചയമുള്ളവർക്ക് ഊഹിക്കാൻ പറ്റുന്ന കാര്യമാണ് മോർച്ചറിയിലെ പോസ്റ്റ്‌മോര്‍ട്ടം ടേബിളിൽ ഞാനും കൊച്ചു കുട്ടികളും തമ്മിലുണ്ടാവുന്ന പുകില്. അധികവും അപകടമരണങ്ങളും അപൂർവമായി കൊലപാതകങ്ങളുമായിട്ടാണ് കുട്ടികളുടെ മൃതശരീരങ്ങൾ മോർച്ചറികളിലെത്തുന്നത്. ഇവ തന്നെ ധാരാളമായിരിക്കെയാണ് ഈയിടെയായി സ്വയഹത്യകളും വരാൻ തുടങ്ങിയത്.
സ്വയഹത്യകൾക്ക് അങ്ങനെയൊരു കുഴപ്പം കൂടിയുണ്ട്. നമ്മുടെ കുഞ്ഞിനേ നമുക്ക് നഷ്ടമാകുന്നത് തന്നെ വല്യ വേദന. അതിന് പുറമേയാണ് സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകളും കുടുംബത്തിനകത്തേക്കുള്ള കലക്ടീവ് തുറിച്ചുനോട്ടങ്ങളും. സ്വന്തമായിട്ട് വല്യ മഹത്വമൊന്നും അവകാശപ്പെടാനില്ലാത്തവരും, പോരാത്തതിന് സ്വയം ഒരു അപകര്‍ഷതാബോധവും കൂടിയുണ്ടെങ്കിൽ വീര്യം കൂടുന്ന അക്രമകാരികളുമാണ് മജോറിറ്റി.
പിന്നെ നോക്കിയും പറഞ്ഞും ദഹിപ്പിച്ച് ചാരമാക്കി ഭൂമിക്കടിയിൽ കുഴിച്ചിടാൻ വരുമ്പോ വേദനയിലും അപമാനത്തിലും കുറ്റബോധത്തിലും മരവിച്ച് പകച്ച് തകർന്ന് ദുർബലരായിരിക്കുന്ന ഇരകളെ അപ്പുറത്ത് കിട്ടുമ്പോഴുള്ള ആവേശം.
സ്വയഹത്യ ചെയ്തവരേക്കാൾ വേദന അവർ ഇവിടെ ഇട്ടേച്ചു പോയവർക്കാണ്. അത് ഒരു കുട്ടിയുടെ അച്ഛനമ്മമാരാണെങ്കിൽ ഹാൻഡ്സ് ഡൗൺ സറണ്ടറാണ്. കുട്ടിയേ കൊന്നവരെന്ന് വിളിച്ചില്ലെങ്കിൽ ഭാഗ്യം. ഔദാര്യം പോലെ കിട്ടുന്ന വില കൂടിയ ഭാഗ്യം. പക്ഷേ, സൂക്ഷ്മ നിരീക്ഷണം അപ്പോഴും തുടരും.
"ആർ ദേ ക്രൈയിങ്ങ് ഇനഫ്?"
"ഡു ദേ ലുക്ക് സാഡ് ഇനഫ് ടു ഔർ സാറ്റിസ്ഫാക്ഷൻ?"
ചോദ്യങ്ങൾക്ക് "യെസ്" എന്ന് ഉത്തരമെങ്കിൽ കുറച്ചൊരു കരുണ കാട്ടിയേക്കും. ഒരു ഔദാര്യമായിട്ട്.
ഇതിൽ നിന്നും രക്ഷപ്പെടാനെന്നോണം പലരും സ്വയഹത്യകളേ മറച്ചു വയ്ക്കാൻ ശ്രമിക്കും. അപ്രതീക്ഷിതമായി കിട്ടുന്ന സ്ലെഡ്ജ്ഹാമർ പ്രഹരത്തിന്റെ ആഘാതത്തിൽ യുക്തിയും ബുദ്ധിയുമൊന്നും ശരിക്ക് വർക്കൗട്ടാവില്ല.
കുട്ടി മുറിയിൽ അനക്കമില്ലാതെ കിടക്കുകയായിരുന്നു. പെട്ടെന്ന് പേടിച്ച് ധൃതി പിടിച്ച് ആശുപത്രിയിൽ കൊണ്ടു ചെന്നപ്പോ ഡോക്ടർ പരിശോധിച്ചതിൽ മരണം സംഭവിച്ചിരിക്കുന്നു, ഇതായിരിക്കും ആകെ പറയുന്ന വിവരണം. ആശുപത്രിയിലെ ഡോക്ടർക്ക് "ബ്രോട്ട് ഡെഡ്" ആയതിനാൽ മരണകാരണം വ്യക്തമല്ലാത്തത് കൊണ്ട് കുഞ്ഞിന്റെ ശരീരം പോസ്റ്റുമോർട്ടത്തിന് അയക്കപ്പെടുന്നു.
പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിൽ കഴുത്തിൽ ഒരു ടൗവ്വലോ ഷോളോ ഇറുകിയ, മങ്ങിയതും അവ്യക്തവുമായ ലിഗേച്ചർ മാർക്കിലൂടെ തെളിഞ്ഞു വരുന്ന തൂങ്ങിമരണത്തിന്റെ സട്ടിൽ ലക്ഷണം.
കാര്യങ്ങൾ തിരക്കി വീട്ടിൽ പൊലീസ് ചെല്ലുമ്പോഴും കുട്ടി തൂങ്ങിയ ഹൂക്കിൽ നിന്നും ആ ഒരു കഷ്ണം തുണി ഊരി അഴിച്ചെടുത്ത് ഒളിപ്പിക്കുവാനുള്ള കഴിവില്ലാതെയാക്കിയ ഭീകര കാഴ്ച്ചയുടെ റൂത്ത്ലെസ് എഫിഷ്യൻസി.
അതിഭീകരമാണ് കുഞ്ഞുങ്ങളുടെ മരണം. കുട്ടികളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന വേദന എനിക്കിത്രയെങ്കിൽ മക്കളേ നഷ്ടപ്പെടുന്ന അച്ഛനമ്മമാരുടെ കാര്യമെത്ര ഭീകരമായിരിക്കും.. ഇതിപ്പോ പറയാൻ കാരണമുണ്ട്. ഈയിടെയായി കുട്ടികളെ കൊന്ന മാതാപിതാക്കളുടെ കേസുകൾ കുറച്ചധികം കേൾക്കുന്നുണ്ട്. അതിലൊന്ന് ആലപ്പുഴയിലാണ് പോസ്റ്റ്‌മോര്‍ട്ടവും നടന്നത് (ഭാഗ്യത്തിന് എനിക്കല്ല നറുക്ക് വീണത്). കുട്ടികൾക്ക് നേരേയുള്ള അതിക്രമങ്ങൾക്ക് നേരേ വർദ്ധിച്ചു വരുന്ന സമൂഹത്തിന്റെ ജാഗ്രതയും ഇടപെടലും ഒക്കെ നല്ല കാര്യം. വേണ്ടത് തന്നെ.
ഈ അടുത്ത കാലത്തായി മോർച്ചറി അനുഭവങ്ങൾ കാണിച്ചു തരുന്ന മറ്റൊരു പ്രവണതയാണ് കുട്ടികളിലെ സ്വയഹത്യകൾ. നമുക്കൊക്കെ എന്ത് തോന്നിയാലും ശരി ഇതൊരു uncomfortable truth ആണ്. മോര്‍ച്ചറിയിൽ ഇരുന്ന് കൊണ്ട് ഇതിന് ഒരു ഫോറൻസിക്കുകാരന് പരിഹാരം കണ്ടെത്താനാവില്ല. തീരെ പതുക്കെയല്ലാതെ സാമാന്യം നല്ല വേഗതയിൽ ഉയർന്ന് പൊങ്ങിവരുന്ന ഒരു കണക്കാണ് കുട്ടികളിലെ സ്വയഹത്യകൾ. പരിഹാരം കണ്ടെത്തിയേ തീരൂ.
അത് ഈ കുട്ടികളുടെ മാതാപിതാക്കളുടെയും, നിർഭാഗ്യവശാൽ ഈ കുഞ്ഞുങ്ങളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടി വരുന്ന എന്‍റേയും മാത്രം അതിജീവനത്തിന്‍റെ പ്രശ്നമല്ല. കാരണം ഇതിന്‍റെ കാരണങ്ങൾ നമ്മളിലെന്നപോലെ നമുക്ക് ചുറ്റിലുമുണ്ട്.

പെട്ടെന്നൊരു മോർച്ചറി കണക്ക് എടുത്തു നോക്കിയാൽ (pic) ഏതാണ്ട് 80 ശതമാനം സ്വയഹത്യകളും നടക്കുന്നത് 20 -നും 60 -നും വയസ്സുകൾക്കിടയിലാണ് എന്ന് കാണാൻ പറ്റും. 15 വയസ്സിന് താഴെയും 75 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലെ കണക്ക് വളരെ കുറവാണ്. 60 വയസ്സിന് മേലോട്ട് കുറവാണെങ്കിലും 80 -ഉം 90 -ഉം ഒക്കെ വയസ്സ് കഴിഞ്ഞവരുടെ സ്വയഹത്യകൾ നന്നേ കുറവായിരുന്നു എന്ന് തന്നെ പറയാം.
പ്രായമായവരുടെ സ്വയംഹത്യകള്‍
എന്റെ ഒരു നിരീക്ഷണം ആണ്. വിശദമായ കണക്കുകൾ ഒന്നും കയ്യിലില്ല. എന്നാലും ഈയടുത്തായി, എന്നുപറഞ്ഞാൽ കഴിഞ്ഞ കുറച്ചു കാലമായി കണ്ടുവരുന്ന, മനസ്സിനെ അലോസരപ്പെടുത്തുന്ന വേറൊരു സ്ഥിതി വിവരക്കണക്കാണ് പ്രായാധിക്യമുള്ളവരുടെ സ്വയഹത്യകൾ. പ്രത്യേകിച്ച് മാരകമായ അസുഖങ്ങളൊന്നുമില്ലാത്തവരാണ് അധികവും. ഇതെന്തിനാ ഈ അച്ഛൻ/അമ്മ (അപ്പൂപ്പൻ/അമ്മൂമ്മ… depends on how old you think you're) ഇത് ചെയതത് എന്ന് ചോദിച്ചാൽ ആര്‍ക്കും ഉത്തരം ഇല്ല.
(പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് മുൻപ് പോലീസ് തരുന്ന പത്രിക കടലാസ്സിൽ പറയുന്നതിന് അപ്പുറം ബന്ധുക്കൾക്കോ നാട്ടുകാർക്കൊ എന്തെങ്കിലും സംശയങ്ങളോ വല്ലതുമുണ്ടെങ്കിൽ അത് പറയാനുള്ള അവസരവും, മരണത്തിൽ ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയം ഉണ്ടോ എന്നറിയാനാണ് ഈ ചോദ്യങ്ങളൊക്കെ ഞാൻ ചോദിക്കുന്നത്. )
രാത്രിയിലൊക്കെ മിക്കവാറും എല്ലാ എടിഎം -ന്‍റെയും കടകളുടേയുമൊക്കെ മുന്നിൽ ഒരു കസേരയിൽ ചടഞ്ഞ് കൂടിയിരുന്ന്, തലയിലും ശരീരത്തും ഒരു കമ്പിളി പുതപ്പും ചുറ്റിയിരിക്കുന്ന വയോധികർ. ഈ പ്രായത്തിലും ഈ സെക്യൂരിറ്റി തൊഴിലെടുത്ത് ജീവിച്ചില്ലെങ്കിൽ അവർ ഇരിക്കുന്ന ആ കസേരയിൽ നിന്നും കുറച്ചങ്ങോട്ട് മാറി കടത്തിണ്ണയിൽ ഉറങ്ങാൻ തക്ക ഗതികെട്ടവരാകുമെന്നോർത്ത് വാർദ്ധക്യത്തിലും നമ്മള്‍ പണിയെടുപ്പിക്കുന്ന നമ്മുടെ ആരുടെയെങ്കിലുമൊക്കെ അച്ഛന്മാർ. എത്ര നാളിങ്ങനെ? എന്തിന്?
ഇത്രയും പ്രായം ചെന്നവരേക്കൊണ്ട് പോലും ജീവിക്കുവാൻ വേണ്ടി രാത്രി മുഴുവൻ കടത്തിണ്ണയിലിരുത്തി പണിയെടുപ്പിക്കുന്ന നമ്മളൊക്കെ എന്ത് തരം സമൂഹത്തിലാണ് ജീവിക്കുന്നത്?
85 -ഉം 90 -ഉം കഴിഞ്ഞവരേ സ്വയഹത്യയിലേക്ക് തള്ളിവിടുന്നവരും, ഒരു തിരഞ്ഞെടുപ്പ് കാലത്ത് പോലും ഇതൊന്നും പേരിനെങ്കിലും ഒരു ചർച്ചാവിഷയമാക്കാതെ എന്ത് വല്യ ആനക്കാര്യമാണ് അങ്ങ് ചർച്ചിച്ച് തീർത്തത്?
ഇനി ഇത് ദരിദ്രരും കേറി കിടക്കാൻ വീടോ, മക്കളോ ബന്ധുക്കളോ ഒന്നുമില്ലാത്തവരുടെ മാത്രം പ്രശ്നമാണെന്ന് ആരെങ്കിലും ധരിച്ച് വച്ചിട്ടുണ്ടെങ്കിൽ അതും തെറ്റി.
രക്ഷപെടട്ടെ പാവങ്ങൾ. അതാ വേണ്ടത്. അല്ലാതെ അവർ ജീവിച്ചിരുന്നപ്പോൾ ഈ ചോദ്യം ചോദിക്കാതെ ഇപ്പോൾ അവരുടെ അനക്കമറ്റ ശരീരങ്ങളെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന ഞാനെന്തിന് ഇനി അവർക്ക് വേണ്ടി കരഞ്ഞ് കൂവി വിളിക്കണം? എന്ത് ആത്മാർത്ഥയുണ്ട് ഇതിനൊക്കെ. ചുമ്മാ വെറുതേ..
നമ്മൾ നമ്മുടെ നാളെയെ ഇന്നേ കാണുന്നു. അത്ര തന്നെ. കാണുന്നതിൽ കുറെ ഇന്നലെകളും കൂടി വരുന്നു. അവസാനത്തെ നാളെയ്ക്ക് പ്രായം തൊണ്ണൂറ്റി മൂന്ന്. അവസാനം കണ്ട ഇന്നലേയ്ക്ക് വെറും പത്തും.
