Asianet News MalayalamAsianet News Malayalam

'അതിന് ഇന്ത്യയില്‍ ജാതിയുണ്ടോ', എന്നാവര്‍ത്തിക്കുന്ന നിഷ്‌കളങ്കരോട്...

പെട്ടെന്ന് ഓര്‍മ്മയില്‍ തെളിയുന്ന ചില വാര്‍ത്തകള്‍ മാത്രമാണ് ഇത്. ദിവസവും ഇതുപോലെ അനേകം വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍, അതിന്റെ എത്രയോ ഇരട്ടിയാണ് വാര്‍ത്തയാവാത്ത സംഭവങ്ങള്‍. എവിടെയും വരാത്ത ദലിത് ഹിംസകള്‍. അധിക്ഷേപങ്ങള്‍, അതിക്രമങ്ങള്‍, മാറ്റിനിര്‍ത്തലുകള്‍...

dr Payal Tadvi suicide and caste in India
Author
Thiruvananthapuram, First Published May 29, 2019, 1:37 PM IST

സ്വതന്ത്ര്യം കിട്ടി ഇത്ര കാലത്തിനു ശേഷവും ഇന്ത്യയില്‍ ജാതിയുണ്ടോ? 

ഇല്ല എന്നാണോ ഉത്തരം? എങ്കില്‍ അതൊട്ടും നിഷ്‌കളങ്കമല്ല. കാരണം, ഇന്ത്യയില്‍ കൂടുതല്‍ ആഴത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ് ജാതി. ജാതിയുടെ പേരില്‍ ആത്മഹത്യ ചെയ്യുന്നവരും/ കൊല്ലപ്പെടുന്നവരും ആക്രമിക്കപ്പെടുന്നവരും വര്‍ധിച്ചുവരുന്നൊരു നാട്ടിലിരുന്ന് കൊണ്ട് 'ജാതിയോ അതെന്താണ്?' എന്ന് ചോദിക്കുന്നത് തന്നെ ക്രൂരതയാണ്. 

മെയ് 22 -നാണ് ആദിവാസി വിഭാഗത്തില്‍ പെട്ട ഡോ. പായല്‍ തദ്വി ആത്മഹത്യ ചെയ്തത്. മുംബൈ, നായര്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു ഡോ. പായല്‍. സീനിയേഴ്‌സില്‍ നിന്ന് നേരിടേണ്ടി വന്ന ജാതീയാധിക്ഷേപങ്ങളാണ് പായലിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് തുടക്കം മുതല്‍ വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍, 'അങ്ങനെയൊക്കെ സംഭവിക്കുമോ?' എന്നൊരു സമീപനമാണ് പൊതുസമൂഹം കൈക്കൊണ്ടത്. പക്ഷെ, പായലിന്റെ മരണം നടന്ന് ഒരാഴ്ചയാകുമ്പോള്‍ മൂന്ന് റൂം മേറ്റുകള്‍ അറസ്റ്റിലായിരിക്കുന്നു. ഡോ. ഭക്തി മൊഹാറ, ഡോ. ഹേമ അഹൂജ, ഡോ. അങ്കിത ഖണ്ഡല്‍ വാര്‍ എന്നിവരാണ് അറസ്റ്റിലായത്. 

നിരന്തരം അതിക്രമങ്ങള്‍
പായല്‍ ആദിവാസി വിഭാഗത്തില്‍ പെട്ട ആളായിരുന്നു എന്നതിനാല്‍ ഹോസ്റ്റല്‍ റൂമില്‍ നിരന്തരം അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. റൂമിലുണ്ടായിരുന്ന മറ്റ് മൂന്നുപേരും കാല്‍ തുടച്ചിരുന്നത് പായലിന്റെ കിടക്കവിരിയിലായിരുന്നു. പായലിനെ പഠിക്കാന്‍ സമ്മതിച്ചിരുന്നില്ല. ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നതും പതിവായിരുന്നുവെന്ന് പായലിന്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

dr Payal Tadvi suicide and caste in India

മാത്രമല്ല, മുറിയിലുള്ള പായലിന്റെ  സാധനങ്ങള്‍ വലിച്ചെറിയുന്നതും പതിവായിരുന്നു. നാല് ദിവസം വരെ കുളിക്കാന്‍ സമ്മതിക്കാതിരുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. ഇതുകൊണ്ടൊന്നും തീര്‍ന്നിരുന്നില്ല. വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും അവള്‍ നിരന്തരം പരിഹസിക്കപ്പെട്ടു. ചില കൂട്ടുകാരുമായി ചേര്‍ന്ന് അത്താഴവിരുന്നിന് പോയി വന്നതിന് പിന്നാലെ റൂംമേറ്റ്‌സ് പായലിനെ ക്രൂരമായി അപമാനിച്ചു. അതിനെ തുടര്‍ന്നാണ് പായല്‍ ആത്മഹത്യ ചെയ്തത് എന്ന് ഭര്‍ത്താവ് സല്‍മാന്‍ നല്‍കിയ പരാതിയിലും വെളിപ്പെടുത്തിയിട്ടുണ്ട്. 

ജാതിയില്ലാത്ത ഇന്ത്യ, അത് ഇതാണ് 

ഓര്‍മ്മയുണ്ടോ ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലക്കാരനായ ജീതേന്ദ്രയെ. ദലിതനായിരുന്നു അയാള്‍. സവര്‍ണ്ണര്‍ക്കു മുമ്പിലിരുന്ന് വിവാഹ സദ്യ കഴിച്ചതിന് ക്രൂരമായ മര്‍ദ്ദനമേറ്റാണ് 23 വയസ്സുള്ള ഈ ദളിത് യുവാവ് മരിച്ചത്...

ഏ​പ്രി​ൽ 26 -നാണ് ഒരു വിവാഹ സല്‍ക്കാര സ്ഥലത്തുവച്ച്​ ​ജീ​തേ​ന്ദ്ര ആക്രമിക്കപ്പെടുന്നത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ  ജീതേന്ദ്ര ഡെറാഡൂണിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒമ്പത് ദിവസങ്ങൾക്ക് ശേഷം അദ്ദേഹം മരിച്ചു. തങ്ങളുടെ മുന്നിലിരുന്ന് താഴ്ന്ന ജാതിക്കാരൻ ഭക്ഷണം കഴിച്ചതാണ് ഉയർന്ന ജാതിക്കാരെ പ്രകോപിപ്പിച്ചതെന്ന് അന്ന് ഡിഎസ്പി ഉത്തംസിം​ഗ് ജിംവാൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

dr Payal Tadvi suicide and caste in India

ദളിത് വരനെ പുറത്തേറ്റി എന്ന ഒറ്റക്കാരണത്താല്‍ ഒരു കുതിരയെ ഗുജറാത്തില്‍, സവര്‍ണ്ണ ജാതിക്കാര്‍ ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഗുജറാത്തിലെ ആരാവല്ലി ജില്ലയിലയായിരുന്നു സംഭവം. 

ദളിതര്‍ വിവാഹാഘോഷയാത്ര നടത്തുന്നതിനെതിരെ ഉയര്‍ന്ന ജാതിക്കാര്‍ താക്കീത് നല്‍കിയിരുന്നു. ഇതിനേത്തുടര്‍ന്ന് ദളിതര്‍ പൊലീസ് സഹായം ആവശ്യപ്പെട്ടു. പൊലീസ് സന്നാഹത്തോടെയാണ് ഘോഷയാത്ര നടന്നത്. എന്നിട്ടും താക്കൂര്‍ ജാതിയില്‍ പെട്ടവര്‍ ഘോഷയാത്രക്കെതിരെ അക്രമം നടത്തുകയായിരുന്നു. ഇതില്‍ പരിക്കേറ്റ കുതിര കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കൊല്ലപ്പെട്ടു. 

വിവാഹ ആവശ്യങ്ങള്‍ക്കായി ദളിതര്‍ക്ക് ക്ഷേത്രം തുറന്ന് കൊടുക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുന്നില്ലെന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ട ദളിത് ദമ്പതികളെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചിട്ട് ദിവസങ്ങളാകുന്നതേയുള്ളൂ.

വഡോദരയിലെ മഹുവാദ് ജില്ലയിലായിരുന്നു ഇത്. ഇ​രു​മ്പു​പൈ​പ്പു​ക​ളും വ​ടി​ക​ളും മ​റ്റ്​ ആ​യു​ധ​ങ്ങ​ളു​മാ​യാണ് വീടിനുനേരെ മേ​ൽ​ജാ​തി​ക്കാ​ർ ആക്രമണം നടത്തിയത്. ബഹളം കേട്ട് പുറത്തിറങ്ങിയ യുവതിയെ ആക്രമിച്ച സംഘം, വീടിനുള്ളിൽ കയറി ദമ്പതികളെ വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്ന് ക്രൂരമായി മർദ്ദിച്ചു. ഒപ്പം, പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ദമ്പതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ 14 വയസ്സുള്ള ദളിത് ബാലികയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കത്തിച്ചത്. 

അച്ഛനും അമ്മയും വീട്ടിലില്ലാത്ത സമയത്ത് എത്തിയ പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊല്ലുകയായിരുന്നു. വീടിന് സമീപത്തെ ഇഷ്ടികച്ചൂളയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. 

ദളിത് യുവാവിനെ മേല്‍ജാതിയില്‍ പെട്ടവര്‍ മലം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തത് മധുരയിലാണ്, മേയ് മാസത്തില്‍ തന്നെയാണ് ഈ സംഭവം നടന്നത്.
 
തിരുവാരൂര്‍ ജില്ലയിലെ മന്നാര്‍ഗുഡിക്കടുത്തുള്ള തിരുവണ്ടുതുറൈ ഗ്രാമത്തിലാണ് സംഭവം. മൂന്ന് വര്‍ഷത്തിലേറെയായി ഇവര്‍ക്ക് തന്നോടുള്ള ജാതീയമായ പകയാണ് ആക്രമണത്തിന് പിന്നിലെന്ന് യുവാവ് മൊഴി നല്‍കിയിരുന്നു. പ്രദേശത്ത് ഇഷ്ടിക ചൂള നടത്തുന്നയാളാണ് യുവാവ്. ചൂളയില്‍നിന്ന് പുലര്‍ച്ചെ 2.30 -ന് വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ മുത്തു എന്നയാള്‍ അടിച്ചു വീഴ്ത്തുകയായിരുന്നു. ബന്ധുക്കളായ രണ്ട് പേരെ വിളിച്ചു വരുത്തി ക്രൂരമായി മര്‍ദിക്കുകയും ബന്ധിക്കുകയും ചെയ്തു. പിന്നീട് മുത്തു, മനുഷ്യ വിസര്‍ജ്യം കൊണ്ടുവന്ന് വലിയ വടികൊണ്ട് യുവാവിനെ തല്ലി തീറ്റിക്കുകയായിരുന്നു. തുടര്‍ന്ന് ശരീരത്തിലേക്കും വായിലേക്കും മൂത്രമൊഴിക്കുകയും ചെയ്തു.

പെട്ടെന്ന് ഓര്‍മ്മയില്‍ തെളിയുന്ന ചില വാര്‍ത്തകള്‍ മാത്രമാണ് ഇത്. ദിവസവും ഇതുപോലെ അനേകം വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍, അതിന്റെ എത്രയോ ഇരട്ടിയാണ് വാര്‍ത്തയാവാത്ത സംഭവങ്ങള്‍. എവിടെയും വരാത്ത ദലിത് ഹിംസകള്‍. അധിക്ഷേപങ്ങള്‍, അതിക്രമങ്ങള്‍, മാറ്റിനിര്‍ത്തലുകള്‍...

അത്ര നിഷ്‌കളങ്കമല്ലാത്ത ചില ചോദ്യങ്ങള്‍
എന്തിനാണ് ദളിത്, ദളിത് എന്ന് പറയുന്നത് മനുഷ്യന്‍ എന്ന് പറഞ്ഞാല്‍ പോരേ? ദളിതര്‍ അക്രമിക്കപ്പെടുന്ന ഓരോ വാര്‍ത്തയ്ക്കു താഴെയും നമുക്ക് ഇത്തരം ധാരാളം കമന്റുകള്‍ കാണാം. മാധ്യമങ്ങളാണ് ജാതിചിന്ത വളര്‍ത്തുന്നതെന്നാണ് ആരോപണം. എന്നാല്‍, എന്താണ് വാസ്തവം. വാര്‍ത്തകള്‍ ഉണ്ടാവുന്നത് യാഥാര്‍തഥ്യങ്ങളില്‍നിന്നാണ്. നിങ്ങളെത്ര മനുഷ്യത്വം പറഞ്ഞാലും ആ മനുഷ്യത്വത്തിന്റെ വിശാലമായ ഇടത്തുപോലും ദലിതരും ആദിവാസികളും ഒന്നുമില്ല എന്നതാണ് വാസ്തവം. ജാതിയും സാമൂഹ്യ സാഹചര്യങ്ങളും തീര്‍ക്കുന്ന പ്രിവിലേജ് കൂടുകള്‍ക്കകത്ത് കഴിയാനാവുന്നതു കൊണ്ടാണ് നിങ്ങള്‍ക്ക് ഈ ചോദ്യങ്ങളും അന്തം വിടലുകളും  സാധ്യമാവുന്നത്. വാര്‍ത്തയില്‍ നിറയുന്ന ഈ മനുഷ്യരെല്ലാം അക്രമിക്കപ്പെട്ടത് അവരുടെ ജാതിയുടെ ഒറ്റ പേരിലാണ്. നിറത്തിന്റെ, ദാരിദ്ര്യത്തിന്റെ, ജോലിയുടെ, സാമൂഹ്യ പദവിയുടെ ഒക്കെ പേരിലാണ്. ഏറ്റവുമൊടുക്കം നമുക്കുമുന്നിലുള്ള പായല്‍ തദ്വി എന്ന ഡോക്ടറുടെ മരണമടക്കം.

ഇതുമായി ബന്ധപ്പെട്ട മറ്റൊരു മിത്ത് ഇതാണ്: 'വിവരവും വിദ്യാഭ്യാസവുമില്ലാത്തവര്‍ക്കിടയിലാകും ഇങ്ങനെയൊക്കെ നടക്കുന്നത്...'. എന്നാല്‍, ഇതിലെന്താണ് വാസ്തവം?  ഡോ. പായലിനെ ജാതീയമായി നിരന്തരം അധിക്ഷേപിച്ചത്, അക്രമിച്ചത്, എല്ലാം കൂടെയുള്ള ഡോക്ടര്‍മാരാണ്. ഉന്നത വിദ്യാഭ്യാസമുള്ള, മിടുക്കരായി പഠിച്ചുവരുന്ന, ഉന്നത സാമ്പത്തിക, സാമൂഹ്യ പശ്ചാത്തലത്തിലുള്ള ആളുകള്‍. ഡോക്ടര്‍മാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലാണ് ജാതിയുടെ പേരില്‍ ഡോ. പായല്‍ നിരന്തരം പരിഹാസപാത്രമായത്. ഈ സത്യം കാണാതെയാണ് നാം പ്രശ്‌നങ്ങള്‍ വിദ്യാഭ്യാസമില്ലാത്തതിന്റേതാകും എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്.

വളരെ കുറച്ച് സംഭവങ്ങളല്ലേ ഇങ്ങനെയുണ്ടാകുന്നത് എന്നതാണ് അടുത്ത ചോദ്യം. മെയ് മാസത്തിലെ വാര്‍ത്തകള്‍ മാത്രമെടുത്തു നോക്കൂ. ഓരോ ദിവസവും ഒരു വാര്‍ത്തയെങ്കിലും ജാതീയ പീഡനത്തിന്‍റേതായി കാണാം. അതുകൊണ്ട് ഇനിയെങ്കിലും നാം തിരിച്ചറിയണം. ജാതിയുണ്ട്. ആഴത്തില്‍ത്തന്നെ. അതുണ്ടാക്കുന്ന പ്രിവിലേജുകളും യാഥാര്‍ത്ഥ്യമാണ്. ഇനിയെങ്കിലും ഇത്രയ്ക്കങ്ങോട്ട് നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ ഈ തിരിച്ചറിവ് നിങ്ങളെ സഹായിക്കും. 

'പക്ഷെ, കേരളത്തില്‍ ഇതൊന്നുമില്ലല്ലോ?'
മറന്നുപോയോ കെവിന്‍ എന്ന ചെറുപ്പക്കാരനെ? കെവിന്‍ കൊല്ലപ്പെട്ടതോടു കൂടി വേദനക്കടലില്‍ പെട്ടുപോയ നീനു എന്ന പെണ്‍കുട്ടിയെ? കഴിഞ്ഞ വര്‍ഷം മെയ് 27 -നാണ് കേരളം ആ നടുക്കുന്ന സംഭവത്തെ കുറിച്ചറിഞ്ഞത്. കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിന്‍ കൊല്ലപ്പെടാന്‍ കാരണം ഒന്നു മാത്രമാണ്. ജാതി. കെവിന്‍ ദലിത് ക്രൈസ്തവനായിരുന്നു. ഏറെക്കാലം പ്രണയിച്ച നീനു എന്ന പെണ്‍കുട്ടിയെ ഒരു ദലിത് ക്രൈസ്തവന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തുവെന്നതാണ് കെവിനെ മരണയോഗ്യനാക്കിയത്.  കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത് നീനുവിന്റെ സഹോദരന്‍ ഷാനുവും സംഘവുമാണ്. കൂട്ടുനിന്നത് നീനുവിന്റെ വീട്ടുകാര്‍. 

കേരളത്തിലിങ്ങനെയൊന്നും നടക്കില്ലെന്ന് പറഞ്ഞവര്‍, അതിനെ ഒറ്റപ്പെട്ട സംഭവമെന്ന് തള്ളിക്കളഞ്ഞു. പക്ഷെ, എത്ര സംഭവങ്ങളെ നമ്മളിങ്ങനെ തള്ളിക്കളയും? 

dr Payal Tadvi suicide and caste in India

ഏങ്ങണ്ടിയൂരിലെ വിനായകന്‍ എന്ന പത്തൊമ്പതുകാരന്‍ ആത്മഹത്യ ചെയ്തിട്ട് രണ്ട് വര്‍ഷമാകുന്നു. പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് വിനായകന്‍ ആത്മഹത്യ ചെയ്തത്. 2017 ജൂലൈ പതിനേഴിനാണ് സുഹൃത്തായ പെണ്‍കുട്ടിയോട് സംസാരിച്ചു നില്‍ക്കവെ വിനായകനെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. ഫ്രീക്കനാണ് അതുകൊണ്ട് കഞ്ചാവും മാലമോഷണവുമൊക്കെയുണ്ടാകുമെന്നായിരുന്നു പൊലീസ് ഭാഷ്യം. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ഒടുവില്‍ ആ ചെറുപ്പക്കാരന്‍ നമുക്ക് മുന്നില്‍ ജീവിതമവസാനിപ്പിച്ചു. 

dr Payal Tadvi suicide and caste in India

ശ്മശാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അന്നമ്മ എന്ന ദളിത് ക്രിസ്ത്യന്‍ സ്ത്രീയുടെ മൃതദേഹം 17 ദിവസമായി കൊല്ലം ശാസ്തം കോട്ടയിലെ സ്വകാര്യ ആശുപത്രിയുടെ മോര്‍ച്ചറിയില്‍ കിടക്കുകയാണ്. കൊല്ലം തുരുത്തിക്കരയില്‍ ദലിത് ക്രൈസ്തവര്‍ ഇടവക അംഗങ്ങളായ  ജെറുസലേം മാര്‍ത്തോമാ പള്ളിയുടെ സെമിത്തേരി മാലിന്യപ്രശ്‌നം ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച് ഒരു സംഘമാളുകള്‍ സംസ്‌കാരം തടയുകയായിരുന്നു. കലക്ടര്‍ ഇടപെട്ട് ഒത്തു തീര്‍പ്പ് നടന്നു. സെമിത്തേരിയിലെ കല്ലറ കോണ്‍ക്രീറ്റ് ചെയ്യണം. അതിന് ഇനിയും ദിവസങ്ങളെടുക്കും. അതുവരെ അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കണം. 

തര്‍ക്കത്തിന്‌ പരിഹാരമായില്ല; 15ാം ദിവസവും ദളിത്‌ സ്‌ത്രീയുടെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ

കണ്ടില്ലെന്ന് നടിച്ച് എത്ര നാള്‍?
കേരളത്തിലായാലും ഇന്ത്യയിലെവിടെയായാലും ജാതീയ പീഡനങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ കൂടിക്കൊണ്ടിരിക്കുക തന്നെയാണ്. ദലിത് സമുദായം തന്നെ അതിനെതിരെ പോരാടി മുന്നോട്ട് വരുന്നുണ്ട് എന്നതു കൊണ്ടാണ് പല സംഭവങ്ങളും വാര്‍ത്തയാവുന്നത് തന്നെ. അത്ര നിശബ്ദമല്ല ഇപ്പോള്‍ കാര്യങ്ങള്‍. എന്നാലും അതിക്രമങ്ങള്‍ക്ക് ഒരു കുറവുമില്ല. വാര്‍ത്തകള്‍ക്കപ്പുറം എത്രപേര്‍ക്ക് നീതി കിട്ടുന്നുണ്ട് എന്നതും ചോദ്യചിഹ്‌നമാണ്.

അതുകൊണ്ട്, ജാതീയ പീഡനങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ നിഷ്‌കളങ്കമായി നമ്മളിനിയും ഞെട്ടാതിരിക്കേണ്ടതുണ്ട്. ഇത് യാഥാര്‍തഥ്യമാണ്. ഇത്തരം സംഭവങ്ങള്‍ ഇല്ലാതാവണമെങ്കില്‍, ആ തിരിച്ചറിവാണ് ആദ്യമുണ്ടാവേണ്ടത്. നമ്മുടെ ഉള്ളിലും അടിഞ്ഞു കിടക്കുന്ന ജാതിബോധത്തിന്റെ മാറാല തൂത്തുവൃത്തിയാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. കണ്ണടച്ചാല്‍ ഇരുട്ടാകും, പക്ഷെ, രാത്രിയാകില്ലല്ലോ...

Follow Us:
Download App:
  • android
  • ios