ഫ്രീഡം ഡേ, ജൂബിലി ദിവസം, വിമോചന ദിനം എന്നൊക്കെ വിളിപ്പേരുള്ള ജൂൺറ്റീൻത് ഇത്തവണ  പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. 

Juneteenth അഥവാ ജൂൺ19 അമേരിക്കക്കാർക്ക് രണ്ടാം സ്വാതന്ത്ര്യ ദിനമാണ്. അമേരിക്കയിൽ അടിമത്തം പൂർണമായും അവസാനിച്ചതിന്‍റെ സ്മരണയ്ക്കായാണ്‌ ഇതിനെ രണ്ടാം വിമോചന ദിനമായി അമേരിക്കക്കാർ കാണുന്നത്.

June 19, 1865... അന്നാണ് ടെക്സാസ് എന്ന തെക്കൻ സംസ്ഥാനവും അടിമത്ത നിരോധനവുമായി മുന്നോട്ടുവന്നത്. ഇതിനെ സ്‍മരിച്ചാണ് അമേരിക്കയിലെ കറുത്ത വംശജർ അവരുടെ ഏറ്റവും പഴക്കമേറിയ ആഘോഷങ്ങളുമായി മുന്നോട്ടു പോവുന്നത്. അമേരിക്കയിലെ ജോർജ് ഫ്ലോയ്‍ഡ് കൊലയെ തുടർന്ന് പടിഞ്ഞാറൻ നാടുകളിലാകമാനം രൂപപ്പെട്ട ‘കറുത്ത ജീവിതങ്ങൾ പ്രധാനമാണ്’(ബ്ലാക്ക് ലൈവ്സ് മാറ്റർ) പ്രക്ഷോഭത്തെ തുടർന്നുള്ള അന്തരീക്ഷത്തിലാണ് ഇത്തവണത്തെ ജൂൺറ്റീൻത് എന്നതും ശ്രദ്ധേയമാണ്. 

വംശീയമേധാവിത്തത്തിന്‍റെ ചിഹ്നങ്ങളായ എല്ലാ സ്മാരകങ്ങളും നീക്കം ചെയ്യണമെന്ന ആവശ്യവും ശക്തമായി ലോകമെമ്പാടും ഇപ്പോൾ അലയടിച്ചുകൊണ്ടിരിക്കുകയാണ്. ജൂൺ 11 -ന് അമേരിക്കയിലെ മിയാമിയിൽ ക്രിസ്റ്റഫർ കൊളംബസിന്‍റെ പ്രതിമയുടെ തലയൊടിച്ചത് ഏവരെയും അമ്പരപ്പിച്ചു. 'അമേരിക്ക കണ്ടുപിടിച്ചയാൾ' എന്ന നിലയിൽ പാഠപുസ്‍തകങ്ങളിൽ തലമുറകളായി നമ്മളറിയുന്ന കൊളംബസാണ് അമേരിക്കയിലേക്ക് അടിമകളെയും കൊണ്ടുവന്നത്. മയാമി, റിച്ച്‌മണ്ട്, വെർജീനിയ, സെന്‍റ് പോൾ, മിനസോട്ട, ബോസ്റ്റൺ എന്നിവിടങ്ങളിൽ കൊളംബസ് പ്രതിമകൾ സമരക്കാർ മറിച്ചിട്ടു. അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് (1861–65) കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് പ്രസിഡന്‍റായിരുന്ന ജെഫേഴ്‍സൻ ഡേവിസിന്‍റെ പ്രതിമ പ്രക്ഷോഭകർ തകർത്തു മുന്നേറുകയാണ്. കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് അടിമത്തത്തിനു വേണ്ടി വാദിച്ച സംസ്ഥാനങ്ങളുടെ കൂട്ടായ്‍മയാണ്. 

ഇതിനിടെ ഇന്ത്യയുടെ കോളനിവൽക്കരണത്തിൽ പ്രധാന പങ്കുവഹിച്ച റോബർട്ട്‌ ക്ലൈവിന്‍റെ പ്രതിമ നീക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്‌. ബ്രിട്ടീഷ്‌ ചരിത്രകാരൻ വില്യം ഡാൾറിമ്പിൾ 'മനോരോഗിയായ സാമൂഹ്യവിരുദ്ധൻ' എന്നാണ്‌ ക്ലൈവിനെ വിശേഷിപ്പിച്ചിട്ടുള്ളത്‌. ബ്രിട്ടീഷ് കൊളോണിയലിസ്റ്റ്‌ സെസിൽ റോഡ്‌സിന്‍റെ പ്രതിമ നീക്കാൻ ഓക്‌സ്‌ഫെഡ്‌ സർവകലാശാലയിലെ ആയിരക്കണക്കിന്‌ വിദ്യാർഥികൾ ഒറിയൽ കോളേജിന്‌ മുന്നിൽ സമരം തുടങ്ങിയിരിക്കുകയാണ്. സ്‍കൗട്ട് പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ബേഡൻ പവലിന്‍റെ ദക്ഷിണ ഇംഗ്ലണ്ടിലെ പൂളിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമ നീക്കം ചെയ്യുമെന്ന് അധികൃതർ പറഞ്ഞത് സമരക്കാർക്ക് ആവേശം പകരുന്നതായി. ബ്രിട്ടിഷ് സാമ്രാജ്യകാലത്ത് ദക്ഷിണാഫ്രിക്കയിൽ കറുത്തവർഗക്കാരെ അടിച്ചമർത്തിയ ബോവർ യുദ്ധം നയിച്ച ജനറലാണ് ബേഡൻ പവൽ. സമരം ഇപ്പോൾ ന്യൂസിലാൻഡിലും എത്തിയിരിക്കയാണ്. 'ഗോത്രവർഗക്കാരുടെ കൊലയാളി'യെന്ന വിളിപ്പേരുനേടിയ ബ്രിട്ടീഷ് നാവികൻ ക്യാപ്റ്റൻ ജോൺ ഹാമിൽട്ടന്‍റെ വെങ്കലപ്രതിമ നീക്കി ന്യൂസിലാൻഡിലെ ഹാമിൽട്ടൺ നഗരം. 1860 -കളിൽ ആയിരക്കണക്കിന് മവോരി ഗോത്രവർഗക്കാരെ കൂട്ടക്കുരുതി നടത്തിയ ഹാമിൽട്ടന്റെ പ്രതിമ നീക്കാൻ ഗോത്രവർഗക്കാർ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ഒരു നഗരത്തിന്‍റെ പേരിനുടമയായ വ്യക്തിയുടെതന്നെ പ്രതിമയാണ് ന്യൂസിലാൻഡിൽ നീക്കിയിരിക്കുന്നത്.

ഫ്രീഡം ഡേ, ജൂബിലി ദിവസം, വിമോചന ദിനം എന്നൊക്കെ വിളിപ്പേരുള്ള ജൂൺറ്റീൻത് ഇത്തവണ പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. 2020 മേയ് 25 -ാം തീയതി 20 ഡോളറിന്റെ വ്യാജനോട്ട് നൽകി സിഗരറ്റ് വാങ്ങി എന്ന കുറ്റാരോപണത്തിന്‍റെ പേരിൽ നാൽപ്പത്താറുകാരനായ ജോർജ് ഫ്ളോയ്‌ഡ് എന്ന ആഫ്രോ അമേരിക്കൻ യുവാവ് മിനിയപോളിസ് പൊലീസ് ഉദ്യോഗസ്ഥനായ ഡെറെക് ഷോവിന്‍റെ കാൽമുട്ടിനടിയിൽ എട്ടുമിനിറ്റ് നാൽപ്പത്താറ് സെക്കൻഡുകൊണ്ട് പിടഞ്ഞുമരിക്കുകയായിരുന്നു. ഇതിനെതിരെ ഉയർന്ന വികാരം ആളിക്കത്തുക തന്നെയാണ് ലോകമെമ്പാടും. അമേരിക്കൻ ദേശീയതയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന ആൾരൂപമാണ് വെള്ളക്കാരനായ അങ്കിൾ സാം. വെള്ളക്കാരന്‍റെ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്ന അങ്കിൾ സാം കടപുഴകിയേ തീരൂ എന്നാണ് ഇപ്പോളത്തെ മുദ്രാവാക്യം. 

പുതിയലോകം (New world) എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ ഭൂഖണ്ഡങ്ങളെയും പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളെയും കോളനിവത്‌കരണത്തിനായി യൂറോപ്യൻ ശക്തികളായ സ്പെയിനും പോർച്ചുഗലും 1494 -ൽ തോർഡെസിയാസ് (Treaty of Tordesillas) ഉടമ്പടിയിലൂടെ പകുത്തെടുത്തതിനുശേഷമാണ് ലോകമെമ്പാടുമുള്ള വിഭവങ്ങൾ തദ്ദേശീയരെ കീഴ്‌പ്പെടുത്തിക്കൊണ്ട് മുന്നോട്ടു പോയത്. പോരെങ്കിൽ യൂറോപ്യേതര ലോകത്തിലെ അപരിഷ്‌കൃതരെ സാംസ്‍കാരികവത്‌കരിക്കാനുള്ള ചരിത്രപരവും ദൈവദത്തവുമായ വെള്ളക്കാരന്‍റെ കർത്തവ്യഭാരം (White man's burden) വെളുത്തവർക്ക് കറുത്തവനെ അടിമയാകുന്നതിനുള്ള ദൈവദത്ത അധികാരവും ഉറപ്പിച്ചു.

ഇപ്പോഴിതാ ജോര്‍ജ് ഫ്ളോയിഡിന്‍റെ മരണത്തെ തുടര്‍ന്നുള്ള പ്രതിഷേധക്കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോള്‍ തന്നെ അറ്റ്‌ലാന്റ് പൊലീസ് മറ്റൊരു കറുത്തവര്‍ഗക്കാരനെ കൂടി വെടിവെച്ച് കൊലപ്പെടുത്തിയിരിക്കുന്നു. 27 -കാരനായ റെയ്ഷാര്‍ഡ് ബ്രൂക്‌സാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് അറ്റ്‌ലാന്‍റ് പൊലീസ് മേധാവി എറിക്ക ഷീല്‍ഡ്‌സ് രാജിവെക്കുകയും ചെയ്‍തു. വെള്ളിയാഴ്ചയാണ് ബ്രൂക്‌സ് പൊലീസിന്‍റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ബ്രൂക്‌സ് കാറിനുള്ളില്‍ കിടന്ന് ഉറങ്ങിയത് വെന്‍ഡീസ് റസ്റ്റാറന്റിന് മുന്നിലെ റോഡില്‍ ഗതാഗതകുരുക്കിന് കാരണമായതാണ് കയ്യാങ്കളിയിലേക്കും കൊലയിലേക്കും എത്തിച്ചേര്‍ന്നത്. ഇതോടെ, അമേരിക്കയില്‍ വീണ്ടും പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ഏതായാലും, കാലങ്ങളായി തുടരുന്ന അടിമത്ത മനോഭാവത്തിനെതിരെയുള്ള കൊടുങ്കാറ്റ് തന്നെയാണ് ഈ മഹാമാരിക്കിടയിലും ആഞ്ഞടിക്കുന്നത്. അതിനിടയില്‍ ജൂണ്‍ 19 എങ്ങനെയാവുമെന്ന് കാത്തിരുന്നു തന്നെ കാണണം.