ഇല്ലാത്ത രോഗത്തിന്റെ പേരിൽ കാനഡയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ വനിതാ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും മുന്നിൽ സ്വകാര്യഭാഗം പ്രദർശിപ്പിച്ച ഇന്ത്യൻ വംശജനായ യുവാവ് പൊലീസ് കസ്റ്റഡിയില്‍. വ്യാജ പേരിലടക്കം ഇയാൾ വിവിധ ക്ലിനിക്കുകളില്‍ എത്തിയിരുന്നു. 

ഇല്ലാത്ത രോ​ഗത്തിന്റെ പേരും പറഞ്ഞ് വനിതാ ഡോക്ടർമാരുടെയും മറ്റ് മെഡിക്കൽ പ്രഫഷണലുകടെയും മുന്നിൽ സ്വകാര്യഭാ​ഗം പ്രദർശിപ്പിച്ച കുറ്റത്തിന് കാനഡയിൽ ഇന്ത്യൻ വംശജനായ യുവാവിനെ കസ്റ്റഡിയിലെടുത്തു. മിസിസാഗയിലെ വിവിധ മേഖലകളിൽ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ പരാതികളെത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വൈഭവ് എന്നാണ് ഇയാളുടെ പേര്. 2025 -ൽ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഇയാൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് നടിച്ച് നിരവധി മെഡിക്കൽ സെന്ററുകൾ സന്ദർശിച്ചതായി കരുതുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. വനിതാ ഡോക്ടർമാരോട് അനുചിതമായി ഇടപെട്ടു എന്നും അതിനായി ഇല്ലാത്ത ചില രോ​ഗങ്ങളുണ്ട് എന്ന് പറയുകയായിരുന്നു എന്നും അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു.

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ബ്രാംപ്ടൺ നിവാസിയായ വൈഭവിനെ കസ്റ്റഡിയിലെടുത്തു എന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, 12 ഡിവിഷൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വനിതാ സ്റ്റാഫ് അംഗങ്ങളോട് കള്ളം പറഞ്ഞ് മോശമായി ഇടപെടുക മാത്രമല്ല, ഇയാൾ ചില സന്ദർശന വേളകളിൽ വ്യാജ പേര് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ആകാശ് ദീപ് സിം​ഗ് എന്നാണ് ഇയാൾ നൽകിയ പേരുകളിൽ ഒന്ന്. ഡിസംബർ 4 -നാണ് വൈഭവിനെ കസ്റ്റഡിയിലെടുത്തത്. ജാമ്യാപേക്ഷ പരിഗണിച്ച് നിലവിൽ ഇയാൾ തടവിലാണ്.

പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തി ചെയ്യുക, വ്യക്തിപരമായ നേട്ടത്തിനായി ഐഡന്റിറ്റി മാറ്റി പറയുക, മറ്റൊരാളുടെ തിരിച്ചറിയൽ കാർഡ് കൈവശം വയ്ക്കുക, ഐഡന്റിറ്റി മോഷ്ടിക്കുക എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഈ പരാതി നൽകിയതിലും അധികം സ്ത്രീകളെ ഇയാൾ ഇതുപോലെ പറ്റിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ടാവാം എന്നാണ് കരുതുന്നത്.