ഴിഞ്ഞ ദിവസമാണ് ബൗദ്ധിക സ്വത്തവകാശ വിദഗ്ദ്ധന്‍ കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് നിഹാദ് മന്‍സിലില്‍ ഡോ. ഷംനാദ് ബഷീറിനെ കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 43 വയസ്സായിരുന്നു അദ്ദേഹത്തിന്. കാന്‍സര്‍ മരുന്ന് ചുരുങ്ങിയ ചിലവില്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ വഴി തുറന്നതിനു പിന്നില്‍ ഡോ. ഷംനാദിന്‍റെ ഇടപെടലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രക്താര്‍ബുദം ഉള്‍പ്പടെയുള്ള രോഗങ്ങള്‍ക്കാവശ്യമായ മരുന്ന് നമ്മുടെ രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കാമെന്നും ഇതിന് ആഗോള പേറ്റന്‍റ് നിയമം ബാധകമല്ലായെന്നും വാദിച്ചു ജയിച്ചത് ഡോ. ഷംനാദാണ്. 

ഷംനാദിന്‍റെ പിതാവ് അഭിഭാഷകനായിരുന്നു. എന്നാല്‍, അതുമാത്രമല്ല അദ്ദേഹത്തെ നിയമം പഠിക്കുന്നതിലേക്ക് നയിച്ചത്. പിതാവ് അഭിഭാഷകനാണ് എന്നത് തന്നെ സ്വാധീനിച്ചു. ഒപ്പം തന്നെ ഗാന്ധിജിയും അംബേദ്‍കറും അഭിഭാഷകരായിരുന്നു. അവരെ അഭിമാനത്തോടെ നോക്കിക്കണ്ട ഞാന്‍ ചെറുപ്പത്തിലേ അഭിഭാഷകനാകാന്‍ ഒരുങ്ങിയിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. 

സാമൂഹിക പ്രതിബദ്ധതയുള്ള ഒരാളെന്ന നിലയില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ ഇടപെടലൊക്കെയും. രക്താര്‍ബുദത്തിനുള്ള മരുന്ന് ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കാനുള്ള പേറ്റന്‍റിനായി അദ്ദേഹം നടത്തിയ ഇടപെടലുകള്‍ അതില്‍ ശ്രദ്ധേയമാണ്. രക്താര്‍ബുദത്തിനുള്ള മരുന്നിന് ഇന്ത്യയില്‍ പേറ്റന്‍റ് നേടാനായി സ്വിസ് കമ്പനിയായ നൊവാര്‍ട്ടിസ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇന്ത്യന്‍ പേറ്റന്‍റ് ഓഫീസ് ആ അപേക്ഷ തള്ളി. അതോടെ കമ്പനി സുപ്രീം കോടതിയെ സമീപിച്ചു. അന്ന്, ആ ഹര്‍ജിയില്‍ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത് ഷംനാദിനെ ആയിരുന്നു. നൊവാര്‍ട്ടിസ് പോലെയുള്ള രാജ്യാന്തര ഔഷധ കുത്തകകള്‍ക്ക് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം തീറെഴുതരുതെന്ന് ഷംനാദ് വാദിച്ചു. അത് കോടതി അംഗീകരിച്ചു. അങ്ങനെ നൊവാര്‍ട്ടിസ് കേസില്‍ പരാജയപ്പെട്ടു. നൊവാര്‍ട്ടിസിന്‍റെ മരുന്നിന് ഒരുമാസത്തെ ഡോസിന് 1.2 ലക്ഷമായിരുന്നു വിലയെന്നോര്‍ക്കണം. ആ സമയത്ത് ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുന്ന ജനറിക് മരുന്നുകള്‍ക്ക് 8000 രൂപ മാത്രമായിരുന്നു വില. കാന്‍സറിന്‍റെ മരുന്ന് വില കുറച്ച് ലഭ്യമാക്കാന്‍ സഹായിച്ചു എന്നത് തന്നെയാണ് അദ്ദേഹത്തിന്‍റെ ഇടപെടലുകളിലേറ്റവും ശ്രദ്ധേയം. 

2010 -ല്‍ ഷംനാദ് ഇന്‍ക്രീസിങ് ഡൈവേഴ്സിറ്റി ബൈ ഇന്‍ക്രീസിങ് അക്സസ് ടു ലീഗല്‍ എജുക്കേഷന്‍ എന്ന ട്രസ്റ്റ് തുടങ്ങി. ഇന്ത്യയിലെ നിയമസര്‍വകലാശാലകള്‍ വരേണ്യര്‍ക്ക് മാത്രമുള്ളതാണ്. സാധാരണക്കാരായ, നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് നിയമ മേഖലയിലെത്തിച്ചേരാന്‍ കഴിയണം. എങ്കിലേ അവരുള്‍പ്പെടുന്ന വിഭാഗത്തിന്‍റെ സ്ഥിതി മെച്ചപ്പെടുത്താനും നീതിയിലധിഷ്ഠിതമായ സമൂഹം സൃഷ്ടിക്കാനുമാകൂ. അതിനാല്‍ത്തന്നെ നിയമത്തില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്നുതന്നെ കണ്ടെത്തി പരിശീലനം നല്‍കി നിയമ സര്‍വകലാശാലകളിലെ പരീക്ഷയ്ക്ക് അവരെ തയ്യാറാക്കുക, അവരുടെ ഫീസ് നല്‍കുന്നതിലൊക്കെ സഹായിക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നു ട്രസ്റ്റിന്.

കേരളം ഇനിയും ശ്രദ്ധിച്ചിട്ടില്ലാത്ത ബൗദ്ധിക സ്വത്തവകാശ മേഖലയിലെ പ്രധാനിയായിരുന്നു ഡോ. ഷംനാദ്. അദ്ദേഹത്തിന്‍റെ മരണത്തിലൂടെ ഇല്ലാതായിരിക്കുന്നത് ആ മേഖലയിലെ ശക്തമായ ശബ്ദം തന്നെയാണ്. 

ബംഗളൂരുവിലെ നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ, ഓക്സ്ഫോഡ് എന്നിവിടങ്ങളിലായിരുന്നു നിയമപഠനം, ഓക്സ്ഫോഡില്‍ നിന്ന് ഡിസ്റ്റിങ്ഷനോടെ എം ഫില്‍ നേടി. ജോര്‍ജ്‍വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍, പശ്ചിമബംഗാള്‍ ദേശീയ നിയമ സര്‍വകലാശാലയില്‍ ബൗദ്ധിക സ്വത്തവകാശ പ്രൊഫസര്‍, ഓക്സ്ഫോഡില്‍ ബൗദ്ധിക സ്വത്തവകാശ ഗവേഷണ കേന്ദ്രത്തില്‍ റിസര്‍ച്ച് അസോഷ്യേറ്റ് എന്നിങ്ങനെയെല്ലാം പ്രവര്‍ത്തിച്ചു. മാനവിക മേഖലയിലെ ഗവേഷണത്തിന് 2014 -ലെ ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന്‍ സമ്മാനം നേടി.