Asianet News MalayalamAsianet News Malayalam

മാലിന്യസംസ്‍ക്കരണം മൂന്ന് ഘട്ടങ്ങളായി നടത്താം...

ഈ ഘട്ടത്തിൽ തരം തിരിക്കലും, സുരക്ഷിതമായി, പ്രകൃതിക്കു ദോഷമില്ലാതെ സംസ്കരിക്കുക ആണ്. വേസ്റ്റ് ഡിസ്പോസൽ എന്നാൽ വളരെ ചിലവ് കൂടിയ പദ്ധതിയാണ്. അതിനാൽ ഓരോ ഘട്ടവും വളരെ ശ്രദ്ധയോടെ വേണം ചെയ്യാൻ.

dr. suresh c pillai writes  on waste disposal
Author
Thiruvananthapuram, First Published Aug 12, 2019, 1:15 PM IST

വെള്ളപ്പൊക്ക ദുരന്തഭൂമിയിൽ നിന്നും നീക്കം ചെയ്ത പല തരത്തിലുള്ള വേസ്റ്റുകൾ എങ്ങിനെ സംസ്കരിക്കണം എന്ന് പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ആണ് ഇവിടെ പങ്കു വയ്ക്കുന്നത്.

dr. suresh c pillai writes  on waste disposal

ചിത്രത്തിൽ കാണുന്നതു പോലെ വേസ്റ്റ് നിർമ്മാർജ്ജനം മൂന്ന് ഘട്ടങ്ങളിൽ ആയി നടത്തേണ്ടി വരും.

dr. suresh c pillai writes  on waste disposal

ആദ്യത്തേത് ഇപ്പോൾ നടക്കുന്ന താൽക്കാലികമായി വേസ്റ്റുകൾ വാസസ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുക എന്നതാണ്. ആ ഘട്ടം എല്ലായിടത്തും ഏകദേശം പൂർണ്ണമായി കാണും. ഇപ്പോൾ പ്രളയം നടന്ന സ്ഥലത്തുള്ള വീടുകളുടെ മുൻപിൽ കൂടി പോയാൽ നമുക്ക് വേസ്റ്റ് കൂട്ടിയിട്ടിരിക്കുന്നതായി കാണാം.

ഇനിയുള്ള രണ്ടാഴ്ചക്കാലം വളരെ പ്രധാനപ്പെട്ടതാണ്. ഇതാണ് രണ്ടാം ഘട്ടം:

ഈ ഘട്ടത്തിൽ തരം തിരിക്കലും, സുരക്ഷിതമായി, പ്രകൃതിക്കു ദോഷമില്ലാതെ സംസ്കരിക്കുക ആണ്. വേസ്റ്റ് ഡിസ്പോസൽ എന്നാൽ വളരെ ചിലവ് കൂടിയ പദ്ധതിയാണ്. അതിനാൽ ഓരോ ഘട്ടവും വളരെ ശ്രദ്ധയോടെ വേണം ചെയ്യാൻ.

തരം തിരിക്കൽ ഒന്നാം ഭാഗം: ആദ്യമായി തന്നെ ജൈവ (organic), അജൈവ (inorganic- ജഡികമായ) വസ്തുകൾ വേർതിരിക്കുകയാണ് ചെയ്യേണ്ടത്. ജൈവ വസ്തുക്കൾ സ്വന്തം ഭൂമിയിൽ തന്നെ സംസ്കരിക്കുന്നതാണ് ഉത്തമം. മരങ്ങളുടെ കൊമ്പുകൾ, ഓല, ഇലകൾ ഇവ ചെറുതായി നുറുക്കി ഭൂമിയിൽ തന്നെ നിക്ഷേപിക്കാം. ഇവ അഴുകി ഭൂമിയിൽ വളം ആയി മാറും. അഴുകിയ ജൈവ വസ്തുക്കളുടെ (മൃഗങ്ങൾ മറ്റു ജീവികൾ) അവശിഷ്ടങ്ങൾ മനുഷ്യ ശരീരവുമായി സമ്പർക്കത്തിൽ വരാതെ, ആഴത്തിൽ കുഴി എടുത്തു മൂടണം. ഗ്ലൗസ്, ഫേസ് മാസ്ക് ഇവ ഉപയോഗിച്ചേ അഴുകിയ വസ്തുക്കൾ സംസ്കരിക്കാവൂ. അജൈവ (inorganic) വസ്തുക്കളിൽ മണ്ണ്, ചെളി എന്നിവ ഭൂമിയിൽ തന്നെ നിക്ഷേപിക്കാം. ഒന്നാമതായി ഇത് നല്ല വളക്കൂർ ഉള്ളതാണ്, രണ്ടാമത് മണ്ണ്, ചെളി എന്നിവ മറ്റു വേസ്റ്റുകളിൽ നിന്നും മാറ്റുന്നതിനാൽ, അവ കൃത്യമായി പ്രകൃതിക്കു ദോഷം ഇല്ലാതെ സംസ്കരിക്കാൻ പറ്റും.

തരംതിരിക്കൽ രണ്ടാം ഭാഗം: ആദ്യ ഘട്ടത്തിൽ ശേഖരിച്ച അജൈവ (inorganic) വസ്തുക്കളിൽ നിന്നും വീണ്ടുമുള്ള തരംതിരിക്കൽ വളരെ പ്രധാനമാണ്. ഇതിന് മുൻപേ അറിഞ്ഞിരിക്കേണ്ട മൂന്ന് കാര്യങ്ങൾ ആണ് Reduce, Reuse, Recycle. ഒന്നാമത്തേത് കഴിവതും വേസ്റ്റ് കുറയ്ക്കുക (Reduce) എന്നതാണ്. രണ്ടാമതായി ആലോചിക്കേണ്ട കാര്യം വീണ്ടും ഉപയോഗിക്കാൻ (Reuse) പറ്റിയ വസ്തുക്കൾ കണ്ടെത്തുക ആണ്. മൂന്നാമതായി പുനചംക്രമണം (Recycle) ചെയ്യാനുള്ള വസ്തുക്കൾ മാറ്റി വയ്ക്കുക. ഏറ്റവും അവസാനമേ 'disposal (സംസ്കരണം/ നശിപ്പിക്കൽ) -നെ ക്കുറിച്ചു ആലോചിക്കാവൂ. പ്ലാസ്റ്റിക്കുകൾ, ഗ്ലാസ്, മറ്റു സോളിഡ് വേസ്റ്റുകൾ, ലോഹങ്ങൾ, ലോഹ സംയുക്തങ്ങൾ എന്നിവ വേർതിരിക്കണം.

പ്ലാസ്റ്റിക്കുകൾ: പ്ലാസ്റ്റിക്കുകൾ എല്ലാം പുനചംക്രമണം (recycle) ചെയ്യാൻ പറ്റില്ല. പ്ലാസ്റ്റിക്കുകളെ തെർമോപ്ലാസ്റ്റിക്, തെർമോസെറ്റിങ് പ്ലാസ്റ്റിക് എന്നിങ്ങനെ രണ്ടായി തരം തിരിക്കാം. 

ചൂടു തട്ടിയാൽ മൃദുവാവുകയും തണുത്താൽ ഉറക്കുകയും ചെയ്യുന്ന പ്രത്യേകത ഉള്ള പ്ലാസ്റ്റിക്കുകളാണ് തെർമോപ്ലാസ്റ്റിക്. ഇവയെ എത്ര പ്രാവശ്യം വേണമെങ്കിലും ചൂടാക്കുകയും, തണുപ്പിക്കുകയും ചെയ്യാം. 

എന്നാൽ, തെർമോസെറ്റിങ് പ്ലാസ്റ്റിക്ക് ഒരിക്കൽ മാത്രമേ ചൂടാക്കാൻ പറ്റൂ. പിന്നീട് അതിന്‍റെ പ്ലാസ്റ്റിക് ഗുണങ്ങൾ തിരികെ കിട്ടില്ല. (ഉദാഹരണം Melamine formaldehyde, Polyester resin, Epoxy Resins എന്നിവ). നമ്മൾ ദൈനം ദിനം കാണുന്ന പല പ്ലാസ്റ്റിക്കുകളും തെർമോപ്ലാസ്റ്റിക് ആണ്. ഇവ പുനചംക്രമണം (recycle) ചെയ്യാൻ പറ്റിയ പ്ലാസ്റ്റിക്കുകൾ ആണ് (ഉദാഹരണത്തിന് Polyethylene, polypropylene, polyvinyl chloride, polystyrene, polybenzimidazole, acrylic, nylon Teflon എന്നിവ). ഇവ വേർതിരിച്ചു ക്ലീൻ ചെയ്തു മാറ്റി വയ്ക്കുക. ഇത് അടുത്തുള്ള സന്നദ്ധ സംഘടനകൾ വഴി പുനചംക്രമണ (recycle) കേന്ദ്രങ്ങളിൽ എത്തിക്കാം.

കുപ്പിച്ചില്ലുകൾ, സിമന്‍റ് കട്ടകൾ, ഇഷ്ടിക എന്നിവ വേർതിരിച്ചു കുഴികൾ ഉണ്ടാക്കി അതിൽ നിക്ഷേപിക്കാം. അല്ലെങ്കിൽ മൂടാൻ ഉള്ള കിണറുകൾ, കുഴികൾ ഇവയിലും ഇട്ടു മൂടാം.

ആസ്ബസ്റ്റോസ്: വളരെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമാണ് ആസ്ബസ്റ്റോസുമായുള്ള സമ്പർക്കം: ആസ്ബസ്റ്റോസ് (Chrysotile) നെ International Agency for Research on Cancer (IARC) carcinogen (കാൻസറിനു കാരണമായ) കെമിക്കലുകളുടെ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. അതായത് ആസ്ബസ്റ്റോസുമായുള്ള സമ്പർക്കം ശ്വാസകോശ അർബുദം ഉൾപ്പെടെ പല അസുഖങ്ങൾക്കും (parenchymal asbestosis, peritoneal mesothelioma) ഹേതുവാകും എന്നാണ് പറയുന്നത്. (Agency for Toxic Substances and Disease Registry (ATDSR), U.S. Department of Health and Human Services (2007). ["Asbestos Toxicity 'Case Studies in Environmental Medicine']- "Asbestos exposure is associated with parenchymal asbestosis, asbestos-related pleural abnormalities, peritoneal mesothelioma, and lung cancer, and it may be associated with cancer at some extra-thoracic sites" .) 

വേണ്ട ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാതെ ഒരിക്കലും ആസ്ബസ്റ്റോസ് പൊളിക്കുകയോ മുറിക്കുകയോ ചെയ്യരുത്. എന്തിന് തൊടുക പോലും ചെയ്യരുത്. അനുയോജ്യമായ Respiratory Protection മാസ്കുകളും, കയ്യുറകളും ഇല്ലാതെ ആസ്ബസ്റ്റോസ് മുറിക്കുകയോ, എടുക്കുകയോ ചെയ്യരുത്. ആസ്ബസ്റ്റോസ് വേസ്റ്റുകളും വലിയ ഒരു കുഴി ഉണ്ടാക്കി കുഴിച്ചു മൂടാം.

സോഫ, കസേരകൾ, കട്ടിൽ: ഇവിടെയും, ആദ്യം നോക്കേണ്ടത് പുനരുപയോഗത്തിനു പറ്റുമോ എന്നതാണ്. വേസ്റ്റ് ആയി തള്ളുന്നതിനു മുമ്പേ ഇവ റിപ്പയർ ചെയ്തു പുനരുപയോഗം ചെയ്യാൻ പറ്റുമോ എന്നത് ഒരു അപ്ഹോൾസ്റ്ററി വിദഗ്ദനെയോ അല്ലെങ്കിൽ കാർ പെന്ററെയോ കാണിച്ചു അഭിപ്രായം ചോദിക്കുക. പറ്റില്ലെങ്കിൽ മാത്രം ഡിസ്പോസലിനെ ക്കുറിച്ചു ആലോചിക്കുക. തീർത്തും ഉപയോഗശൂന്യം എങ്കിൽ, ഇതിൽ നിന്നും പ്ലാസ്റ്റിക്, ലോഹങ്ങൾ, തടി ഇവ പ്രത്യേകം, പ്രത്യേകമായി മാറ്റുക. ലോഹങ്ങൾ മാറ്റിയിട്ട്, ലോഹങ്ങൾ എടുക്കുന്ന കടകളിൽ വിൽക്കാം. ഇങ്ങനെ ചെയ്താൽ പ്രകൃതിയോട് നീതി പുലർത്തുകയും, അൽപ്പം കൈക്കാശു കിട്ടുകയും ചെയ്യും. തടികൾ മറ്റു പല നിർമ്മാണ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. അല്ലെങ്കിൽ മുറിച്ചു ചെറുതാക്കി വിറകായി ഉപയോഗിക്കാം.

പുനരധിവാസത്തിനായുള്ള ഘട്ടം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വേസ്റ്റ് ഉണ്ടാവാൻ പോകുന്നത് മൂന്നാം ഘട്ടമായ 'പുനർ നിർമ്മാണ' പ്രക്രിയയിൽ ആണ്.

'നവ കേരളം' കെട്ടിപ്പടുക്കുമ്പോൾ സർക്കാരും, പ്രാദേശിക ഭരണ കർത്താക്കളും ഏറ്റവും ശ്രദ്ധിക്കേണ്ടത് ഓരോ ജില്ലയിലും സോളിഡ് വേസ്റ്റ് ഡിസ്പോസ് ചെയ്യാൻ പറ്റിയ 'ലാൻഡ് ഫിൽ' സൈറ്റുകൾ ശാസ്ത്രീയമായി രൂപകൽപ്പന ചെയ്യുകയും, പ്ലാസ്റ്റിക് വസ്തുക്കൾ വേർതിരിച്ചു പുനചംക്രമണം (Recycle) ചെയ്യാനുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു കാര്യക്ഷമായ 'പ്ലാസ്റ്റിക് റീസൈക്ലിങ്‌ സെന്ററു'കൾ സ്ഥാപിക്കുകയും ചെയ്യുന്നതിൽ ആണ്.

ഇതുകൂടാതെ, വീടുകളിൽ നിന്നും ശേഖരിക്കുന്ന ജൈവ വസ്തുക്കൾ (ഭക്ഷണത്തിന്റെ ബാക്കി, അഴുക്കായ പഴങ്ങൾ, പച്ചക്കറികൾ) കംപോസ്റ്റ് ആക്കി മാറ്റുവാനുള്ള നവീന സംരംഭങ്ങളും ആരംഭിക്കണം.

വീടുകളിലും മറ്റും വേസ്റ്റ് നിക്ഷേപിക്കുമ്പോൾ, വേസ്റ്റുകൾ മൂന്നു ബാഗുകളിൽ ആയി തരംതിരിച്ചു വേണം മുനിസിപ്പാലിറ്റിക്കു നൽകാൻ. ഒന്നാമത്തേതിൽ ജൈവ വേസ്റ്റുകൾ മാത്രം ശേഖരിക്കാം (ഇവ കംപോസ്റ്റ് ആക്കി കർഷകർക്ക് ന്യായ വിലയിൽ വിതരണം ചെയ്യാം).

രണ്ടാമത്തെ ബാഗിൽ, പ്ലാസ്റ്റിക് വേസ്റ്റുകൾ ശേഖരിക്കാം. ഇവ കോർപ്പറേഷന്റെ കീഴിൽ ഉള്ള പുനചംക്രമണ (Recycle) സെന്ററിൽ പുതുവസ്തുക്കൾ ആക്കി മാറ്റാം. മൂന്നാമത്തെ ബാഗിൽ, ലോഹങ്ങൾ, മറ്റു ഖര രൂപത്തിലുള്ള വേസ്റ്റുകളും നിക്ഷേപിക്കാം, ഇവയിൽ നിന്നും കോർപ്പറേഷന്റെ കീഴിൽ പുനർ ഉപയോഗ യോഗ്യം ആയ ലോഹങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ വേർതിരിച്ചെടുക്കാം.

ബാക്കിയുള്ള ഉപയോഗ യോഗ്യം അല്ലാത്ത വസ്തുക്കൾ മാത്രം 'ലാൻഡ് ഫിൽ സൈറ്റിലേക്ക്' ഡിസ്പോസ് ചെയ്യാം.

വേസ്റ്റ് സംസ്കരണത്തെ പ്പറ്റി പൊതുജനത്തെ ബോധവൽക്കരിക്കുമ്പോൾ ഈ മൂന്നു മാന്ത്രിക വാക്കുകൾ കൂടി പറഞ്ഞു കൊടുക്കണം Reduce (വേസ്റ്റ് കുറയ്ക്കുക), Reuse (പുനരുപയോഗിക്കുക), Recycle (പുനചംക്രമണം ചെയ്യുക).
 

Follow Us:
Download App:
  • android
  • ios