Asianet News Malayalam

ചൈനയിൽ നിന്നും 'ഡ്രാ​ഗൺ മാൻ', മനുഷ്യന്റെ ഇതുവരെ അറിയാത്ത പൂർവികർ, കണ്ടെത്തലിന്റെ ആവേശത്തിൽ ​ഗവേഷകർ

1933 -ൽ ഒരു നിർമാണത്തൊഴിലാളിയാണ് തലയോട്ടി കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബ്ലാക്ക് ഡ്രാഗണ്‍ നദീ തീരത്തുനിന്നും കണ്ടെത്തിയത് കൊണ്ടാണ് ഈ ഫോസിലിന് ഡ്രാഗണ്‍ മാന്‍ എന്ന പേര് വന്നത്. 

Dragon Man skull found in china
Author
China, First Published Jun 26, 2021, 10:53 AM IST
  • Facebook
  • Twitter
  • Whatsapp

1933 -ല്‍ ചൈനയിലെ ഹാര്‍ബിനില്‍ നിന്നും ഒരു തലയോട്ടി കണ്ടെത്തി. അതുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 'ഡ്രാഗണ്‍ മാന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ഫോസില്‍ മനുഷ്യവംശവുമായി ഏറ്റവുമധികം സാമ്യം പുലര്‍ത്തുന്ന കണ്ണിയാണ് എന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ആധുനികമനുഷ്യരിലേക്കുള്ള കണ്ണിയല്ല ഇവയെന്നും വംശനാശം സംഭവിച്ച വിഭാഗമാണ് ഇതെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. 

നിയാണ്ടര്‍ത്താല്‍, ഹോമോ ഇറക്ടസ് ഇവയെക്കാളെല്ലാമുപരി ഇവ ആധുനികമനുഷ്യരോട് ചേര്‍ന്നു നില്‍ക്കുന്നു എന്നാണ് കണ്ടെത്തല്‍. കിഴക്കൻ ഏഷ്യയിൽ 146,000 വർഷങ്ങൾക്ക് മുമ്പാണ് ഡ്രാഗണ്‍ മാന്‍ ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു. 1933 -ല്‍ കണ്ടെത്തിയെങ്കിലും അടുത്തിടെയാണ് ഡ്രാഗണ്‍ മാന്‍ ശാസ്ത്രജ്ഞരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. തലയോട്ടിയുടെ വിശകലനം ദി ഇന്നൊവേഷൻ ജേണലിൽ പ്രസിദ്ധീകരിച്ചു.

യുകെയിലെ മനുഷ്യപരിണാമത്തിന്‍റെ പഠനത്തില്‍ വിദഗ്ധനായ ലണ്ടന്‍ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പ്രൊഫ. ക്രിസ് സ്ട്രിംഗർ ഗവേഷണ സംഘത്തിലെ അംഗമായിരുന്നു. 'കഴിഞ്ഞ ദശലക്ഷം വർഷങ്ങളിലെ ഫോസിലുകളുടെ കാര്യത്തിൽ, ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണിത്' എന്നാണ് അദ്ദേഹം ബിബിസി ന്യൂസിനോട് പറഞ്ഞത്. ചൈനാ അക്കാദമി ഓഫ് സയൻസസിലെ ഗവേഷകരാണ് ഇതില്‍ പഠനങ്ങള്‍ നടത്തിയത്.

നമ്മുടേതുൾപ്പെടെ മറ്റ് മനുഷ്യവർഗങ്ങളിൽ നിന്നുള്ള ശരാശരി തലയോട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡ്രാഗണ്‍ മാന്‍റെ തലയോട്ടി വളരെ വലുതാണ്. എന്നാല്‍, തലച്ചോറിന് നമ്മുടേതിന് തുല്യമായ വലിപ്പമാണ് എന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ശക്തരായിരുന്നു എങ്കിലും അവ എങ്ങനെയാണ് ജീവിച്ചിരുന്നത് എന്നതിനെ കുറിച്ച് വ്യക്തമായ ധാരണകളൊന്നും കിട്ടിയിട്ടില്ല. കാരണം, അവ യഥാര്‍ത്ഥത്തില്‍ കണ്ടെത്തിയ സ്ഥലത്തുനിന്നുമല്ല വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവ പഠനത്തിനായി കിട്ടിയത് എന്നതാണ്. അതിനാല്‍ തന്നെ എന്തെങ്കിലും ആയുധങ്ങളോ ഒന്നും കണ്ടെടുക്കപ്പെട്ടിട്ടില്ല. 

1933 -ൽ ഒരു നിർമാണത്തൊഴിലാളിയാണ് തലയോട്ടി കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബ്ലാക്ക് ഡ്രാഗണ്‍ നദീ തീരത്തുനിന്നും കണ്ടെത്തിയത് കൊണ്ടാണ് ഈ ഫോസിലിന് ഡ്രാഗണ്‍ മാന്‍ എന്ന പേര് വന്നത്. എന്നാല്‍, ഇവയ്ക്ക് നല്‍കിയിരിക്കുന്ന ശാസ്ത്രനാമം ഹോമോ ലോംഗി എന്നാണ്. നഗരം അക്കാലത്ത് ജാപ്പനീസ് അധിനിവേശത്തിലായിരുന്നു. അതിന്റെ സാംസ്കാരിക മൂല്യത്തെ സംശയിച്ച്, ചൈനീസ് തൊഴിലാളി അത് വീട്ടിലേക്ക് കടത്തി. അത് അധിനിവേശക്കാരുടെ കൈയിൽ നിന്ന് ഒളിപ്പിച്ച് വച്ചു. അദ്ദേഹം അത് തന്റെ കുടുംബത്തിന്റെ കിണറിന്റെ അടിയിൽ ഒളിപ്പിച്ചു. അവിടെ അത് 80 വർഷത്തോളം കിടന്നു. മരിക്കുന്നതിനുമുമ്പ് തലയോട്ടിയെക്കുറിച്ച് ആ മനുഷ്യൻ കുടുംബത്തോട് പറഞ്ഞു, അങ്ങനെയാണ് ഒടുവിൽ ശാസ്ത്രജ്ഞരുടെ കൈകളിലെത്തിയത്. 

ഏതായാലും മനുഷ്യപരിണാമത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളിലൊന്നാണ് ഡ്രാ​ഗൺ മാൻ എന്ന് ​ഗവേഷകരും നരവംശശാസ്ത്രകുതുകികളും പറയുന്നു. 

(ആദ്യചിത്രം ഡ്രാ​ഗൺമാൻ ചിത്രകാരന്റെ ഭാവനയിൽ)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios