Asianet News MalayalamAsianet News Malayalam

മിഠായി തിന്നാല്‍ വായിലൂടെയും മൂക്കിലൂടെയും പുക, കുട്ടികളെ കുടുക്കി പുതിയ വൈറല്‍ ചലഞ്ച്

അപകടകരമായ രീതിയില്‍ ദുരന്തം വരുത്തി വയ്ക്കുന്ന പുതിയൊരു സോഷ്യല്‍ മീഡിയ ട്രെന്‍ഡിനെ കുറിച്ചുള്ള വാര്‍ത്തകള്‍...

dragons breath challenge viral video trend
Author
First Published Jan 21, 2023, 6:33 PM IST

സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളും ചലഞ്ചുകളും ചിലപ്പോഴൊക്കെ വരുത്തി വയ്ക്കുന്നത് വന്‍ ദുരന്തങ്ങളാണ്. ഇത്തരത്തിലുള്ള ചലഞ്ചുകളില്‍ പെട്ട് സ്വന്തം ജീവന്‍ അപകടത്തില്‍ ആക്കരുത് എന്ന് നിരവധി തവണ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ലഭിച്ചിട്ടും ഇപ്പോഴും അത് തുടരുന്ന പലരുമുണ്ട്. അപകടകരമായ രീതിയില്‍ ദുരന്തം വരുത്തി വയ്ക്കുന്ന പുതിയൊരു സോഷ്യല്‍ മീഡിയ ട്രെന്‍ഡിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ പുറത്തുവരുന്നത് ഇന്തോനേഷ്യയില്‍ നിന്നാണ്. ഡ്രാഗണ്‍ ബ്രീത്ത് ചലഞ്ച് എന്നപേരില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന ഈ ചലഞ്ച് ഏറ്റെടുത്ത് നടത്തിയ 25 കുട്ടികള്‍ അതീവ ഗുരുതരാവസ്ഥയില്‍ ആയിരിക്കുകയാണെന്നാണ് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്തോനേഷ്യന്‍ നഗരങ്ങളിലെ തെരുവുകളില്‍ ലഭിക്കുന്ന ഡ്രാഗണ്‍ ബ്രീത്ത് എന്നറിയപ്പെടുന്ന ലഘു ഭക്ഷണം കഴിക്കുന്നതാണ് ഈ ചലഞ്ച് . യഥാര്‍ത്ഥത്തില്‍ ഇതിനെ ഭക്ഷണം എന്ന് വിശേഷിപ്പിക്കാന്‍ പോലും സാധിക്കില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  ദ്രാവക രൂപത്തിലുള്ള നൈട്രജനില്‍ മുക്കി മിഠായികള്‍ കഴിക്കുന്നതാണ് ഡ്രാഗണ്‍ ബ്രീത്ത് എന്നറിയപ്പെടുന്നത്. കഴിക്കുമ്പോള്‍ കൃത്രിമമായൊരു പുകപടലം ഉണ്ടാകുന്നതിനു വേണ്ടിയാണ് മിഠായികള്‍ ഇത്തരത്തില്‍ ദ്രാവക രൂപത്തിലുള്ള നൈട്രജനില്‍ മുക്കുന്നത്. ഇത്തരത്തില്‍ മിഠായികള്‍ കഴിക്കുമ്പോള്‍ മൂക്കിലൂടെയും വായിലൂടെയും ചെവിയിലൂടെയും പുക പുറത്തേക്ക് വരും. ഇത് വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതാണ്  വൈറലായിരിക്കുന്ന ട്രെന്‍ഡ് . ഇത്തരത്തിലുള്ള സ്വന്തം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതോടൊപ്പം തന്നെ സുഹൃത്തുക്കളെയും പരിചയക്കാരെയും  ഈ ചലഞ്ച് ഏറ്റെടുക്കാന്‍ ക്ഷണിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ ഇത്തരത്തില്‍ നൈട്രജനില്‍ മുക്കിയ മിഠായികള്‍ കഴിച്ച 25 ഓളം കുട്ടികള്‍ക്ക് ശരീരത്തിലും ആന്തരിക അവയവങ്ങള്‍ക്കും പൊള്ളലേറ്റതായും കഠിനമായ ചര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആണ് ഇന്തോനേഷ്യയിലെ ആരോഗ്യ വിഭാഗം പുറത്തുവിടുന്ന റിപ്പോര്‍ട്ട് . അതുകൊണ്ടുതന്നെ ഈ പ്രവണത ഇനിയും കുട്ടികള്‍ അനുകരിക്കാതിരിക്കുന്നതിന് അധ്യാപകരും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഭക്ഷണം തയ്യാറാക്കുന്നതില്‍ ദ്രാവകരൂപത്തിലുള്ള നൈട്രജന്‍ ഉപയോഗിക്കുന്നത് പൊതുവില്‍ നിയമവിരുദ്ധമല്ല.  ആഡംബരം ഹോട്ടലുകളിലും മറ്റും ഭക്ഷണം വിളമ്പുമ്പോള്‍ നാടകീയത നല്‍കാന്‍ ഷെഫുകള്‍ പലപ്പോഴും ഇത് ഉപയോഗിക്കാറുണ്ട്. കൂടാതെ ഭക്ഷണം മരവിപ്പിക്കുന്നതിനുള്ള ഒരു ഘടകമായും മെഡിക്കല്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കും ദ്രാവകരൂപത്തിലുള്ള നൈട്രജന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിന്റെ ഉപയോഗം അശാസ്ത്രീയമായ രീതിയില്‍ നടത്തുമ്പോഴാണ് അപകടകരമായി തീരുന്നത്.

2022 ജൂലൈ 22-നാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ കേസ് ഇന്തോനേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് തുടരെത്തുടരെ നിരവധി കുട്ടികള്‍ക്ക്, ഈ ചലഞ്ച് ഏറ്റെടുത്ത് നടത്തിയതിനെ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. ഈ ചലഞ്ച് വ്യാപകമായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയതിനെ തുടര്‍ന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. 

കഴുത്തില്‍ സ്വയം കുരുക്കു മുറുക്കി ശ്വാസംമുട്ടിക്കുന്ന മറ്റൊരു സോഷ്യല്‍ മീഡിയ ചലഞ്ച് അനുകരിക്കുന്നതിനിടയില്‍ കഴിഞ്ഞദിവസം അര്‍ജന്റീനയില്‍ 12 വയസ്സുകാരിയായ ഒരു പെണ്‍കുട്ടി മരിച്ചിരുന്നു. കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപഭോഗം അപകടകരമായ അവസ്ഥയിലേക്ക് പോകുന്നു എന്നതിന് തെളിവുകളാണ് ഇവയെല്ലാം .

Follow Us:
Download App:
  • android
  • ios