ഞാൻ പത്താമത്തെ വയസ്സിലോ മറ്റോ ആണ് ആദ്യമായി ജട്ടി ധരിക്കുന്നത്. അതുവരെ എത്ര സ്വാതന്ത്ര്യമായിരുന്നു. ധരിക്കാൻ തുടങ്ങിയതിൽ പിന്നെ അത് ഊരുന്നത് കുളിക്കുമ്പോഴും കക്കൂസിൽ പോകുമ്പോഴും മാത്രമായി.
ഈ ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് ജട്ടി ധരിക്കുന്നതിന്റെ ബുദ്ധിമുട്ട് ആണുങ്ങൾക്കല്ലേ അറിയാവൂ. പലരും പറയും പുരുഷന്മാർ എത്ര കംഫർട്ടായാണ് വസ്ത്രം ധരിക്കുന്നതെന്ന്. പക്ഷേ, ജട്ടിയെന്ന സാധനം ആരോഗ്യപരമായും രൂപകൽപനയിലുമെല്ലാം തികച്ചും അശാസ്ത്രീയവും തെല്ലും സൗകര്യപ്രദവുമല്ലെന്നത് അത് ധരിക്കുന്നവർക്കല്ലേ അറിയൂ.

ആണുങ്ങൾ ജട്ടി ധരിക്കാൻ തുടങ്ങിയത് സ്ത്രീകളുടെ മാറുമറയ്ക്കൽ സമരംപോലെ സമരം ചെയ്തുനേടി അവകാശത്തിന്റെ പുറത്തൊന്നുമില്ല. എന്റെയൊക്കെ മുത്തച്ഛന്റെ കാലത്ത് കൗപീനം അഥവാ കോണകമായിരുന്നു അടിവസ്ത്രം. അന്നൊക്കെ കോണകവും ധരിച്ച് പുഴകളിലെ കുളിക്കടവുകളിൽ കുളിക്കുന്ന മുതിർന്ന പുരുഷന്മാർ ദൈനംദിന കാഴ്ചയുമായിരുന്നു. കോണകം പിന്നീട് അണ്ടർവെയറിന് വഴിമാറി. കോട്ടൺ തുണിയിൽ നിർമിച്ച നിക്കറാണ് സാധനം. ഇലാസ്റ്റിക്കൊന്നുമില്ല. വള്ളിയുപയോഗിച്ച് അരയിൽ മുറുക്കി കെട്ടിവയ്ക്കണം. അകത്തുള്ള സാധനത്തിന് അത്യാവശ്യം സ്വാതന്ത്ര്യം നൽകുന്ന ഒന്നായിരുന്നു ഈ നിക്കറുകൾ.
രാഷ്ട്രീയക്കാരും അധ്യാപകരുമൊക്കെയായിരുന്നു ഇതിന്റെ മുഖ്യ പ്രായോജകർ. അവരുടുത്തിരിക്കുന്ന കോട്ടൺ മുണ്ടിനുള്ളിൽ ധവളപ്രഭയോടെ വിരാജിക്കുന്ന നിക്കറുകളുടെ കാലറ്റം പലപ്പോഴും ഷർട്ടിനുതാഴെ ദൃശ്യമായിരുന്നു. അങ്ങനെയാണ് അവർ നിക്കറിട്ടിട്ടുണ്ടെന്ന് മനസ്സിലാക്കുക. ഇന്നത്തേതുപോലെ ഇലാസ്റ്റിക്കിൽ അഡ്ജസ്റ്റ് ചെയ്യുകയായിരുന്നില്ലെന്നർഥം. പുരുഷന്മാരെ ജട്ടി ഇടീപ്പിച്ചു തുടങ്ങിയത് ചില കുത്തകക്കമ്പനികളാണെന്നു പറയേണ്ടിയിരിക്കുന്നു. ഇത്രമാത്രം അസൗകര്യം നിറഞ്ഞതും അശാസ്ത്രീയവുമായി വസ്ത്രം, അല്ലെങ്കിൽ പിന്നെ ഏതെങ്കിലും ആണുങ്ങൾ ധരിക്കുമോ?
ഞാൻ പത്താമത്തെ വയസ്സിലോ മറ്റോ ആണ് ആദ്യമായി ജട്ടി ധരിക്കുന്നത്. അതുവരെ എത്ര സ്വാതന്ത്ര്യമായിരുന്നു. ധരിക്കാൻ തുടങ്ങിയതിൽ പിന്നെ അത് ഊരുന്നത് കുളിക്കുമ്പോഴും കക്കൂസിൽ പോകുമ്പോഴും മാത്രമായി. ആദ്യകാലത്തൊക്കെ മൂത്രമൊഴിക്കാനുള്ള സൗകര്യത്തിന് ജട്ടിയുടെ മുൻഭാഗത്തായി പ്രത്യേകം ദ്വാരം സജ്ജീകരിച്ചിരുന്നു. അല്ലാത്ത ജട്ടിയൊക്കെ പെൺകുട്ടികളുടെ ജട്ടിയാണെന്നായിരുന്നു ഞങ്ങൾ ആൺകുട്ടികളുടെ വിശ്വാസം. എങ്കിലും അങ്ങനെ മുള്ളുന്നതും അൽപം പണിപ്പെട്ട കാര്യം തന്നെയാണ്. അതിനുശേഷമാണ് മുള്ളാനുള്ള ദ്വാരവുമില്ലാത്ത ജട്ടികൾ വിപണി കീഴടക്കിത്തുടങ്ങുന്നത്.
ആണുങ്ങൾക്കെന്താ സൗകര്യം അനുവദനീയമല്ലേ?
വിഐപി കമ്പനിയുടെ ഫ്രെഞ്ചി എന്ന ബ്രാൻഡാണ് അത്തരം ജട്ടികളെ വിപണിയിൽ സുപരിചിതമാക്കിയത്. ഏതാണ്ട് അക്കാലത്താണ് ബാലമംഗളവും ഡിങ്കനുമൊക്കെ സജീവമാകുന്നത്. കുട്ടികളുടെ പ്രിയങ്കരനായി മാറിയ ഡിങ്കന്റെ ജട്ടിയാണോ ഇത്തരമൊരു മോഡൽ അവതരിപ്പിക്കാൻ ജട്ടിക്കമ്പനികൾക്ക് പ്രേരണയായതെന്ന് സംശയിക്കണം. അങ്ങനെയെങ്കിൽ ഡിങ്കൻ ചെയ്ത ഒരു കൊടുംചതിയായിരുന്നു അതെന്ന് പറയാതെവയ്യ. അതിലുപരി ജട്ടി എന്ന സാധനം ലുട്ടാപ്പിയെന്ന ഭീകരനാണ് ആൺകുട്ടികൾക്ക് സമ്മാനിച്ചതെന്നു പറയുകയാകും ഉചിതം. ജെട്ടിക്കു പറ്റിയ ബ്രാൻഡ് അംബാസിഡർ ശരിക്കും ഡിങ്കനല്ല, ലുട്ടാപ്പിയാണ്.
സ്ത്രീകളെപ്പോലെയല്ല പുരുഷന്മാരുടെ ലൈംഗികാവയവം എന്ന് പറയേണ്ടതില്ലല്ലോ. ലൈംഗികാവശ്യത്തിനു മാത്രമല്ല അത് ഉദ്ധരിക്കുക. മൂത്രശങ്ക കലശലാകുമ്പോഴും അത് ഉദ്ധരിക്കും. യാത്രക്കിടയിലൊക്കെയാണ് ഇത് പ്രശ്‌നമാകുന്നത്. അപ്പോഴത്തെ വേദനയും അസ്വസ്ഥതയും പുരുഷന്മാർക്കും അതിഭീകരം തന്നെയാണ്. അപ്പോഴാണ് ഈ ജട്ടി ഒരു മുജ്ജന്മ ശത്രുവായി മാറുന്നത്.
സ്ത്രീകളുടെ ബ്രാ നോക്കൂ. അതിനൊരു കോമൺ സൈസുണ്ട്. അതുകൂടാതെ മുലകളുടെ വലുപ്പത്തിനനുസരിച്ച് തെരഞ്ഞെടുക്കാൻ കപ്പുകൾക്ക് പ്രത്യേകം സൈസുണ്ട്. ഇതേപ്പറ്റിയൊക്കെ പലരും സ്ത്രീകളെ, പ്രത്യേകിച്ച് പെൺകുട്ടികളെ ബോധവൽക്കരിക്കാറുമുണ്ട്. പക്ഷേ, ആൺകുട്ടികളുടെ കാര്യമോ? ഒന്നാമതായി ഉദ്ധാരണത്തിനനുസരിച്ച് ലിംഗത്തിന് സ്വാതന്ത്ര്യം കൊടുക്കും വിധത്തിൽ തിരഞ്ഞെടുക്കാൻ ഒരു സൈസോ രൂപകൽപനയോ ജട്ടികൾക്കില്ല. ആകെയുള്ളത് അരവണ്ണത്തിനനുസരിച്ചുള്ള സൈസ് മാത്രം. ജട്ടിയുടെ മുൻഭാഗത്തായി ഒരു അഞ്ചാറിഞ്ച് നീളത്തിൽ പ്രത്യേക ഭാഗം ഉണ്ടാക്കാൻ ജട്ടിക്കമ്പനികളൊന്നും എന്തുകൊണ്ടാണ് ശ്രമിക്കാത്തതെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. ആണുങ്ങൾക്കെന്താ സൗകര്യം അനുവദനീയമല്ലേ?
ശരീരത്തിനുള്ളിലെ താപനിലയിൽ സുരക്ഷിതമല്ലാത്തതിനാലാണ് വൃഷണങ്ങൾ പ്രത്യേകം സഞ്ചിയിലാക്കി പുറത്തേക്ക് തൂക്കിയിട്ടിരിക്കുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. ശരീരം അങ്ങനെ പുറത്താക്കി സുരക്ഷിതമാക്കിയ സാധനത്തെ നാം വീണ്ടും ശരീര താപനിലയോടു ചേർത്തുവച്ചുകെട്ടുകയാണ് ജട്ടി ഉപയോഗിക്കുമ്പോൾ ചെയ്യുന്നത്. ലിംഗത്തെ മാത്രമല്ല അനുബന്ധ അവയവങ്ങളേയും അടിച്ചമർത്തുകയാണ് ജട്ടി ചെയ്യുന്നത്. ചൂടുകാലത്തും മറ്റും ജട്ടിയും കാലിനിടയിലെ വിയർപ്പും കൂടിച്ചേർന്ന് ഉരഞ്ഞുതൊലിപൊട്ടിയുണ്ടാകുന്ന അസ്വസ്ഥത അതിലും ഭീകരമാണ്. പ്രത്യേകിച്ച് കൂടുതൽ സമയം നടക്കേണ്ടിവരുന്നവർക്ക്.
പലരും ചെറുപ്പത്തിലേ ശീലിച്ചതുകൊണ്ടാകാം അസ്വസ്ഥതകളത്രയും സഹിച്ച് അതു വലിച്ചുകയറ്റിയിട്ട് നടക്കുന്നത്
മുണ്ടുടുക്കുമ്പോൾ അടിയിലെന്തെങ്കിലും ഇടുന്നത് നല്ലതാണ്. അല്ലെങ്കിൽ പ്രദർശനസ്വഭാവമുള്ളവർ ഇന്നാട്ടിൽ മറ്റുള്ളവരെ ജീവിക്കാൻ അനുവദിച്ചെന്നു വരില്ല. അവർ പണ്ടത്തേതുപോലെ കോട്ടൺ നിക്കർ ഇടുന്നതിൽ കുഴപ്പമൊന്നുമില്ല. ജട്ടിയോളം ഇറുകിപ്പിടിച്ചു കിടക്കുന്ന ഒന്നല്ലല്ലോ അത്. പക്ഷേ, പാന്റ്‌സ് പോലുള്ള വസ്ത്രങ്ങൾ ധരിക്കുന്ന പുരുഷന്മാർ ജട്ടി ഉപേക്ഷിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ? ഇല്ലെന്നാണ് തോന്നുന്നത്. പലരും ചെറുപ്പത്തിലേ ശീലിച്ചതുകൊണ്ടാകാം അസ്വസ്ഥതകളത്രയും സഹിച്ച് അതു വലിച്ചുകയറ്റിയിട്ട് നടക്കുന്നത്. വീട്ടിലെത്തി വസ്ത്രം മാറുന്നതിനൊപ്പം ആ സാധനംകൂടി വലിച്ചൂരിയെറിയുമ്പോഴുള്ള ആ ആശ്വാസമുണ്ടല്ലോ, അത് പറഞ്ഞാൽ മനസ്സിലാകില്ല. ബ്രാ ധരിച്ചു നടക്കുന്ന സ്ത്രീകൾക്കും ജെട്ടി ധരിച്ചു നടക്കുന്ന പുരുഷന്മാർക്കും ബുദ്ധിമുട്ടുകളുടെ തീവ്രത ഏതാണ്ട് ഒരുപോലെയാണെന്നർഥം.
എന്തായാലും ഡിങ്കാ, നിങ്ങളാണ് ഈ വൃത്തികെട്ട സാധനത്തെ ഇത്രമാത്രം പ്രചുര പ്രചാരത്തിലെത്തിച്ചതെങ്കിൽ എനിക്ക് നിങ്ങളോട് ശക്തമായ പ്രതിഷേധമുണ്ടെന്നു മാത്രം പറഞ്ഞുകൊണ്ട് നിര്‍ത്തട്ടെ.
