Asianet News MalayalamAsianet News Malayalam

ഡ്രോണ്‍ ആക്രമണം; നല്‍കുന്ന സൂചനകളെന്താണ്?

ഇത് ഇന്നത്തെ സാങ്കേതികവിദ്യയുടെയും രാഷ്ട്രീയത്തിന്റെയും യാഥാർത്ഥ്യമാണ്. ആക്രമണം നടന്നപാടേ സൗദി കുറ്റം ഹൂതി വിമതരുടെ ഡ്രോണുകൾക്കുമേൽ ചാർത്തിയെങ്കിലും, അമേരിക്ക ഒരുപടി കൂടി കടന്ന് ഇറാനുനേർക്കാണ് വിരൽ ചൂണ്ടിയിരിക്കുന്നത്. 

drone attack
Author
Thiruvananthapuram, First Published Sep 19, 2019, 3:54 PM IST

ശനിയാഴ്ച സൗദിയിൽ നടന്ന  ഡ്രോണാക്രമണത്തെപ്പറ്റി പല തരത്തിലുള്ള അവ്യക്തതകളും നിലനിൽക്കുകയാണ്. ആര്..? ആർക്കുവേണ്ടി..? എങ്ങനെ..? ഉത്തരം കിട്ടാത്തതായി ചോദ്യങ്ങൾ പലതുണ്ട്. എന്നാൽ, ഇതിനൊക്കെ ഇടയിൽ വളരെ  വ്യക്തമായിരിക്കുന്ന ഒരു സത്യമുണ്ട്. സംശയത്തിന് ലവലേശം ഇടയില്ലാത്തവിധം അത് വെളിപ്പെട്ടിരിക്കുകയാണ് ഈയൊരു അക്രമണത്തിലൂടെ. സൗദി ഗവൺമെന്റിനെപ്പോലെ നിസ്സഹായരായി ഇരുന്നുപോവരുത് നമ്മൾ.  ഹൂതി വിമതരെപ്പോലെ പരിമിതമായ സാമ്പത്തിക സൗകര്യങ്ങളുള്ള സംഘങ്ങൾക്ക് സൗദിയെപ്പോലെ ശക്തമായ ഒരു രാജ്യത്തിന് നേരെ ഇങ്ങനെയൊരു  ആക്രമണം ഒറ്റക്കുഞ്ഞുപോലും അറിയാതെ പ്ലാൻ ചെയ്യാനും, നടപ്പിലാക്കാനും സാധിക്കുമെങ്കിൽ തെക്കുവടക്കായി അതിർത്തികൾ തുറന്നു മലർത്തിവെച്ചിരിക്കുന്ന ഇന്ത്യയടക്കം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിൽ അതിർത്തിക്കപ്പുറത്തു നിന്ന് ഒരു ഡ്രോൺ ആക്രമണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ എത്രമാത്രം സജ്ജമാണ് നാമെന്നും ചിന്തിക്കേണ്ടിവരും.

നേരം പുലരും മുമ്പ്, കിഴക്ക് വെള്ള കീറും മുമ്പ്, ഉഗ്രശേഷിയുള്ള റോക്കറ്റുകളും പേറിക്കൊണ്ട്  നേരിയൊരു മൂളക്കത്തോടെ പറന്നു വരുന്നു ഒരു പറ്റം ഡ്രോണുകൾ. ഇത് ഒരു സിനിമയിലെ രംഗം ആയിക്കൊള്ളണമെന്നില്ല നാളെ. ഇത് ഇന്നത്തെ സാങ്കേതികവിദ്യയുടെയും രാഷ്ട്രീയത്തിന്റെയും യാഥാർത്ഥ്യമാണ്. ആക്രമണം നടന്നപാടേ സൗദി കുറ്റം ഹൂതി വിമതരുടെ ഡ്രോണുകൾക്കുമേൽ ചാർത്തിയെങ്കിലും, അമേരിക്ക ഒരുപടി കൂടി കടന്ന് ഇറാനുനേർക്കാണ് വിരൽ ചൂണ്ടിയിരിക്കുന്നത്. ഇറാൻ ആരോപണങ്ങളെ പാടെ നിഷേധിച്ചിട്ടുണ്ടെങ്കിലും, അക്കാര്യത്തിൽ ഒരു അവസാന തീരുമാനം വന്നിട്ടില്ല. അക്രമണത്തിൽ ഉണ്ടായിരുന്നത് സായുധ ഡ്രോണുകൾ മാത്രമാണോ അതോ ക്രൂസ് മിസൈലുകളും ഉണ്ടായിരുന്നോ എന്നൊക്കെയുള്ള കാര്യത്തിൽ ഫോറൻസിക് പരിശോധനകൾ പുരോഗമിക്കുന്നേയുള്ളൂ. ഇന്ന് 75 -ലധികം രാഷ്ട്രങ്ങളുടെ പക്കൽ ക്രൂസ് മിസൈലുകളുണ്ട്. രണ്ടു ഡസനിലധികം രാജ്യങ്ങളുടെ പക്കൽ സായുധ ഡ്രോണുകളും. സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് വില താരതമ്യേന കുറഞ്ഞ, എന്നാൽ കൂടിയ ആക്രമണ റേഞ്ചുള്ള ഡ്രോണുകൾ വിപണിയിൽ ലഭ്യമായിരിക്കൊണ്ടിരിക്കുകയാണ്.

drone attack

ശത്രുരാജ്യങ്ങളിൽ നിന്നുണ്ടാകുന്ന അത്യാധുനികമായ മിസൈൽ, പോർവിമാന ആക്രമണങ്ങളെ ചെറുക്കാനുള്ള കോടിക്കണക്കിനു ഡോളർ ചെലവുള്ള പ്രതിരോധ സംവിധാനങ്ങൾ ഇന്ന് ഇന്ത്യയടക്കമുള്ള ഏതാണ്ട് എല്ലാ രാജ്യങ്ങൾക്കുമുണ്ട്. എന്നാൽ, ഭാവിയിലെ ആക്രമണങ്ങൾ ചിലപ്പോൾ ഇത്തരത്തിലുള്ള അത്യാധുനിക ആയുധങ്ങൾ കൊണ്ടാകണമെന്നില്ല. ഡ്രോണുകൾ വഴിയാണ് ഇനി ഒറ്റപ്പെട്ട തീവ്രവാദാക്രമണങ്ങൾ നമ്മുടെ രാജ്യത്ത് നടപ്പിലാക്കപ്പെടാൻ പോകുന്നത് എന്ന് വേണം അനുമാനിക്കാൻ. കാരണം, ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ നടപ്പിലാക്കുന്നവർ അക്രമണത്തിനിടെ പിടിക്കപ്പെടാനുള്ള സാധ്യത ഒട്ടുമില്ല. സാങ്കേതികവിദ്യയിലുണ്ടായ പുരോഗതി, ഇത്തരത്തിലുള്ള അക്രമണങ്ങൾക്കുള്ള കൃത്യത ഏറെ കൂട്ടിയിട്ടുണ്ട്.

drone attack

എളുപ്പത്തിൽ തച്ചു തകർക്കാം എന്നുള്ള പ്രതീക്ഷപ്പുറത്ത് ഹൂതി വിമതന്മാരോട് മുട്ടിയ സൗദിക്ക് ഇപ്പോൾ കൈ പൊള്ളിയ അവസ്ഥയാണ്. കാരണം, ഹൂതികൾക്ക് നഷ്ടപ്പെടാനൊന്നുമില്ല. അതുകൊണ്ടുതന്നെ തികച്ചും അസാധാരണമായ ഏതൊരു ആക്രമണ മാർഗ്ഗവും അവർ അവലംബിച്ചെന്നിരിക്കും. ഇത്തരത്തിലുള്ള ആക്രമണങ്ങൾ വിജയം കാണുന്നത് ലോകമെമ്പാടുമുള്ള മറ്റ് ഒറ്റപ്പെട്ട തീവ്രവാദസംഘടനകൾക്കും സമാനമായ മാർഗ്ഗങ്ങൾ അവലംബിച്ചുകൊണ്ട് ആക്രമണങ്ങൾക്ക് മുതിരാനുള്ള പ്രേരണ നൽകും. ഏതിനും, ഈ സാഹചര്യത്തിൽ നമ്മുടെ പ്രതിരോധ ഗവേഷണ സ്ഥാപനങ്ങളിൽ ഈ ദിശയിലുള്ള ഗവേഷണങ്ങളും തയ്യാറെടുപ്പുകളും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

Follow Us:
Download App:
  • android
  • ios