വിട്ടുമാറാത്ത തലവേദന മാറാനായി നാടൻ ചികിത്സയുടെ ഭാഗമായി പച്ച മീനിന്‍റെ പിത്താശയം വിഴുങ്ങിയ ചൈനീസ് സ്ത്രീക്ക് ഗുരുതരമായ വിഷബാധ. ആർസെനിക്കിനേക്കാൾ മാരകമായ വിഷം മത്സ്യത്തിന്‍റെ പിത്താശയത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് കരളിനും വൃക്കകൾക്കും ഏറെ ദോഷം ചെയ്യും.
ആസ്മ, ശ്വാലം മുട്ട് മാറാനായി പച്ച മീന്‍ വിഴുങ്ങുന്ന ഒരു ചികിത്സാ രീതി ആന്ധ്രാപ്രദേശിൽ ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ, ഇത്തരം പ്രാചീന ചികിത്സാ രീതികൾ ശാസ്ത്രീയമല്ലെന്നും അവ അപകടകരമാണെന്നും ആധുനീക വൈദ്യശാസ്ത്രം പറയുന്നു. അതേസമയം വർഷത്തിൽ ഒരു പ്രത്യേക ദിവസം ആന്ധ്രയിൽ ആസ്മ ചികിത്സയ്ക്കായി മീൻ വിഴുങ്ങാനെത്തുന്നവരുടെ എണ്ണം കൂടുകയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിനിടെയാണ് വിട്ടുമാറാത്ത തലവേദന മാറാൻ കിഴക്കൻ ചൈനയിലെ ഒരു സ്ത്രീ പച്ച മീനിന്‍റെ പിത്താശയം വിഴുങ്ങിയത്. ഇതിന് പിന്നാലെ ഇവരെ ഐസിയുവിൽ പ്രവേശിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകൾ.
തലവേദന മാറാൻ മീനിന്‍റെ പിത്താശയം
പ്രദേശത്തെ നാടോടി വിശ്വാസ പ്രകാരമാണ് ജിയാങ്‌സു പ്രവിശ്യയിൽ നിന്നുള്ള ലിയു എന്ന് വിളിക്കുന്ന 50 വയസ്സുള്ള സ്ത്രീ, തലവേദന മാറാൻ പച്ച മീനിന്‍റെ പിത്താശയം വിഴുങ്ങിയതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പച്ച മത്സ്യം കഴിക്കുന്നത് ചൂട് പുറന്തള്ളാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും മൈഗ്രെയിനുകൾ ഒഴിവാക്കാനും സഹായിക്കുമെന്നാണ് പ്രദേശത്തെ പരമ്പരാഗത വിശ്വാസമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഡിസംബർ 14 -ന് രാവിലെ, ലിയു ഒരു പ്രാദേശിക മാർക്കറ്റിൽ നിന്ന് 2.5 കിലോഗ്രാം ഭാരമുള്ള ഒരു ഗ്രാസ് കാർപ്പ് വാങ്ങി. വീട്ടിലെത്തിയതിന് പിന്നാലെ മത്സ്യത്തിന്‍റെ പിത്താശയം മാത്രമെടുത്ത് അവർ പച്ചയ്ക്ക് വിഴുങ്ങി. ഏറെ നാളായി തന്നെ അലട്ടിക്കൊണ്ടിരുന്ന തലവേദന മാറാനാണ് അവർ അത് കഴിച്ചതെങ്കിലും രണ്ട് മണിക്കൂറിന് ശേഷം, ലിയുവിന് കടുത്ത ഛർദ്ദിയും വയറിളക്കവും വയറുവേദനയും അനുഭവപ്പെടാൻ തുടങ്ങി. ഓരോ നിമിഷം കഴിയുന്തോറും അവരുടെ ആരോഗ്യനില വഷളായി. പിന്നാലെ ലിയുവിന്‍റെ കുടുംബം അവരെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആർസെനിക്കിനെക്കാൾ മാരകം
ആശുപത്രിയിലെത്തുമ്പോഴേക്കും അവരുടെ നില വഷളായതിനെ തുടർന്ന് ലിയുവിനെ ഉടൻ തന്നെ ജിയാങ്‌സു സർവകലാശാലയിലെ അഫിലിയേറ്റഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പിന്നാലെ പ്ലാസ്മ എക്സ്ചേഞ്ച് തെറാപ്പിയും ഡയാലിസിസിനും അവരെ വിധേയമാക്കി. അഞ്ച് ദിവസത്തെ തീവ്രപരിചരണത്തിന് ശേഷം ലിയുവിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 23 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ലിയുവിന് ഡിസ്ചാർജ്ജ് ലഭിച്ചത്. ആർസെനിക്കിനേക്കാൾ വിഷാംശമുള്ളതാണ് മത്സ്യത്തിന്‍റെ പിത്താശയമെന്ന് ലിയുവിനെ ചികിത്സിച്ച ഡോക്ടർ ഹു ഷെൻകുയി മുന്നറിയിപ്പ് നൽകുന്നു. ഇത് ഏതാനും ഗ്രാം മാത്രം കഴിച്ചാൽ പോലും ഒരാൾക്ക് വിഷബാധയേറ്റേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അഞ്ച് കിലോഗ്രാമോ അതിൽ കൂടുതലോ ഭാരമുള്ള മത്സ്യങ്ങളിൽ നിന്നുള്ള പിത്താശയം മാരകമായേക്കാമെന്നും അദ്ദേഹം പറയുന്നു. മത്സ്യത്തിന്‍റെ പിത്താശയത്തിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ കരളിനെയും വൃക്കകളെയും സാരമായി ബാധിക്കുമെന്നും ഇത് അവയവങ്ങളുടെ പ്രവർത്തനം ഗുരുതരമായി തകരാറിലാകുമെന്നും ഹു കൂട്ടിച്ചേർത്തു. അത്യധികമായ സന്ദർഭങ്ങളിൽ, രോഗികൾക്ക് ഷോക്ക്, സെറിബ്രൽ രക്തസ്രാവം അല്ലെങ്കിൽ മരണം തന്നെ സംഭവിച്ചേക്കാം.


