കെട്ടിടത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്. അതിൽ, മദ്യപിച്ച റുഷി കുമാറിനെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് വീട്ടിൽ നിന്നും ഇറക്കിക്കൊണ്ട് പോകുന്നത് കാണാം.
ഡൽഹിയിലെ നരേലയിൽ ഒരു സ്കൂൾ അധ്യാപകൻ, മദ്യലഹരിയിൽ, താൻ ഓർഡർ ചെയ്ത ഭക്ഷണത്തിന് പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഡെലിവറി ഏജന്റ് പൊലീസ് സഹായം തേടി. പൊലീസ് കൺട്രോൾ റൂമിലേക്ക് (പിസിആർ) വിളിച്ചാണ് ഡെലിവറി ഏജന്റ് പരാതി അറിയിച്ചത്. അധ്യാപകൻ തന്നെ മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
സെപ്റ്റംബർ 29 -ന് രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. ഡെലിവറി ബോയ് ഇയാളുടെ ഫ്ലാറ്റിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഡെലിവറി ഏജന്റിന്റെ മൊഴി പ്രകാരം, അധ്യാപകൻ പണം നൽകാൻ വിസമ്മതിക്കുക മാത്രമല്ല, ഡെലിവറി വൈകി എന്നാരോപിച്ച് മോശമായി പെരുമാറുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് റുഷി കുമാർ എന്നയാളെ മറ്റൊരു വ്യക്തിയോടൊപ്പം ഫ്ലാറ്റിനുള്ളിൽ മദ്യലഹരിയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾ ഒരു സ്കൂൾ അധ്യാപകനാണന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കെട്ടിടത്തിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്. അതിൽ, മദ്യപിച്ച റുഷി കുമാറിനെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് വീട്ടിൽ നിന്നും ഇറക്കിക്കൊണ്ട് പോകുന്നത് കാണാം. പിന്നീട് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും, അവിടെ നടത്തിയ പരിശോധനയിൽ മദ്യപിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. കുമാറിനെയും കൂടെയുണ്ടായിരുന്നയാളെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, ഡെലിവറി ഏജന്റ് പരാതി നൽകാൻ ആഗ്രഹിക്കാത്തതിനാൽ, ഉപദേശം നൽകിയ ശേഷം പൊലീസ് ഇവരെ വിട്ടയച്ചു.
സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ഡെലിവറി തൊഴിലാളികളോട് നിരവധിപ്പേരാണ് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. ഒരു അധ്യാപകന്റെ ഇത്തരം പെരുമാറ്റത്തെ ചോദ്യം ചെയ്ത പലരും, വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഇയാൾക്കെതിരെ അച്ചടക്ക നടപടി വേണമെന്നും ആവശ്യപ്പെട്ടു.


