കഠിനാധ്വാനം ചെയ്യുന്നത് നല്ലതാണെങ്കിലും, അസൈൻമെന്റുകൾക്കായി ഉറക്കം നഷ്ടപ്പെടുത്തുന്നത് അനാരോഗ്യകരവും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണെന്നും പ്രൊഫസർ അഭിപ്രായപ്പെട്ടു.

ഡെൽഹി യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസർ തന്റെ വിദ്യാർത്ഥിനിക്ക് അയച്ച സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പുലർച്ചെ 3:49 -ന് അസൈൻമെൻറ് മെയിൽ ചെയ്ത വിദ്യാർഥിനിയോട് 'ഇങ്ങനെ ഉറക്കം കളയേണ്ട' എന്നായിരുന്നു പ്രൊഫസറുടെ മറുപടി. യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ കവിത കാംബോജ് ആണ് തൻ്റെ വിദ്യാർത്ഥിനിക്ക് ഇത്തരത്തിൽ ഒരു സന്ദേശം അയച്ചത്. വിദ്യാർത്ഥിനിയുടെ ആത്മാർത്ഥതയിലും പ്രതിബദ്ധതയിലും തനിക്ക് മതിപ്പു തോന്നിയെങ്കിലും രാത്രി ഏറെ വൈകിയുള്ള അധ്വാനത്തെ കുറിച്ച് ആശങ്ക തോന്നിയെന്നാണ് കവിത കാംബോജ് വ്യക്തമാക്കിയത്.

കഠിനാധ്വാനം ചെയ്യുന്നത് നല്ലതാണെങ്കിലും, അസൈൻമെന്റുകൾക്കായി ഉറക്കം നഷ്ടപ്പെടുത്തുന്നത് അനാരോഗ്യകരവും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണെന്നും പ്രൊഫസർ അഭിപ്രായപ്പെട്ടു. ശരീരത്തിന്റെ ആരോഗ്യത്തിന് മുൻതൂക്കം കൊടുത്തുകൊണ്ട് ശരിയായ രീതിയിലുള്ള പ്ലാനിം​ഗാണ് ഇത്തരം കാര്യങ്ങളിൽ വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. ആരോഗ്യം ബലികഴിച്ചുകൊണ്ട് ആരും ഒന്നും ചെയ്യരുതെന്നും അവർ വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.

ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ പ്രൊഫസർ എഴുതിയത് ഇങ്ങനെയാണ്, 'പ്രിയ വിദ്യാർത്ഥികളേ, മികച്ച പ്ലാനിം​ഗിലൂടെ നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്ന ജോലിക്കായി നിങ്ങളുടെ ഉറക്കമൊന്നും ത്യജിക്കേണ്ട ആവശ്യമില്ല. എന്റെ വിദ്യാർത്ഥികളിൽ ഒരാൾ പുലർച്ചെ 3:49 -ന് എനിക്ക് ഒരു അസൈൻമെൻ്റ് അയച്ചു. ആത്മാർത്ഥത പ്രശംസനീയമാണെങ്കിലും, അത് ആരോഗ്യത്തിന് വലിയ വില കൊടുക്കേണ്ടി വരുന്ന പ്രവൃത്തിയാണ്. ശരിയായ വിശ്രമമില്ലാതെ നടത്തുന്ന ഏറ്റവും മികച്ച ശ്രമങ്ങൾക്ക് പോലും അർത്ഥമില്ല. നിങ്ങളുടെ ദിവസം നന്നായി പ്ലാൻ ചെയ്യുക. നന്നായി ഉറങ്ങുക. ഊർജ്ജസ്വലതയോടെയും വ്യക്തതയോടെയും പ്രവർത്തിക്കുക. സമയപരിധികളേക്കാൾ നിങ്ങളുടെ ക്ഷേമം പ്രധാനമാണ്.'

ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പുലർച്ചെ തനിക്ക് അസൈൻമെൻറ് അയച്ച വിദ്യാർത്ഥിനിക്ക് മറുപടിയായി പ്രൊഫസർ കവിത അയച്ച മെസ്സേജ് ഇങ്ങനെയായിരുന്നു, 'ശ്രീ, നിങ്ങൾ ചെയ്ത ജോലി അഭിനന്ദനീയമാണ്. പ​ക്ഷേ, ഒരു അഭ്യർത്ഥനയുണ്ട്, ജോലിക്കായി നിങ്ങളുടെ ഉറക്കം വേണ്ടെന്നുവച്ചാൽ, അതിൽ അർത്ഥമില്ല. ഏത് സഹായത്തിനും എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടാകും. നല്ല ഉറക്കവും കഴിഞ്ഞ് പ്രഭാതഭക്ഷണവും കഴിച്ചശേഷം എന്നെ വിളിക്കൂ.'

വൈറലായ സോഷ്യൽ മീഡിയ പോസ്റ്റിനോട് പ്രതികരിച്ച ഭൂരിഭാഗവും അഭിപ്രായപ്പെട്ടത് ഇത്തരത്തിലുള്ള അധ്യാപകരെയാണ് നമുക്ക് ആവശ്യം എന്നായിരുന്നു.