2020 -ലാണ്, വലിയ ബ്രാൻഡുകൾ ഉപേക്ഷിച്ച സാധനങ്ങൾ വിൽക്കുന്നതിലൂടെ നല്ല രീതിയിൽ പണം സമ്പാദിക്കാമെന്ന കാര്യം അവൾ മനസ്സിലാക്കിയത്. തുടർന്ന് അവൾ റിസ്ക് എടുത്ത് തന്റെ ജോലി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. 

അമേരിക്കയിലെ ടെക്സാസിലെ ഡല്ലാസ് നഗരത്തിൽനിന്നുള്ള ടിഫാനി ഷെറിയ്ക്ക് മാലിന്യം തിരയുന്ന ജോലിയാണ്. മുൻപ് ഒരു കാന്റീനിൽ ജോലി ചെയ്തിരുന്ന അവർ അത് ഉപേക്ഷിച്ചിട്ടാണ് ഈ പണിയ്ക്ക് ഇറങ്ങി തിരിച്ചത്. ഒരുപക്ഷേ എന്തുകൊണ്ടാണ് ഉണ്ടായിരുന്ന നല്ല ജോലി ഉപേക്ഷിച്ച് മാലിന്യം പെറുക്കാൻ അവൾ പുറപ്പെട്ടത് എന്നൊരു സംശയം ആർക്കായാലും തോന്നാം? ഒരു മുഴുവൻ സമയ കാന്റീൻ ജീവനക്കാരിയായ ഇരിക്കുന്നതിലും കൂടുതൽ തുക അവൾക്ക് ഇതിലൂടെ ലഭിക്കുന്നു എന്നതാണ് കാരണം.

ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് അനുസരിച്ച്, പുതിയ ജോലി ആരംഭിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ, ഷെറി ആഴ്ചയിൽ 73000 രൂപ വരെ സമ്പാദിക്കാൻ തുടങ്ങി. സാധാരണയായി വൻകിട സ്റ്റോറുകൾ ചവറ്റുകുട്ടയിൽ വലിച്ചെറിയുന്ന വസ്തുക്കളാണ് അവൾ തിരഞ്ഞ് കണ്ടെത്തുന്നത്. പിന്നീട് ആ സാധനങ്ങൾ അവൾ ആളുകൾക്ക് മറിച്ച് വിൽക്കുന്നു. ടിഫാനി നാല് കുട്ടികളുടെ അമ്മയാണ്. ബെഡ് ബാത്ത് & ബിയോണ്ട്, വിക്ടോറിയസ് സീക്രട്ട്, പാർട്ടി സിറ്റി, അൾട്ട തുടങ്ങിയ സ്റ്റോറുകളിൽ നിന്നുള്ള വാണിജ്യ മാലിന്യങ്ങളാണ് അവൾ പ്രധാനമായും തിരയുന്നത്. ടിക്ക് ടോക്കിൽ എങ്ങനെയാണ് താൻ പണം സമ്പാദിക്കുന്നതെന്നും, പണം ലാഭിക്കുന്നതെന്നുമുള്ള വിശദാംശങ്ങൾ ടിഫാനി പങ്കുവയ്ക്കുന്നു.

2020 -ലാണ്, വലിയ ബ്രാൻഡുകൾ ഉപേക്ഷിച്ച സാധനങ്ങൾ വിൽക്കുന്നതിലൂടെ നല്ല രീതിയിൽ പണം സമ്പാദിക്കാമെന്ന കാര്യം അവൾ മനസ്സിലാക്കിയത്. തുടർന്ന് അവൾ റിസ്ക് എടുത്ത് തന്റെ ജോലി ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ടിഫാനിയ്ക്ക് 'ഡംപ്‌സ്റ്റെർഡൈവിംഗ്മാമാ' എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടുമുണ്ട്. അതിൽ പെട്ടെന്ന് തന്നെ 2 മില്ല്യണിലധികം ഫോളോവേഴ്‌സിനെ നേടാൻ അവൾക്കായി. അവിടെ അവൾ മാലിന്യം തിരയുന്നതിന്റെ ഫോട്ടോകളും, വീഡിയോകളും പതിവായി പങ്കിടുന്നു. ഇങ്ങനെ കുപ്പകളിൽ തിരയുന്ന അവസരത്തിൽ പല വിലപിടിപ്പുള്ള വസ്തുക്കളും ഈ മുപ്പത്തിരണ്ടുകാരിക്ക് ലഭിച്ചിട്ടുണ്ട്.

2017 -ൽ എൺപത്തിനായിരത്തിലധികം രൂപ വില വരുന്ന ഒരു മേക്കപ്പ് ബോക്സും ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളും ചവറ്റുകുട്ടയിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ടിഫാനി ഈ ജോലി ആരംഭിച്ചത്. അതിനുശേഷം, ടിഫാനിയും ഭർത്താവ് ഡാനിയലും ഒരുമിച്ച് കുപ്പയിൽ വിലയേറിയ സാധങ്ങൾ തിരയാൻ തുടങ്ങി. ഇങ്ങനെ സമ്പാദിച്ച തുക ഉപയോഗിച്ച് വീടിലേയ്ക്ക് പുതിയ ഫർണിച്ചറുകൾ വാങ്ങാനും, ബില്ലുകൾ അടക്കാനും അവർക്ക് സാധിച്ചു. എല്ലാത്തരം വിലയേറിയ വസ്തുക്കളും ചവറ്റുകുട്ടകളിൽ നിന്ന് കണ്ടെത്താറുണ്ടെന്ന് അവൾ പറയുന്നു. ഒരിക്കൽ ബെഡ് ബാത്ത് & ബിയോണ്ട് എന്ന കടയുടെ പുറത്തുള്ള ചവറ്റുകുട്ടയിൽ നിന്ന് അവൾക്ക് 54, 000 രൂപയുടെ ഒരു കോഫി മെഷീൻ കണ്ടെത്താൻ സാധിച്ചിരുന്നു.