രണ്ടാമതൊന്ന്‌ ആലോചിക്കാതെ ഭഗത്‌ സിങ്ങിന്റെ 'ഭാര്യ'യാവാന്‍ സമ്മതിച്ച ആ യുവതി, അദ്ദേഹം ദുര്‍ഗാ ഭാഭി എന്ന്‌ വിളിച്ചിരുന്ന ദുര്‍ഗാ ദേവി വോറ ആയിരുന്നു.

'ആ ഡിസംബറില്‍ ലാഹോര്‍ വല്ലാതെ അസ്വസ്ഥമായിരുന്നു. ജോണ്‍ സാന്‍ഡേഴ്‌സ്‌ എന്ന പൊലീസ്‌ ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്ന ശേഷം ചില ചെറുപ്പക്കാര്‍ രക്ഷപ്പെട്ടിരിക്കുന്നു. എല്ലായിടത്തും പൊലീസുകാരുടെ നീണ്ട നിര. അറിയാവുന്ന സൂചനകള്‍ വച്ച്‌ ആ ചെറുപ്പക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ അവരൊക്കെ. രക്ഷപ്പെട്ട ചെറുപ്പക്കാരിലൊരാള്‍ താടി വച്ച, ടര്‍ബന്‍ അണിഞ്ഞ യുവാവായിരുന്നു, ചരിത്രം അയാളെ ഓര്‍മ്മിക്കുന്നത്‌ ഭഗത്‌ സിങ്‌ എന്നാണ്‌!

കുറച്ച്‌ ദിവസങ്ങള്‍ പിന്നിട്ടു. കനത്ത പൊലീസ്‌ ബന്തവസിലുള്ള ലാഹോര്‍ റെയില്‍വേസ്‌റ്റേഷനിലേക്ക്‌ ഒരു കുടുംബം നടന്നുവന്നു. കോട്ടും സ്യൂട്ടും തൊപ്പിയും അണിഞ്ഞ, മുഖം ക്ലീന്‍ ഷേവ്‌ ചെയ്‌ത സുമുഖനായ ഒരു ചെറുപ്പക്കാരനാണ്‌ മുമ്പില്‍ നടന്നത്‌. രണ്ടടി പിന്നിലായി അയാളുടെ അതീവ സുന്ദരിയായ ഭാര്യയും അവരുടെ കുഞ്ഞുമകനും. പിന്നാലെ പെട്ടിയും കിടക്കയുമായി അവരുടെ വേലക്കാരനുമുണ്ടായിരുന്നു. തിരക്കേറിയ പ്ലാറ്റ്‌ഫോമിലൂടെ അവര്‍ നടന്നുനീങ്ങി. കാണ്‍പൂരിലേക്കുള്ള ട്രെയിനിന്റെ ഫസ്റ്റ്‌ ക്ലാസ്‌ കംപാര്‍ട്ട്‌മെന്റില്‍ കയറി. പെട്ടിയും മറ്റും യജമാനന്റെ സമീപത്തായി സൂക്ഷിച്ച്‌ വച്ച ശേഷം വേലക്കാരന്‍ മാത്രം മൂന്നാം ക്ലാസ്‌ കംപാര്‍ട്ട്‌മെന്റിലും കയറി. ട്രെയിന്‍ നീങ്ങിത്തുടങ്ങി......'


ഒരു ത്രില്ലര്‍ സിനിമയില്‍ ത്രസിപ്പിക്കുന്ന സീനിലേതു പോലെ, അങ്ങനെയാണ്‌ ഭഗത്‌ സിങ്ങും രാജ്‌ഗുരുവും ലാഹോറില്‍ നിന്ന്‌ രക്ഷപ്പെട്ടത്‌. പൊലീസിന്റെ മൂക്കിന്‍കീഴില്‍ നിന്നുള്ള അവിശ്വസനീയ രക്ഷപ്പെടല്‍. തൊപ്പിയണിഞ്ഞ്‌ ക്ലീന്‍ ഷേവ്‌ ചെയ്‌ത മുഖവുമായി മുമ്പീലൂടെ കടന്നുപോയ ഭഗത്‌ സിങ്ങിനെ പൊലീസുകാര്‍ തിരിച്ചറിഞ്ഞതേയില്ല. ഭവ്യതയുള്ള വേലക്കാരനായി പിന്നാലെ പോയ രാജ്‌ഗുരുവിനെയും. ഇരുവരുടെയും രക്ഷപ്പെടലിന്‌ നിര്‍ണായക സാന്നിധ്യമായത്‌ ആ യുവതിയായിരുന്നു. രണ്ടാമതൊന്ന്‌ ആലോചിക്കാതെ ഭഗത്‌ സിങ്ങിന്റെ ഭാര്യയാവാന്‍ സമ്മതിച്ച ആ യുവതി അദ്ദേഹം ദുര്‍ഗാ ഭാഭി എന്ന്‌ വിളിച്ചിരുന്ന ദുര്‍ഗാ ദേവി വോറ ആയിരുന്നു.

ഭഗത്‌ സിങ്ങിന്റെ ചുരുങ്ങിയ കാലത്തെ ജീവിതവും പ്രവര്‍ത്തനങ്ങളും എഴുത്തുമെല്ലാം നിരവധി ചര്‍ച്ചകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമൊക്കെ കാരണമായി. പക്ഷേ, അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിര്‍ണായകഘടകമായിരുന്ന ദുര്‍ഗാ ദേവി വോറയെ ചരിത്രം വേണ്ടവിധം പരിഗണിച്ചതേയില്ല. ഭഗത്‌ സിങ്ങ്‌ തൂക്കിലേറ്റപ്പെട്ട്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഏതാനും ചില നാടകങ്ങളിലും അദ്ദേഹത്തിന്റെ ജീവിതകഥ പറഞ്ഞ സിനിമയിലും ചെറിയൊരു പരാമര്‍ശമായി ആ പേര്‌ ഒതുങ്ങി.



ആരായിരുന്നു ദുര്‍ഗാ ദേവി വോറ

1907ല്‍ അലഹബാദിലാണ്‌ ദുര്‍ഗാ ദേവിയുടെ ജനനം. പതിനൊന്നാമത്തെ വയസ്സില്‍ ഭഗവതിചരണ്‍ വോറയുമായുള്ള വിവാഹം. ലാഹോറിലെ നാഷണല്‍ കോളേജില്‍ പഠിച്ച ഭഗവതി ചരണ്‍ ഭഗത്‌ സിങ്ങിന്റെയും സുഖ്‌ദേവിന്റെയും ചങ്ങാതിയായിരുന്നു.

നൗജവാന്‍ ഭാരത്‌ സഭയുടെ സജീവപ്രവര്‍ത്തകനായിരുന്നു ഭഗവതിചരണ്‍. 1928ല്‍ ഭഗവതിചരണും ദുര്‍ഗയും അവരുടെ മകന്‍ സച്ചിനന്ദയും ലാഹോറില്‍ വീടെടുത്ത്‌ താമസം ആരംഭിച്ചു. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഓഫീസ്‌ കൂടിയായിരുന്നു ആ വീട്‌.

അതേ വര്‍ഷം ഡിസംബര്‍ ആദ്യം ഭഗവതി ചരണ്‍ കൊല്‍ക്കത്തയിലേക്ക്‌ വണ്ടികയറി. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്‌റ്റ്‌ റെവല്യൂനറി അസോസിയേഷന്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കാനായിരുന്നു യാത്ര. ഡിസംബര്‍ 19നാണ്‌ ഭഗത്‌ സിങ്ങും രാജ്‌ഗുരുവും സുഖ്‌ദേവും സഹായത്തിനായി ദുര്‍ഗയെ സമീപിച്ചത്‌. സാന്‍ഡേഴ്‌സണിന്റെ കൊലപാതകത്തില്‍ മൂവര്‍ക്കുമുള്ള പങ്ക്‌ ദുര്‍ഗയ്‌ക്ക്‌ അറിയാമെങ്കിലംു അവര്‍ അതേപ്പറ്റി ഒന്നും തന്നെ ചോദിച്ചില്ല. സഹായിക്കാമെന്ന്‌ ഉറപ്പ്‌ നല്‍കുകയും ചെയ്‌തു. അവര്‍ തയ്യാറാക്കിയ പദ്ധതിപ്രകാരം ഭഗത്‌ സിങ്ങിന്റെ ഭാര്യയാവാന്‍ രണ്ടാമതൊന്ന്‌ ആലോചിക്കുക കൂടി ചെയ്‌തില്ല ദുര്‍ഗ.

സാമൂഹികമായ വിപ്ലവം കൂടിയായിരുന്നു ദുര്‍ഗയുടെ ആ തീരുമാനം. വിവാഹിതയായ ഒരു സ്‌ത്രീ അന്യപുരുഷന്റെ ഭാര്യയായി അഭിനയിക്കാന്‍ തയ്യാറാവുക, അതും ജീവിതത്തില്‍! ലാഹോറില്‍ നിന്ന്‌ കാണ്‍പൂരിലേക്ക്‌ രക്ഷപ്പെട്ട ഭഗത്‌ സിങ്ങും ദുര്‍ഗയും അവിടെ നിന്ന്‌ കൊല്‍ക്കത്തയിലേക്ക്‌ പോയി. അവിടെ ചെന്ന്‌ തമ്മില്‍ക്കാണുമ്പോള്‍ മാത്രമാണ്‌ നടന്നതിനെക്കുറിച്ചൊക്കെ ഭഗവതിചരണ്‍ അറിയുന്നത്‌. പിന്നീട്‌ ഭഗവതിചരണും ദുര്‍ഗയും ലാഹോറിലേക്ക്‌ തിരികെപ്പോയി.



ദുര്‍ഗ മുന്നണിപ്പോരാളിയാവുന്നു

1929 ഏപ്രിലില്‍ ദുര്‍ഗ വീണ്ടും ഭഗത്സിങ്ങിനെ കണ്ടു. ആ കൂടിക്കാഴ്‌ച്ചയ്‌ക്ക്‌ ശേഷമാണ്‌ ഭഗത്‌ സിങ്ങ്‌ ഡല്‍ഹി ലെജിസ്‌ളേറ്റീവ്‌ അസംബ്‌ളിയിലെത്തിയതും ബോംബ്‌ സ്‌ഫോടനം നടത്തിയതും. ഭഗത്‌ സിങ്ങിന്റെ അറസ്‌റ്റോടെ ദുര്‍ഗയുടെ ജീവിതം തന്നെ മാറിമറിഞ്ഞു. അവര്‍ വിപ്ലവപ്രവര്‍ത്തനങ്ങളുടെ മുന്‍നിര പോരാളിയായി. 1930ല്‍ ഭഗവതി ചരണ്‍ കൊല്ലപ്പെട്ടു. ബോംബ്‌നിര്‍മ്മാണത്തിനിടെ ഉണ്ടായ പാളിച്ചയായിരുന്നു ആ അപകടത്തില്‍ കലാശിച്ചത്‌. തനിച്ചായതോടെ ദുര്‍ഗ കൂടുതല്‍ കരുത്താര്‍ജിച്ചു. പോലീസിന്‌ പിടിക്കൊടുക്കാതെ പോരാട്ടവുമായി അവര്‍ ഏറെ ദൂരം മുന്നോട്ട്‌ പോയി.

1930 ഒക്ടോബര്‍ 8ന്‌ ദുര്‍ഗയും മറ്റ്‌ ചിലരും ചേര്‍ന്ന്‌ ഒരു ബ്രിട്ടീഷ്‌ പോലീസുകാരനെയും ഭാര്യയെയും വെടിവച്ചുകൊന്നു. ഭഗത്‌ സിങ്ങിനെ തൂക്കിലേറ്റാനുള്ള തീരുമാനത്തോടുള്ള പ്രതികാരമായിരുന്നു ആ നടപടി. ഭഗത്‌ സിങ്ങിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ ഒപ്പുശേഖരണം നടത്തുന്നതിനും ദുര്‍ഗ മുന്‍കയ്യെടുത്തു. ജയിലില്‍ ചെന്ന്‌ ഭഗത്‌ സിങ്ങിനെ അവര്‍ ഇടയ്‌ക്കിടെ സന്ദര്‍ശിച്ചിരുന്നു. ഭഗത്‌ സിങ്ങിനെ മോചനം സംബന്ധിച്ച്‌ സമ്മര്‍ദ്ദം ചെലുത്താന്‍ മഹാത്മാഗാന്ധിയോട്‌ നേരിട്ടാവശ്യപ്പെട്ടതും ദുര്‍ഗ തന്നെയായിരുന്നു.

രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 1932 സെപ്‌റ്റംബറില്‍ ദുര്‍ഗ പൊലീസ്‌ കസ്റ്റഡിയിലായി. വിപ്‌ളവപ്രവര്‍ത്തനങ്ങളിലുള്ള അവളുടെ പല നടപടികളെക്കുറിച്ചും ബ്രിട്ടീഷ്‌ അധികൃതര്‍ക്ക്‌ അറിവുണ്ടായിരുന്നില്ല. അങ്ങനെ കുറച്ചുനാളത്തെ ജയില്‍വാസത്തിന്‌ ശേഷം ദുര്‍ഗ മോചിതയായി. പിന്നീട്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായ ദുര്‍ഗ 1937-38 കാലയളവില്‍ ഡല്‍ഹി കോണ്‍ഗ്രസ്‌ കമ്മിറ്റി അധ്യക്ഷയുമായി.



1940 ആയപ്പോഴേക്കും രാഷ്ട്രീയരംഗത്ത്‌ നിന്ന്‌ പിന്‍വാങ്ങിയ ദുര്‍ഗ ലഖ്‌നൗവില്‍ താന്‍ സ്ഥാപിച്ച സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളുമായി ഒതുങ്ങിക്കൂടി. 1972ല്‍ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെ ഓറല്‍ ഹിസ്റ്ററി പ്രോജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ ശബ്ദരേഖയിലാണ്‌ ദുര്‍ഗ തന്റെ ജീവിതം തുറന്നുപറഞ്ഞത്‌. 1999ല്‍ അവര്‍ അന്തരിച്ചു.