സംഭവം നടന്നയുടൻ തന്നെ പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം കൊണ്ടുപോയി. ഭഗൽപൂരിലെ മായഗഞ്ച് ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തത്.
മരണം ആർക്കും പ്രവചിക്കാനാകില്ല എന്നാണല്ലോ പറയാറ്. ജീവിച്ചിരിക്കുന്ന ഈ ഒരു നിമിഷത്തെക്കുറിച്ച് അല്ലാതെ മറ്റൊന്നിനെക്കുറിച്ചും നമുക്ക് ഉറപ്പ് പറയാനാകില്ല എന്ന് തെളിയിക്കുകയാണ് ഒരു സിസിടിവി ദൃശ്യം. ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്ന് ഒരു മനുഷ്യൻ നിലത്തേക്ക് വീണ് മരിക്കുന്നതാണ് ദൃശ്യങ്ങളിൽ.
ബിഹാറിലെ ഭഗൽപൂരിൽ ആണ് സംഭവം. കൊല്ക്കത്ത സ്വദേശി പിന്റു കുമാറാണ് മരിച്ചത്. തന്റെ ജോലി സ്ഥലത്ത് ഇരുന്ന് ജോലി ചെയ്യവെയാണ് ഇദ്ദേഹം പെട്ടെന്ന് നിലത്തേക്ക് വീണത്. തുടർന്ന് നെഞ്ച് തിരുമ്മാൻ ശ്രമിക്കുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു. 42 -കാരനായ ഇദ്ദേഹം ഒരു സ്വർണ്ണ പണിക്കാരനാണ് എന്നാണ് മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നത്. സിസിടിവി ദൃശ്യങ്ങളും അത് ശരിവെക്കുന്നു. സ്വർണപ്പണി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് പെട്ടെന്ന് ഇദ്ദേഹം പുറകോട്ട് മറിയുന്നതും ദുരന്തം സംഭവിക്കുന്നതും. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പുറത്ത് വരുന്ന പ്രാഥമിക റിപ്പോർട്ടുകൾ. അതേസമയം വൈദ്യുതാഘാതമേറ്റ് മരിച്ചതാകാമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.
സംഭവം നടന്നയുടൻ തന്നെ പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം കൊണ്ടുപോയി. ഭഗൽപൂരിലെ മായഗഞ്ച് ആശുപത്രിയിലാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വന്നാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.
ഇത് ആദ്യമായല്ല ഇത്തരത്തിലുള്ള മരണങ്ങൾ. ആളുകൾ പെട്ടെന്ന് കുഴഞ്ഞുവീഴുകയും മരിക്കുകയും ചെയ്യുന്ന വീഡിയോകൾ മുൻപും സോഷ്യൽ മീഡിയ വഴി പ്രചരിച്ചിട്ടുണ്ട്. കുറച്ചു നാളുകൾക്ക് മുമ്പ് സമാനമായ രീതിയിൽ പത്രം വായിക്കുന്നതിനിടെ ഒരു വൃദ്ധൻ മരിച്ച സംഭവം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. രാജസ്ഥാനിലെ ബാർമറിലാണ് സംഭവം. ഇദ്ദേഹം കുഴഞ്ഞു വീഴുമ്പോൾ, ഒരു ക്ലിനിക്കിലെ ബെഞ്ചിലിരുന്ന് അദ്ദേഹം പത്രം വായിക്കുകയായിരുന്നു. മുമ്പ് തെലങ്കാനയിലെ നിർമൽ ജില്ലയിൽ ഒരു വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ 19 വയസ്സുള്ള ആൺകുട്ടി വീണ് മരിച്ച സംഭവവും വാർത്തയായിരുന്നു.
