58 വയസ്സുള്ള ഒരച്ഛൻ. 18-നും 25-നും ഇടക്ക് പ്രായമുള്ള ആറു സഹോദരീസഹോദരങ്ങൾ ഒരുദിവസം, ഇതാ ലോകാവസാനം അടുത്തിരിക്കുന്നു എന്ന് ആ അച്ഛന് തോന്നി. അന്ന് ഏഴുമക്കളെയും കൂട്ടി നിലവറയ്ക്കകത്ത് കേറി വാതിലടച്ചു അയാൾ. പിന്നെ അടുത്ത ഒമ്പതുവർഷം ഒറ്റക്കുഞ്ഞിനെയും ആ അച്ഛൻ തന്റെ ഭയം നിമിത്തം ആ നിലവറയ്ക്ക് പുറത്തേക്ക് വിട്ടതേയില്ല.  ആ ഫാം ഹൗസ് പൂർണ്ണമായും സ്വയം പര്യാപ്തമായിരുന്നു. ഒന്നിനും ആ കോമ്പൗണ്ട് വിട്ട് പുറത്ത് പോകേണ്ട കാര്യമുണ്ടായിരുന്നില്ല എന്ന് ഡച്ച് മാധ്യമങ്ങൾ പറയുന്നു. അയാൾ ആ പറമ്പിൽ വിളഞ്ഞ പച്ചക്കറികളും, ഉരുളക്കിഴങ്ങും, മൃഗങ്ങളും, പാലും എല്ലാം കൊണ്ട് ഏഴുപേരുടെയും ജീവൻ നിലനിർത്തിയത്രെ. ഒന്നും രണ്ടും ദിവസമല്ല, ഒമ്പതു വർഷം. 

ഹോളണ്ടിലെ ഡ്രെന്തെ പ്രവിശ്യയിലെ ജനസാന്ദ്രത കുറഞ്ഞ റുയീനർവോൾഡ് എന്ന ഗ്രാമത്തിലെ ഒരു ഫാം ഹൗസിലാണ് സംഭവം. സംഭവം വെളിയിൽ അറിയുന്നതോ, അച്ഛന്റെ ശാസനയെ ഭയന്ന് കഴിഞ്ഞ ഒമ്പതുവർഷക്കാലമായി നിലവറയ്ക്കു വെളിയിലേക്ക് കാലെടുത്തുവെക്കാതിരുന്ന മക്കളിൽ മൂത്തവൻ സകലധൈര്യവും സംഭരിച്ചുകൊണ്ട്, അച്ഛന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങി ഓടി, മൈലുകൾക്കപ്പുറമുള്ള ഒരു ബാറിലേക്ക് ഓടിക്കേറി, അവിടത്തെ കൗണ്ടറിൽ ചെന്നിരുന്ന് - " ഒരു ബിയർ.." എന്ന് ഓർഡർ ചെയ്തപ്പോഴാണ്. 

മുന്നിൽ വന്നിരുന്ന ആളിനെക്കണ്ട് ബാർടെൻഡർ ഞെട്ടി. വെട്ടിയിട്ട് വർഷങ്ങളായ ജടപിടിച്ച മുടി നീണ്ടുനീണ്ട് തോളും കടന്നു താഴേക്ക് വളർന്നിരുന്നു. കാടുപിടിച്ചു കിടന്നിരുന്ന താടിയും ആകെ ജടകെട്ടിയിരുന്നു. ആകെ ഒരു സ്ഥലജലവിഭ്രാന്തിയിലായിരുന്നു ആ യുവാവ്. ബാറിലെ അരണ്ടവെളിച്ചത്തിലിരുന്ന് ഒന്നിന് പിന്നാലെ ഒന്നായി അഞ്ചു കാൻ ബിയർ കുടിച്ചിറക്കിയ ശേഷം അയാൾ ബാർടെൻഡറോട് വീണ്ടും പറഞ്ഞു, " ഐ നീഡ് ഹെൽപ്പ്.." - എന്നെ രക്ഷിക്കണം..! 

കോളേജിൽ പോവാൻ കഴിഞ്ഞിട്ടില്ല അവന്. മുടിവെട്ടിച്ചിട്ടും കൊല്ലം ഒമ്പതു കഴിഞ്ഞ, അവൻ. " എന്റെ അനിയന്മാരും അനിയത്തികളും ഒക്കെയുണ്ട് അവിടെ ഫാമിൽ. അവരുടെ അവസ്ഥ എന്റേതിനേക്കാൾ വളരെ മോശമാണ്.. രക്ഷിക്കണം. " അച്ഛന്റെ ഭീതിക്കൊപ്പിച്ചുള്ള ജീവിതം മടുത്ത് എല്ലാം അവസാനിപ്പിക്കാൻ തുനിഞ്ഞിറങ്ങിപ്പോന്നതായിരുന്നു അവരിൽ മൂത്തവനായ ആ പയ്യൻ. 

ബാർടെൻഡർ ഉടനെ തന്നെ പൊലീസിൽ വിവരമറിയിച്ചു. അവർ നേരെ ഫാം ഹൗസിലേക്ക് ചെന്നു. ആദ്യം തന്നെ ലോകാവസാനം ഭയന്നുകഴിഞ്ഞുപോന്നിരുന്ന ആ വൃദ്ധനെ അറസ്റ്റുചെയ്തു. അയാൾ അവിടെ നിലവറയിൽ പൂട്ടിയിട്ടിരുന്ന ശേഷിച്ച അഞ്ചുപേരെയും മോചിപ്പിച്ചു. ഒറ്റനോട്ടത്തിൽ ആർക്കും കാണാൻ സാധികാത്ത രീതിയിൽ, ഒരു അലമാരയ്ക്കുള്ളിലൂടെയായിരുന്നു അവർ ഒളിച്ചു പാർത്തിരുന്ന രഹസ്യ നിലവാരയിലേക്കുള്ള ഗോവണി. 

റൂയിനർവോൾഡ് ഗ്രാമത്തിൽ ആകെ താമസമുള്ളത് 3000  പേരാണ്. അയൽക്കാരിൽ പലരും ഈ വിശാലമായ ഫാം ഹൗസ് ദൂരെ നിന്ന് കണ്ടിട്ടുണ്ടെങ്കിലും അതിനുള്ളിൽ ഇങ്ങനെ ചിലരുണ്ടെന്ന കാര്യം മനസ്സിലാക്കിയിരുന്നില്ല. കാരണം, ഗ്രാമത്തിനും ആ ഫാം ഹൗസിനുമിടയിൽ ഒരു കനാലും, കനാലിനു കുറുകെ ഫാം ഹൗസിലേക്കു മാത്രമായി ഒരു പാലവും ഒക്കെ കടന്നു വേണം അങ്ങോട്ട് പ്രവേശിക്കാൻ. ഹോളണ്ടിൽ പൊതുവേ, പ്രത്യേകിച്ച് ആവശ്യങ്ങളൊന്നും ഇല്ലെന്നുണ്ടെങ്കിൽ ആരും സ്വകാര്യപ്രോപ്പർട്ടികളിലേക്ക് കടന്നു ചെല്ലാറു പതിവില്ല. മാത്രവുമല്ല, ആ വലിയ കോമ്പൗണ്ടിൽ വീട് നിൽക്കുന്നത് തന്നെ മരങ്ങളുടെ ഇടയിൽ വേണ്ടത്ര ദൃശ്യത ഇല്ലാതെയാണ്. ഏതാനും ആടുകളും, ഒരു പച്ചക്കറിത്തോട്ടവും ഒക്കെ ആ ഫാം ഹൗസിനുള്ളിൽ തന്നെയുണ്ടുതാനും.

 

അയൽക്കാർ മാധ്യമങ്ങളോട് പറഞ്ഞത്, ആ ഗൃഹനാഥനെ മാത്രം ഒന്നോരണ്ടോ വട്ടം കണ്ടവരുണ്ട് എന്നാണ്. പിന്നെ, ആ പറമ്പിൽ ചില മൃഗങ്ങൾ, ഒരു പട്ടി, ഏതാനും താറാവുകൾ, ഒന്നോ രണ്ടോ ആടുകൾ എന്നിവയും കണ്ടിട്ടുണ്ട് ചിലർ. ഇന്നേവരെ അവിടേക്ക് ഒരു കത്തുപോലും താൻ കൊണ്ട് കൊടുത്തിട്ടില്ല എന്ന് പോസ്റ്റുമാനും സാക്ഷ്യപ്പെടുത്തി. " അത് സത്യം പറഞ്ഞാൽ ഏറെ വിചിത്രമാണ് ഇപ്പോൾ ആലോചിച്ചു നോക്കുമ്പോൾ, എന്തേ എനിക്ക് ഇക്കണ്ട കാലം അതൊന്നും തോന്നിയിരുന്നില്ല എന്നാണ് ഇപ്പോഴത്തെ ആശ്ചര്യം..." പോസ്റ്റുമാൻ പറഞ്ഞു.

ആ മുറിയിൽ കഴിഞ്ഞുപോന്നിരുന്ന പെൺകുട്ടികൾ അടക്കമുള്ളവരുടെ അവസ്ഥ വളരെ മോശമായിരുന്നു എന്നും, മൂത്ത കുട്ടിയുടെ ധൈര്യമാണ് മറ്റുള്ളവരെ രക്ഷിച്ചത് എന്നും പൊലീസ് പറഞ്ഞു.