Asianet News MalayalamAsianet News Malayalam

'കുള്ളന്മാരുടെ ​ഗ്രാമം', എന്തുകൊണ്ട് ഇവിടത്തുകാർക്ക് ഉയരമില്ലാതെ പോവുന്നു? ഉത്തരം കിട്ടാതെ ചോദ്യം

വർഷങ്ങൾക്കുമുമ്പ് ഒരു വേനൽക്കാല രാത്രിയിൽ, 5 മുതൽ 7 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കിടയിൽ ഒരു നിഗൂഢ രോഗം പടർന്നുവെന്ന് അവർ പറയുന്നു. അതോടെയാണ് കുട്ടികളിൽ വളർച്ച നിലച്ചത്. 

dwarfs village in china
Author
China, First Published Nov 13, 2021, 1:16 PM IST

ഉയരം കുറഞ്ഞ ആളുകളുള്ള ഒരു ദ്വീപിന്റെ കഥ പറയുന്ന 'അത്ഭുതദ്വീപ്' സിനിമ ഓർമ്മയുണ്ടോ? യഥാർത്ഥ ജീവിതത്തിലും അത്തരം ഒരു സ്ഥലം കാണുമോ? ഉണ്ട്, ചൈനയിലെ ഒരു വിദൂര ഗ്രാമമായ യാങ്സി(Yangsi)യാണത്. ഗ്രാമത്തിലെ 40% നിവാസികളും കുള്ളന്മാരാണ്. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്.  

ചൈനയുടെ നാനാഭാഗത്തുനിന്നും കുള്ളന്മാർ(dwarfs) ഇവിടെ വന്ന് താമസമാക്കിയതല്ല. അവരെല്ലാം യാങ്‌സിൽ ജനിച്ച് വളർന്നവരാണ്. ഈ വിചിത്രമായ ഗ്രാമം അറിയപ്പെടുന്നത് തന്നെ 'കുള്ളന്മാരുടെ ഗ്രാമം' എന്നാണ്. ചൈനയിലെ ഈ ഗ്രാമം പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നു. ഇവിടെയുള്ള 80 നിവാസികളിൽ 36 പേരും കുള്ളന്മാരാണ്. കൂട്ടത്തിൽ, ഏറ്റവും ഉയരമുള്ള വ്യക്തിയ്ക്ക് 3 അടി 10 ഇഞ്ചും, ഏറ്റവും ഉയരം കുറഞ്ഞയാൾക്ക് 2 അടി 1 ഇഞ്ചുമാണ്.

ഇന്നുവരെ ഇതിന് കൃത്യമായ വിശദീകരണം നൽകാൻ ആർക്കും സാധിച്ചിട്ടില്ല. ഇതിന് പിന്നിലുള്ള കാരണം മനസിലാക്കാൻ, ശാസ്ത്രജ്ഞർ സാധ്യമായ എല്ലാ പരിശോധനകളും നടത്തി. പ്രദേശത്തെ വെള്ളം, അവരുടെ ഭക്ഷണം, മണ്ണ് തുടങ്ങി എല്ലാം ഗവേഷകർ പരിശോധിച്ചു. പക്ഷേ ഒരു തുമ്പും കിട്ടിയില്ല. എന്നാൽ, ഗ്രാമത്തിലെ മുതിർന്നവർക്ക് ഇതിനൊരു വിശദീകരണമുണ്ട്. വർഷങ്ങൾക്കുമുമ്പ് ഒരു വേനൽക്കാല രാത്രിയിൽ, 5 മുതൽ 7 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കിടയിൽ ഒരു നിഗൂഢ രോഗം പടർന്നുവെന്ന് അവർ പറയുന്നു. അതോടെയാണ് കുട്ടികളിൽ വളർച്ച നിലച്ചത്. കൂടാതെ, മറ്റ് ചിലർക്ക് വ്യത്യസ്ത ശാരീരിക വൈകല്യങ്ങളും ഉടലെടുത്തു. ഇതോടെ അവരുടെ സമാധാനവും, സന്തോഷവും നശിച്ചുവെന്നും അവർ വിശ്വസിക്കുന്നു.  

കാലം ചെല്ലുന്തോറും പുതിയ ചില അസാധാരണമായ വിശദീകരണങ്ങളും കഥകളുമായി പലരും മുന്നോട്ട് വന്നു. ഗ്രാമത്തിലെ മണ്ണിൽ ഉയർന്ന അളവിൽ മെർക്കുറി സാന്ദ്രത ഉള്ളതിനാലാണ് ഈ അവസ്ഥയെന്ന് ചിലർ പറഞ്ഞു. എന്നാൽ അതിനെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ആർക്കും ലഭിച്ചില്ല. അതേസമയം, ജപ്പാൻ ചൈനയിലേക്ക് വിട്ട വിഷവാതകത്തിന്റെ സ്വാധീനം കാരണമാണ് ഇതെന്നും ചിലർ വിശ്വസിക്കുന്നു. എന്നാലും, ഈ ദുരൂഹതയ്ക്ക് കൃത്യമായ ഉത്തരം നൽകാൻ ഇന്നുവരെ ആർക്കും കഴിഞ്ഞിട്ടില്ല. യാങ്‌സി ഗ്രാമത്തിന്റെ നിലനിൽപ്പ് ചൈനയിലെ സർക്കാർ ഒരിക്കലും നിഷേധിച്ചിട്ടില്ലെങ്കിലും, വിദേശികൾക്ക് അവിടെ സന്ദർശിക്കാൻ അനുവാദമില്ല.

Follow Us:
Download App:
  • android
  • ios