ലോകപ്രശസ്‍ത ചിത്രകാരന്‍ ലിയനാഡോ ഡാവിഞ്ചിയുടെ ഏറ്റവും പ്രസിദ്ധമായ ചിത്രമാണ് മൊണാലിസ. ആ ചിത്രത്തിന് ഒരു മുന്‍പതിപ്പുണ്ടോ? ഉണ്ടോ ഇല്ലയോ എന്നതിനെച്ചൊല്ലി വര്‍ഷങ്ങളായി ഒരു തര്‍ക്കം നടക്കുകയാണ്. 

ആര്‍ട്ട് ഡീലറായിരുന്ന ഹെന്‍‍റി പുലിറ്റ്സറുടെ ലണ്ടൻ ഫ്ലാറ്റിലെ ചുമരിലാണ് 1960 -കളിൽ മൊണാലിസയുടെ ഒരു ചിത്രം തൂക്കിയിരുന്നത്. ഈ ചിത്രം  ലിയോനാർഡോ ഡാവിഞ്ചിയുടെ, പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ തൂക്കിയിട്ടിരിക്കുന്ന ലോകപ്രശസ്ത ഛായാചിത്രത്തിന്റെ മുൻപതിപ്പാണോ എന്ന തര്‍ക്കം ഉയര്‍ന്നിരിക്കുന്നത്. ചില ആളുകൾ ഇത് മൊണാലിസയുടെ മുന്‍പതിപ്പാണെന്നത് ശരിവെക്കുന്നുണ്ട്. 50 വർഷത്തിലേറെയായി, ചിത്രത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചും ആരാണ് ഇത് വരച്ചതെന്നതിനെക്കുറിച്ചും ശക്തമായ വഴക്കും വിവാദവും നടക്കുകയാണ്. അതുമായി ബന്ധപ്പെട്ട ഒരു കേസും നിലവിലുണ്ട്.

നികുതിവെട്ടിപ്പിന്റെ കരീബിയൻ പറുദീസകൾ, സ്വിസ് ബാങ്ക് നിലവറകൾ,  നിഗൂഢതകൾ നിറഞ്ഞ ഒരു അന്താരാഷ്ട്ര കൺസോർഷ്യം, കലാലോകത്തിലെ ഷെർലക് ഹോംസ് ഇവരെല്ലാമുള്‍പ്പെടുന്ന ഒരു നിഗൂഢതയായി തുടരുകയാണ് ഈ 'മുന്‍ മൊണാലിസ'യുടെ കഥ. അതിന്‍റെ ഉടമസ്ഥാവകാശവും ഷെയറുമൊക്കെയായി ബന്ധപ്പെട്ടുള്ള നിയമപോരാട്ടവും അതിന്‍റെ വഴിക്ക് നടക്കുന്നുണ്ട്. 

ഈ മൊണാലിസയെച്ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ? കോടിക്കണക്കിന് മില്ല്യണ്‍ ഡോളര്‍ വിലവരുന്ന ഒരു ചിത്രമാണോ ഇത്? ഏതായാലും ഈ ആഴ്‍ച ഇറ്റലിയില്‍ നടക്കുന്ന ഒരു കേസിന് ചിലപ്പോള്‍ ഇതിലെന്തെങ്കിലും തീര്‍പ്പിലെത്താനായേക്കും. 

മൊണാലിസക്കും മുമ്പേ ഒരു മൊണാലിസ?

ലിയനാഡോ ഡാവിഞ്ചി വരച്ച ഒരു മൊണാലിസ കൂടിയുണ്ട് എന്ന കാര്യം, 2012 -ല്‍ മൊണാലിസ ഫൗണ്ടേഷനാണ് ലോകത്തോട് വെളിപ്പെടുത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്‍തമായ ചിത്രമാണ്  'മൊണാലിസ'. അതിന്‍റെ വേറൊരു പതിപ്പ് എന്നത് ലോകത്തിന് പുതിയൊരു വിവരമായിരുന്നു.

ലിയനാഡോ ഡാവിഞ്ചി തന്നെ വരച്ച മറ്റൊരു മൊണാലിസയാണ് ഇതെന്ന വാദത്തെ ഊട്ടിയുറപ്പിക്കാനുള്ള നിരവധി കാരണങ്ങളും അന്ന് ഫൗണ്ടേഷന്‍ നിരത്തിയിരുന്നു. പക്ഷേ, ഇതിലെ ഏറ്റവും കൗതുകകരമായ കാര്യം ഇത്രയും കാര്യങ്ങളുറപ്പിച്ച് പറയുമ്പോഴും ഈ ചിത്രം ഫൗണ്ടേഷന്‍റെ ഉടമസ്ഥാവകാശത്തിലല്ല എന്നുള്ളതായിരുന്നു. പേരില്ലാത്ത ഒരു അന്താരാഷ്ട്ര കണ്‍സോര്‍ഷ്യത്തിന്‍റെ ഉടമസ്ഥതയിലാണ് ചിത്രമെന്നും ഫൗണ്ടേഷന്‍ പറയുന്നുണ്ട്. ഈ മൊണാലിസയുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞത് ഇപ്രകാരമാണ്, 'ഫൗണ്ടേഷന്‍റെ ചില പ്രത്യേക നയങ്ങളുടെയും തീരുമാനങ്ങളുടെയും ഭാഗമായി പെയിന്‍റിങ്ങിന്‍റെ ഉടമസ്ഥതയെക്കുറിച്ച് എന്തെങ്കിലും ഇപ്പോള്‍ സംസാരിക്കുവാന്‍ തയ്യാറല്ല.' എന്ന്.

എന്നാല്‍, സൗത്ത് ലണ്ടനിലെ ആന്‍ഡ്ര്യൂ, കരന്‍ ഗില്‍ബര്‍ട്ട് ദമ്പതികള്‍ പറയുന്നത് ഈ ചിത്രത്തിന്‍റെ 25 ശതമാനം ഷെയര്‍ അവര്‍ക്ക് അവകാശപ്പെട്ടതാണെന്നാണ്. 2012-ല്‍ മൊണാലിസ ഫൗണ്ടേഷന്‍ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയശേഷം ഇരുവരും ഫൗണ്ടേഷനുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ഈ ദമ്പതികളെ കുറിച്ചോ അവരുടെ ഷെയറിനെ കുറിച്ചോ ഫൗണ്ടേഷന് യാതൊന്നും അറിയില്ലായെന്നായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്. ഗില്‍ബര്‍ട്ട് പറയുന്നത്, 'ചിത്രത്തിന്‍റെ നിലവിലെ ഉടമസ്ഥര്‍ ആരാണ് എന്നറിയില്ല. ആരും ഞങ്ങളോട് അതേക്കുറിച്ചൊന്നും തന്നെ പറഞ്ഞിട്ടില്ല. എങ്ങനെയാണ് കാര്യങ്ങള്‍ നീക്കേണ്ടത് എന്നതിനെക്കുറിച്ചും ഞങ്ങള്‍ക്കൊന്നുമറിയില്ല...' എന്നാണ്. ഈ ആഴ്‍ചയില്‍ കോടതി ഇതിനെന്തെങ്കിലും ഒരു തീരുമാനമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഏതായാലും പെയിന്‍റിങ്ങിന്‍റെ 25 ശതമാനം ഷെയറുണ്ടെന്നവകാശപ്പെടുന്ന ഈ ദമ്പതികള്‍. 

എന്തിനെക്കുറിച്ച് തീരുമാനം അറിയുമെന്നാണ്? ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്‍തനായ ഒരു ചിത്രകാരന്‍റേത് എന്ന് അവകാശപ്പെടുന്ന കോടിക്കണക്കിന് മില്ല്യണ്‍ ഡോളര്‍ വിലവന്നേക്കാവുന്ന ഒരു ചിത്രത്തെ കുറിച്ചോ? ഇത്രയെളുപ്പത്തില്‍ തീര്‍പ്പിലെത്താവുന്ന ഒരു വെറും തര്‍ക്കം മാത്രമാണോ അത്? 

$450m (32,05,31,85,000.00 ഇന്ത്യന്‍ രൂപ) വിലയ്ക്ക് നേരത്തെ ഇതുപോലെ ഒരു ലിയനാഡോ പെയിന്‍റിങ്ങ് ലേലത്തില്‍ നല്‍കിയിട്ടുണ്ട്. അവിശ്വസനീയമെന്ന് തോന്നാമെങ്കിലും 'ലോക രക്ഷകൻ' എന്ന പെയിന്റിംഗിന്‍റെ കാര്യത്തില്‍ സംഭവിച്ചതും ഇതുതന്നെയാണ്. 1958 -ൽ വെറും 45 ഡോളറിന് വിറ്റ ചിത്രം രണ്ടുവർഷം മുമ്പ് ഒരു അജ്ഞാതന്‍ വാങ്ങിയത് 450 മില്യൺ ഡോളറിനാണ് (32,05,31,85,000.00 ഇന്ത്യന്‍ രൂപ). ഇവിടെ വ്യത്യാസം അന്താരാഷ്ട്രതലത്തിലുള്ള ഒരു സംഘം തന്നെ അത് ലിയനാഡോ ഡാവിഞ്ചിയുടെ ചിത്രമാണ് എന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു എന്നതാണ്. അതേ വിധി തന്നെയുണ്ടാകുമോ ഈ മൊണാലിസയ്ക്കും എന്ന് ഉറ്റുനോക്കുകയാണ് ഇതുമായി ബന്ധപ്പെട്ടവരും ലോകവും.

ചിത്രം ഡാവിഞ്ചിയുടേത് എന്ന് വിശ്വസിക്കുന്നവര്‍

കാലിഫോർണിയയിലെ സാന്താ മോണിക്കയിൽ നിന്നുള്ള പ്രൊഫസർ ജീൻ പിയറി ഇസ്ബൗട്ട്സ് ഇത് ലിയനാഡോ വരച്ച മൊണാലിസ തന്നെയാണ് എന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരാളാണ്. പെയിന്‍റിംഗ് കാണാനായി ഫൗണ്ടേഷൻ അദ്ദേഹത്തെ സ്വിറ്റ്സർലൻഡിലേക്ക് കൊണ്ടുപോയിരുന്നു. അങ്ങനെ കണ്ടപ്പോള്‍ തന്നെ അത് ലിയനാഡോ വരച്ചതാണെന്ന് താനുറപ്പിച്ചിരുന്നുവെന്നും ഇസ്ബൗട്ട്സ് പറയുന്നു. 

"ഞാൻ നിലവറയിലേക്ക് നടന്നു, അവിടെ വളരെ തണുപ്പായിരുന്നു. ആ പെയിന്‍റിംഗ് പരിശോധിക്കുന്നതിനായി ഞാൻ ഏകദേശം രണ്ട് മണിക്കൂർ ചെലവഴിച്ചു. എന്നാൽ, പരിശോധന തുടങ്ങി അഞ്ച് മിനിറ്റിനുശേഷം തന്നെ ഇത് ഒരു ലിയോനാർഡോ പെയിന്‍റിംഗ് തന്നെയായിരിക്കുമെന്ന് ഞാൻ തിരിച്ചറിഞ്ഞിരുന്നു." എന്നും അദ്ദേഹം പറയുന്നു. കാലിഫോർണിയയിലെ ഫീൽഡിംഗ് ഗ്രാജുവേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അക്കാദമിക് സംഘം പറയുന്നത് ഛായാചിത്രം യഥാർത്ഥമാണെന്ന് വിശ്വസിക്കാൻ കാരണമായത് ചരിത്രപരമായ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലാണെന്നാണ്.

''ജോര്‍ജ്ജിയോ വാസരിയെഴുതിയ ലിയനാഡോ ഡാവിഞ്ചിയുടെ ജീവചരിത്രത്തില്‍ കൃത്യമായി പറയുന്നുണ്ട്, 'ലിയനാഡോ മൊണാലിസ വരയ്ക്കുന്നതിനായി നാല് വര്‍ഷം പരിശ്രമിക്കുകയും ഒടുവില്‍ അത് മുഴുവനാക്കാതെ പരിശ്രമം നിര്‍ത്തി'യെന്നും. ഈ ചിത്രത്തില്‍ അത് വ്യക്തമാണ്. അപൂര്‍ണത വ്യക്തമാകുന്ന ഒരു ചിത്രമാണിത് എന്നും ഇസബൗട്ട്സ് പറയുന്നുണ്ട്. മാത്രവുമല്ല, രണ്ട് പേര്‍ക്ക് വേണ്ടി ലിയനാഡോ മൊണാലിസ വരച്ചുവെന്ന് പറയുന്നുണ്ട്. അതും ഈ മൊണാലിസയും ലിയനാഡോ വരച്ചതാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനുള്ള തെളിവാണ്'' എന്നും ഇസ്ബൗട്ട്സ് പറയുന്നു. 

ശാസ്ത്രീയമായ പഠനങ്ങളും ഇത് ലിയനാഡോ വരച്ചതാണെന്ന് ശരിവെക്കുന്നതാണെന്നും ഇസബൗട്ട്സ് ചൂണ്ടിക്കാണിക്കുന്നുണ്ട്. കാരണങ്ങള്‍ ഇതൊക്കെയാണ്. എ) ഈ മൊണാലിസാ ചിത്രം പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നിന്നുള്ളതാണ്. ബി) കോൺഫിഗറേഷനും കോമ്പോസിഷനും ലൂവ്രെ മ്യൂസിയത്തിലുള്ള മൊണാലിസയ്ക്ക് സമാനമാണ്. സി) ഹിസ്റ്റോഗ്രാമുകൾ (ഉപയോഗിച്ച നിറങ്ങളുടെ ഡിജിറ്റൽ ഗ്രാഫുകൾ) കാണിക്കുന്നത് പെയിന്‍റിംഗിന്റെ ഹാന്‍ഡ്റൈറ്റിങ് അനുസരിച്ച്, അദ്ദേഹം പെയിന്‍റ് എങ്ങനെ പ്രയോഗിക്കുന്നുവെന്നതിന് സമാനമാണിത്. 

ലിയനാഡോ പെയിന്‍റിംഗല്ല

എന്നാൽ, എല്ലാവരും ഇത് ലിയനാഡോ പെയിന്‍റിംഗാണ് എന്ന് സമ്മതിക്കുന്നില്ല. ഇതൊരിക്കലും ലിയനാഡോയുടെ പെയിന്‍റിംഗ് അല്ല എന്നാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്‍സിറ്റിയിലെ എമറിറ്റസ് പ്രൊഫസറായ മാര്‍ട്ടിന്‍ കെംപ് പറയുന്നത്. ജോര്‍ജ്ജിയോ കരുതിയിരുന്നത് തെറ്റായിരിക്കണമെന്നും ഫ്ലോറന്‍സ് വിട്ടതിനുശേഷം ലിയനാഡോ ആ ചിത്രം പൂര്‍ത്തിയാക്കിയിരിക്കാമെന്നുമാണ് കെംപ് പറയുന്നത്. 

എന്നാല്‍, ഇസ്ബൗട്ട്സ് കെംപിന്‍റെ വിശകലനത്തെ ഭാഗികമായി വിമർശിക്കുന്നു. കാരണമായി പറയുന്നത്, കെംപ് ഒരിക്കലും ഈ പെയിന്‍റിംഗ് കണ്ടിട്ടില്ല എന്നതാണ്. ഇതിന് മറുപടിയായി പ്രൊഫസർ കെംപ് പറയുന്നത് നിങ്ങൾ എല്ലായ്പ്പോഴും പോയി ഒറിജിനലിൽ കാണേണ്ട കാര്യമില്ല എന്നാണ്. ആധുനിക ഇമേജിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള ചില ഡിജിറ്റൽ ഇമേജുകൾ, പെയിന്‍റിങ് കാണുന്നതിനേക്കാള്‍ വ്യക്തമായി കാണാന്‍ സാധിക്കുമെന്നും കെംപ് പറയുന്നു. 

തെളിവുകള്‍ മാറ്റപ്പെടുന്നുണ്ടോ?

നിരവധിപേര്‍ ചേര്‍ന്നെഴുതിയ പ്രൊഫ. ഇസ്ബൗട്ട്സ് എഡിറ്റ് ചെയ്‍ത മൊണാലിസയെക്കുറിച്ചുള്ള പുസ്‍തകത്തില്‍ (Leonardo Da Vinci's Mona Lisa: New Perspectives) നേരത്തെ ഉണ്ടായിരുന്ന ചില ഭാഗങ്ങള്‍ മാറ്റപ്പെട്ടിരുന്നു. അതിനെക്കുറിച്ച് പുസ്‍തകത്തിലെഴുതിയിരുന്നൊരാള്‍ തന്നെ പരാതിയുമുന്നയിച്ചിരുന്നു. മൊണാലിസയുടെ ഈ ആദ്യചിത്രം ലിയനാഡോയുടേത് തന്നെയാണെന്ന് തെളിയിക്കാന്‍ സഹായിക്കാത്ത ഭാഗങ്ങളാണ് നീക്കം ചെയ്തതെന്നും അയാള്‍ പരാതിയില്‍ പറഞ്ഞിരുന്നു. അതിനെക്കുറിച്ച് ഇസ്ബൗട്ട്സ് പറയുന്നത് അതിന്‍റെ എഡിറ്ററെന്ന നിലയില്‍ തനിക്ക് ഏതെങ്കിലും ഭാഗം എഡിറ്റ് ചെയ്യാനുള്ള അധികാരമുണ്ടെന്നും അപ്രധാനമായവയാണ് എഡിറ്റ് ചെയ്‍തതെന്നുമാണ്. 

മൊണാലിസയെന്ന നിധി 

ഈ മൊണാലിസ ലിയനാഡോ ഡാവിഞ്ചിയുടേത് തന്നെയെന്ന് ഉറപ്പിച്ച് പറയുന്നവര്‍ക്ക് പക്ഷേ, ഇതിന്‍റെ ഉറവിടത്തെ കുറിച്ച് കൃത്യമായ ധാരണകളൊന്നുമില്ല. പെട്ടെന്ന് 1913 -ല്‍ ഈ ചിത്രം പുറത്ത് വരികയായിരുന്നു. സോമർസെറ്റിലെ ഒരു പ്രഭുവിന്‍റെ വീട്ടിൽ നിന്ന് ഹഗ് ബ്ലേക്കർ എന്നൊരാള്‍ ചിത്രം വാങ്ങിയപ്പോഴാണത്. 

എന്നാല്‍, അത് വേണ്ടപോലെ വില്‍പ്പന നടത്താനോ മറ്റോ ഡീലര്‍മാരൊന്നും അധികം താല്‍പര്യം കാണിച്ചിരുന്നില്ല. ബ്ലേക്കറിന്‍റെ മരണശേഷം ഹെന്‍‍റി പുലിറ്റ്സറെന്ന ആര്‍ട്ട് ഡീലറുടെ കയ്യിലാണ് ചിത്രമെത്തിയത്. ഈ മൊണാലിസയാണ് ലിയനാഡോ ഡാവിഞ്ചിയുടെ മൊണാലിസയേക്കാള്‍ മികച്ചതെന്നും പുലിറ്റ്സര്‍ വിശ്വസിച്ചു. ഏതായാലും അയാള്‍ ഈ മൊണാലിസയെ പ്രൊമോട്ട് ചെയ്യാനായി കാശിറക്കി. കാരണം അയാള്‍ക്ക് ഇത് ലിയനാഡോയുടേത് തന്നെയാണ് എന്ന് തെളിയിക്കുന്ന എന്തെങ്കിലും തെളിവുകളോ സഹായങ്ങളോ കിട്ടിയേ തീരുവായിരുന്നു. അവിടെനിന്നാണ് ആന്‍ഡ്ര്യൂവിന്‍റെ കുടുംബം പെയിന്‍റിങ്ങിന്‍റെ ഷെയര്‍ വാങ്ങുന്നത്.

 

1964 -ല്‍ 25 ശതമാനം ഷെയര്‍ വാങ്ങിയതിന്‍റെ രേഖകള്‍ അവര്‍ ബിബിസിയെ കാണിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ടോളം പുലിറ്റ്സര്‍, ഈ പെയിന്‍റിങ് സ്വിസ് ബാങ്ക് നിലവറയില്‍ സൂക്ഷിച്ചു. അദ്ദേഹത്തിന്‍റെ മരണത്തോടെയാണ് 2008 -ല്‍ അത് ഇന്‍റര്‍നാഷണല്‍ കണ്‍സോര്‍ഷ്യത്തിന്‍റെ ഉടമസ്ഥതയിലാകുന്നത്. എന്നാല്‍, മൊണാലിസ ഫൗണ്ടേഷന്‍ ഗില്‍ബര്‍ട്ടിന്‍റെ ഈ വാദമെല്ലാം ആദ്യമേ തള്ളുന്നുണ്ട്. ഏതായാലും ഗില്‍ബര്‍ട്ടിന്‍റെ അഭിഭാഷകന്‍ പറയുന്നത്, ഒരുപാട് സൂത്രങ്ങളും സങ്കീര്‍ണതകളും നിറഞ്ഞ കേസാണിത്. ഇതുപോലൊരു കേസ് താന്‍ നേരത്തെ കണ്ടിട്ടില്ല എന്നാണ്. മാത്രവുമല്ല, കോടതിയില്‍ ഗില്‍ബര്‍ട്ടിന്‍റെ വാദം ഫൗണ്ടേഷന്‍ തള്ളിക്കളഞ്ഞിട്ടുമില്ല.

ചിത്രത്തെ കുറിച്ച് കൂടുതലറിയാനും അത് കണ്ടെത്തുന്നതിനുമായി ഗില്‍ബര്‍ട്ട് കുടുംബമാണ് ആര്‍ട്ടിന്‍റെ ലോകത്തെ ഷെര്‍ലക് ഹോംസ് എന്നറിയപ്പെടുന്ന ക്രിസ്റ്റഫര്‍ മറൈനെല്ലോയെ സമീപിക്കുന്നത്. ആര്‍ട്ട് റിക്കവറി ഇന്‍റര്‍നാഷണലിന്‍റെ സ്ഥാപകനാണ് ക്രിസ്റ്റഫര്‍. ഏതായാലും അതോടുകൂടി ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു.
 
ഇപ്പോള്‍, നിയമപോരാട്ടം അതിന്‍റെ വഴിക്ക് നീങ്ങുന്നുണ്ട്. ലിയനാഡോ എന്ന ചിത്രകാരന്‍ മരിച്ചിട്ട് തന്നെ 500 വര്‍ഷങ്ങള്‍ പിന്നിടുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രം കണ്ടെടുക്കപ്പെട്ട അദ്ദേഹത്തിന്‍റേത് എന്ന് വിശ്വസിക്കപ്പെടുന്ന, കോടിക്കണക്കിന് ഡോളര്‍ വിലവന്നേക്കാവുന്ന ചിത്രത്തെ കുറിച്ചുള്ള തര്‍ക്കം അപ്പോഴും ചൂടുപിടിക്കുകയാണ്.