ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ചൂഷണം ചെയ്ത കൊളോണിയൽ ശക്തിയാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി. ഇന്ത്യയുമായി സുഗന്ധവ്യഞ്ജനങ്ങൾ വ്യാപാരം ചെയ്യുന്നതിനായി 1600 -ൽ ലണ്ടനിൽ സ്ഥാപിതമായതാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി. എന്നാൽ, അടുത്ത 250 വർഷങ്ങളിൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കമ്പനി ആധിപത്യം പുലർത്തുകയും ഇന്ത്യയെ കീഴടക്കാൻ ക്രൂരമായ സൈനിക ശക്തി ഉപയോഗിക്കുകയും ചെയ്തു. ആ കാലത്തെ ആഗോള വ്യാപാരത്തിന്റെ 50 ശതമാനവും അവരുടെ കൈകളിലായിരുന്നു. അവർ യുദ്ധങ്ങൾ നടത്തുകയും ബ്രിട്ടീഷ് തൊഴിലാളികളിൽ മൂന്നിലൊന്ന് പേരെ രാജ്യത്ത് നിയമിക്കുകയും ചെയ്തു. 1857 -ലെ ഇന്ത്യൻ കലാപത്തെത്തുടർന്ന്, ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് 1858 എല്ലാ അധികാരങ്ങളും ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് കിരീടത്തിലേക്ക് മാറ്റി. ഒടുവിൽ കമ്പനി 1874 -ൽ പിരിച്ചുവിട്ടു.

ഈസ്റ്റ് ഇന്ത്യാ കമ്പനി അടിച്ചമർത്തലിന്റെയും അപമാനത്തിന്റെയും പ്രതീകമായിരുന്നു. എന്നാൽ, ഇന്ത്യ ഭരിച്ചിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഇപ്പോഴത്തെ ഉടമസ്ഥൻ ആരാണെന്ന് അറിയാമോ? ഇന്ത്യൻ വ്യവസായിയായ സഞ്ജീവ് മേത്ത. പണ്ട് അടിച്ചമർത്തലിന്റെ അടയാളമായിരുന്ന കമ്പനി ഇപ്പോൾ ഭരിക്കുന്നത് ഒരു ഇന്ത്യക്കാരനാണ് എന്നത് ഏതൊരു ഇന്ത്യക്കാരനും അഭിമാനമുണ്ടാകുന്ന കാര്യമാണ്.  

മുംബൈയിൽ ജനിച്ച സംരംഭകനായ സഞ്ജീവ് മേത്ത 2005 -ലാണ് കമ്പനിയുടെ ഷെയറുകൾ 40 ആളുകളിൽ നിന്ന് വാങ്ങിയത്. ഇപ്പോൾ അദ്ദേഹം വിലയേറിയ ചായ, കോഫി, ചോക്ലേറ്റ്, ജാം, മറ്റ് ആഡംബര ഭക്ഷണ വസ്തുക്കൾ എന്നിവ തന്റെ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് വഴി വിൽക്കുന്നു. ഒരു കാലത്ത് ഇന്ത്യയെ ഭരിച്ചിരുന്ന ആ കമ്പനി സ്വന്തമാക്കിയപ്പോൾ എന്ത് തോന്നി എന്ന് അദ്ദേഹത്തോട് എസ്എംഇ ടൈംസ് ഒരിക്കൽ  ചോദിക്കുകയുണ്ടായി. “എനിക്ക് ഈ വീണ്ടെടുപ്പ് ഒരു വലിയ അനുഭവമായിരുന്നു. ഒരിക്കൽ നമ്മളെ ഭരിച്ചിരുന്ന ഒരു കമ്പനി ഇപ്പോൾ ഞാൻ ഭരിക്കുക എന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരമാണ്” അദ്ദേഹം മറുപടിയായി പറഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇതിനകം അറിയാവുന്ന 400 വർഷം പഴക്കമുള്ള ഒരു ബ്രാൻഡ് സ്വന്തമാക്കിയതിൽ അദ്ദേഹത്തിന് വല്ലാത്ത അഭിമാനമുണ്ട്.

20 വർഷം മുമ്പ് ബ്രിട്ടനിലേക്ക് താമസം മാറിയ സംരംഭകൻ, തന്റെ ആദ്യത്തെ കട തുറന്നതും വെള്ളക്കാരുടെ മണ്ണിൽ തന്നെയായിരുന്നു. ലണ്ടനിലെ മെയ്‌ഫെയർ പരിസരത്താണ് സഞ്ജീവ് ആദ്യത്തെ ഈസ്റ്റ് ഇന്ത്യാ കമ്പനി സ്റ്റോർ ആരംഭിച്ചത്. ഇത് കേവലം ഒരു വാണിജ്യ സംരംഭമല്ലെന്നും, അതിനോട് തനിക്ക് വല്ലാത്ത വൈകാരിക ബന്ധമുണ്ടെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു. “ഇതുപോലുള്ള ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുന്നതും ഇതുപോലുള്ള ഒരു ബ്രാൻഡ് സ്വന്തമാക്കുന്നതും ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ഇത് ഭയങ്കര സന്തോഷം നൽകുന്ന ഒരു കാര്യമാണ്” സഞ്ജീവ് പറഞ്ഞു. ഇന്ത്യയിലെ നിരവധി പേർ അദ്ദേഹത്തെ അഭിനന്ദിച്ച് ആയിരക്കണക്കിന് ഇ-മെയിലുകൾ അയച്ചു. ഇന്ന് കമ്പനിക്ക് യുകെ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിൽ സ്റ്റോറുകൾ ഉണ്ട്. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് വിജയകരമായി പ്രവർത്തിപ്പിക്കുന്നു.

1918 -ൽ ബ്രിട്ടീഷ് ഇന്ത്യയിൽ അവസാനമായി അച്ചടിച്ച മോഹർ സ്വർണ നാണയം ഉൾപ്പെടെയുള്ള കമ്മട്ട നാണയങ്ങളുടെ അവകാശവും അദ്ദേഹത്തിനുണ്ട്. ലോകമെമ്പാടുമുള്ള 100 തരം ചായ, ചോക്ലേറ്റ്, സുഗന്ധവ്യഞ്ജനങ്ങൾ, കടുക് എന്നിവ ഉൾപ്പെടെ 350 ആഡംബര ഉൽപ്പന്നങ്ങൾ അദ്ദേഹത്തിന്റെ ലണ്ടനിലെ കടയിൽ ഉണ്ട്.