ദൈനംദിന ജീവിതത്തില്‍ ഇയാള്‍ ഒരു പുരുഷന്‍ ആണെങ്കിലും ഇക്വഡോറിലെ ഔദ്യോഗിക രേഖകളില്‍ ഇയാളിപ്പോള്‍ ഒരു സ്ത്രീയാണ്.

മക്കളെ നേടിയെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തിനുവേണ്ടി ഇക്വഡോറില്‍ ഒരച്ഛന്‍ ചെയ്ത കാര്യങ്ങള്‍ കേട്ടാല്‍ ഏറെ വിചിത്രമായി തോന്നും. ഭാര്യയില്‍ നിന്നും വേര്‍പിരിഞ്ഞ ഇയാള്‍ തന്റെ രണ്ട് പെണ്‍മക്കളെ വളര്‍ത്തുവാനുള്ള അവകാശം നേടിയെടുക്കുന്നതിനായി നിയമപരമായി തന്നെ സ്ത്രീയായി മാറി. 

ദൈനംദിന ജീവിതത്തില്‍ ഇയാള്‍ ഒരു പുരുഷന്‍ ആണെങ്കിലും ഇക്വഡോറിലെ ഔദ്യോഗിക രേഖകളില്‍ ഇയാളിപ്പോള്‍ ഒരു സ്ത്രീയാണ്. 47 -കാരനായ റെനെ സലീനാസ് റാമോസ് ആണ് തന്റെ മക്കളുടെ നിയമപരമായ അവകാശം നേടിയെടുക്കുന്നതിനായി ലോകത്തില്‍ ഇന്നുവരെ ഒരുപക്ഷേ ആരും ചെയ്തിട്ടില്ലാത്ത ഈ കാര്യം ചെയ്തത്.

രാജ്യത്തെ നീതിന്യായ വ്യവസ്ഥയാണ് തന്നെക്കൊണ്ട് ഇത്തരമൊരു കാര്യം ചെയ്യിപ്പിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്. സാധാരണ ഇത്തരം കേസുകളില്‍ അമ്മ എത്ര തെറ്റുകാരിയാണെങ്കിലും പെണ്‍മക്കളുടെ സംരക്ഷണ അവകാശം അവര്‍ക്കു മാത്രമാണ് നല്‍കാറെന്നും അതിനാലാണ് രേഖകളില്‍ താന്‍ സ്ത്രീയായി മാറിയതെന്നുമാണ് ഇദ്ദേഹം പറയുന്നത്.

ഒരു പിതാവായതുകൊണ്ട് മാത്രമാണ് തനിക്ക് ഈ കേസില്‍ നീതി നിഷേധിക്കപ്പെടുന്നതെന്നും ഇദ്ദേഹം പറയുന്നു. കുട്ടികള്‍ക്ക് ജീവനാംശം നല്‍കുന്ന ഒരു ദാതാവായി മാത്രം തന്നെ പരിഗണിക്കരുതെന്നും ഒരു അമ്മയ്ക്ക് നല്‍കാന്‍ കഴിയുന്ന അതേ സ്‌നേഹവും വാത്സല്യവും തന്റെ മക്കള്‍ക്ക് നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും ഇയാള്‍ പറയുന്നു.

ഇപ്പോള്‍ തന്റെ മക്കള്‍ അവരുടെ അമ്മയോടൊപ്പം വളരെ മോശം ചുറ്റുപാടിലാണ് ജീവിക്കുന്നതെന്നും താനിപ്പോള്‍ മക്കളെ കണ്ടിട്ട് അഞ്ചുമാസം ആയെന്നും റാമോസ് ആരോപിക്കുന്നു. നിയമങ്ങളില്‍ താനിപ്പോള്‍ ഒരു സ്ത്രീയാണെന്നും അതുകൊണ്ടുതന്നെ താന്‍ ഇപ്പോള്‍ തന്റെ മക്കളുടെ അമ്മയാണെന്നും ഒരമ്മയുടെ സ്‌നേഹവും കരുതലും വാത്സല്യവും കൊടുത്ത് തന്റെ മക്കളെ വളര്‍ത്താന്‍ തനിക്ക് സാധിക്കുമെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍, ഇയാളുടെ നടപടിക്കെതിരെ ട്രാന്‍സ് ജെന്‍ഡറുകളുടെ അവകാശത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. തങ്ങള്‍ കാലങ്ങളായി നടത്തി വരുന്ന പോരാട്ടത്തെ വ്യക്തിപരമായ ആവശ്യത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണ് ഇയാളെന്ന് വിവിധ സംഘടനകള്‍ പ്രസ്താവനയില്‍ പറഞ്ഞു. 

ഏതായാലും മക്കളുടെ സംരക്ഷണ അവകാശത്തെ ചൊല്ലി ഭാര്യയുമായുള്ള ഇയാളുടെ നിയമയുദ്ധം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.