ഇക്വഡോറിനെ തീരത്ത് ചൈനയുടെ കൊടി കെട്ടിയ നിരവധി മത്സ്യബന്ധനക്കപ്പലുകൾ നിരവധിയെണ്ണം പ്രത്യക്ഷപ്പെട്ടതോടെ ആകെ ആശങ്കയിൽ ആണ്ടിരിക്കുകയാണ് ഇക്വഡോർ സൈന്യം. 260 മത്സ്യബന്ധനക്കപ്പലുകൾ അടങ്ങിയ ചൈനീസ് ഫ്‌ളീറ്റ് ഇപ്പോൾ ഗാലപ്പഗോസ് ദ്വീപസമൂഹത്തിനു സമീപം അന്താരാഷ്ട്ര സമുദ്ര മേഖലയിലാണ് ഉള്ളത്. ഈ കപ്പലുകൾ തങ്ങളുടെ സമുദ്ര അതിർത്തിക്കുള്ളിലേക്ക് കടക്കാതിരിക്കാൻ വേണ്ടി തീരത്ത് നിതാന്ത ജാഗ്രത പുലർത്തുകയാണ്  ഇക്വഡോറിന്റെ കോസ്റ്റ് ഗാർഡ് ഇപ്പോൾ. എല്ലാക്കൊല്ലവും ഇതുപോലെ മത്സ്യസമ്പത്തുതേടി ചൈനീസ് ഫിഷിങ് ഷിപ്പുകളുടെ കടന്നുവരവുണ്ടാകാറുണ്ട്, ഇക്വഡോർ തീരത്തേക്ക്. 

2017 -ൽ ഇതുപോലെ ഒരു ചൈനീസ് മത്സ്യബന്ധനക്കപ്പലിനെ, കടലിൽ വെച്ച് 300 ടണ്ണിലധികം വരുന്ന നിരോധിത മത്സ്യസമ്പത്തുമായി പിടികൂടിയ മുന്നനുഭവം ഇക്വഡോറിനെ അലോസരപ്പെടുത്തുന്ന ഒന്നാണ്. "ഞങ്ങൾ ഹൈ അലെർട്ടിൽ ആണ്. പട്രോൾ ബോട്ടുകൾ നിരന്തരം തീരത്ത് നിരീക്ഷണം നടത്തുന്നുണ്ട്. 2017 ലേതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല." ഇക്വഡോറിയൻ ഡിഫൻസ് മിനിസ്റ്റർ ഓസ്‌വാൾഡോ ജാറിൻ മാധ്യമങ്ങളോട് പറഞ്ഞു. ഗാലപ്പഗോസ് ദ്വീപസമൂഹത്തോട് ചേർന്നുകിടക്കുന്ന പാരിസ്ഥിതിക സമ്പത്ത് സംരക്ഷിക്കാൻ പരമാവധി പരിശ്രമിക്കുകയാണ് തങ്ങൾ എന്നും ശ്രമിച്ചു വരികയാണെന്നും, ഇങ്ങനെയുള്ള വൈദേശിക അധിനിവേശങ്ങളുണ്ടാക്കുന്ന പരിസ്ഥിതികാഘാതങ്ങളെപ്പറ്റി അന്താരാഷ്ട്ര സമൂഹത്തിന് ബോധ്യമുണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് മത്സ്യബന്ധന കപ്പലുകൾ ഇപ്പോൾ അന്താരാഷ്ട്ര നാവിക പരിധിയിൽ ആണെങ്കിലും, മത്സ്യങ്ങൾക്ക് മനുഷ്യർ നിർണയിക്കുന്ന സമുദ്രപരിധികൾ നിശ്ചയമില്ലാത്തതിനാൽ അവ ചൈനീസ് മീൻപിടുത്ത കപ്പലുകൾക്ക് അടുത്തേക്ക് പോകാം എന്നും അങ്ങനെ  ഏത് നിമിഷവും പ്രദേശത്തെ ജൈവസമ്പത്ത് നശിപ്പിക്കപ്പെടാം എന്നും ഓസ്‌വാൾഡോ ജാറിൻ പറഞ്ഞു. 

 

 

ചൈനീസ് ഫിഷിങ് സംഘങ്ങൾ അടക്കം പ്രദേശത്തെ മത്സ്യസമ്പത്ത് ലക്ഷ്യമിട്ട് വന്നെത്തുന്ന അന്താരാഷ്ട്ര മത്സ്യബന്ധനക്കപ്പലുകൾക്കെതിരെ കൊളംബിയ, ചിലി, പേര്, പനാമ, കോസ്റ്റാറിക്ക, പനാമ എന്നീ രാജ്യങ്ങളെ സംഘടിപ്പിച്ച് ചർച്ചകൾക്ക് ഒരുങ്ങുകയാണ് ഇക്വഡോർ ഇപ്പോൾ. വംശനാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന, വേട്ടയാടൽ നിരോധിച്ചിട്ടുള്ള ഹാമർഹെഡ് ഷാർക്കുകൾ പോലുള്ള നിരവധി വിശേഷയിനം സ്രാവുകൾ നിർബാധം വിഹരിക്കുന്ന സമുദ്രമേഖലയാണ് ഗാലപ്പഗോസ്. ഇവിടെയുള്ള സസ്യ, വനസമ്പത്തും സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. മുമ്പ് ചാൾസ് ഡാർവിൻ തന്റെ പ്രസിദ്ധമായ പരിണാമസിദ്ധാന്തത്തിന് ഉപോൽബലകമായ പല നിരീക്ഷണങ്ങളും നടത്തിയത് ഈ ദ്വീപസമൂഹം കേന്ദ്രീകരിച്ചാണ്.