വോൾഫ് ഡോഗ് ഇനത്തിൽപ്പെട്ട ലോകത്തിലെ ഏറ്റവും വിലയേറിയ നായയെ ഇയാൾ 50 കോടി രൂപയ്ക്ക് വാങ്ങി എന്നായിരുന്നു മുൻപ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഈ അവകാശവാദം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

50 കോടി രൂപയ്ക്ക് വോൾഫ് ഡോഗിനെ സ്വന്തമാക്കിയ ബംഗളൂരു സ്വദേശി എസ്. സതീഷിന്റെ വീട്ടിൽ പരിശോധന നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വോൾഫ് ഡോഗിനെ വാങ്ങിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്നാണ് കേന്ദ്ര ഏജൻസി പരിശോധനയ്ക്കായി എത്തിയത്. 

ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ (ഫെമ) ലംഘനങ്ങൾ അന്വേഷിക്കാനായിരുന്നു ഇഡി ഉദ്യോഗസ്ഥരുടെ പരിശോധന. എന്നാൽ, പരിശോധനയിൽ ഇത്തരത്തിൽ ഒരു നായയെ ഇയാൾ വാങ്ങിയിട്ടില്ലെന്നും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നതിനും സോഷ്യൽ മീഡിയയിൽ താരം ആകുന്നതിനുമായി കെട്ടിച്ചമച്ചതാണെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി.

പിടിഐ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഇത്തരത്തിൽ ഒരു നായയെ വാങ്ങാനുള്ള സാമ്പത്തികശേഷി ഇയാൾക്കില്ലെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. വോൾഫ് ഡോഗ് ഇനത്തിൽപ്പെട്ട ലോകത്തിലെ ഏറ്റവും വിലയേറിയ നായയെ ഇയാൾ 50 കോടി രൂപയ്ക്ക് വാങ്ങി എന്നായിരുന്നു മുൻപ് പുറത്തുവന്ന റിപ്പോർട്ടുകൾ. ഈ അവകാശവാദം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട് സന്ദർശിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ എത്തിയത്. എന്നാൽ പരിശോധനയിൽ ഇയാൾ പറഞ്ഞതെല്ലാം വ്യാജമാണെന്ന് തെളിയുകയായിരുന്നു. 

സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെച്ചിരുന്ന ആ നായ യഥാർത്ഥത്തിൽ ഇയാളുടെ അയൽക്കാരന്റെ ഉടമസ്ഥതയിലുള്ളതും ഒരുലക്ഷത്തിൽ താഴെ വിലയുള്ള നായയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മുൻപ് പുറത്തുവന്ന റിപ്പോർട്ടുകളിൽ 150 -ൽ അധികം വ്യത്യസ്ത ഇനങ്ങളിൽ പെട്ട നായ്ക്കൾ സ്വന്തമായുള്ള ഒരു ഡോഗ് ബ്രീഡർ ആയാണ് ഇയാളെ വിശേഷിപ്പിച്ചിരുന്നത്. ഇഡിയുടെ പരിശോധനയിൽ ഇക്കാര്യങ്ങളെല്ലാം വ്യാജമാണെന്ന് തെളിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം