സ്ത്രീകൾ കൂടുതലായി പഠിക്കാൻ തുടങ്ങിയതും അവർ സ്വന്തമായി വരുമാനം നേടാൻ തുടങ്ങിയതുമാണ് ഈ മാറ്റത്തിന് കാരണം എന്നാണ് വിശ്വസിക്കുന്നത്.

കാലം ഒരുപാട് മാറി. ജീവിതരീതിയിലും ബന്ധങ്ങളിലും എല്ലാം ആ മാറ്റം പ്രകടവുമാണ്. ഇപ്പോഴിതാ 'വാൾ സ്ട്രീറ്റ് ജേണൽ' പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പറയുന്നത് യുഎസ്സിൽ സ്ത്രീകളിൽ പലരും ഒരു പ്രണയബന്ധമോ വിവാഹമോ ഒന്നും വേണ്ട, ഒറ്റയ്ക്ക് ജീവിക്കാം എന്ന് തീരുമാനിക്കുകയാണത്രെ. സിം​ഗിൾ ലൈഫ് ആണ് ചില പങ്കാളികളേക്കാളും നല്ലത് എന്നാണ് അവരുടെ പക്ഷം.

'തങ്ങളെ പുറകോട്ട് വലിക്കുന്ന ഒരു പുരുഷനോടൊപ്പം ജീവിക്കുന്നതിനേക്കാളും അവർ ഒറ്റയ്ക്ക് ജീവിക്കാനാണ് ആ​ഗ്രഹിക്കുന്നത്' എന്നാണ് ഒരു കൺസർവേറ്റീവ് തിങ്ക് ടാങ്കിന്റെ ഡയറക്ടർ ഡാനിയേൽ കോക്സ് പറയുന്നത്.

ബോസ്റ്റണിൽ നിന്നുള്ള 29 -കാരിയായ ആൻഡ്രിയ വോർലിസെക് അക്കൗണ്ടന്റ് ആയി ജോലി നോക്കുകയാണ്. അവൾ പറയുന്നത്, താൻ ഡേറ്റിംഗ് തന്നെ ഉപേക്ഷിച്ചു എന്നാണ്. ഒരു വീട് വാങ്ങാനും ഒറ്റയ്ക്ക് കുട്ടികളെ വളർത്താനുമാണ് തന്റെ പ്ലാൻ എന്നും അവൾ പറയുന്നു.

'നൂറു ശതമാനവും ഹാപ്പിയാണ് എന്ന് പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. പക്ഷേ, എന്റെയീ യാഥാർത്ഥ്യം അംഗീകരിക്കുന്നത് എനിക്ക് കൂടുതൽ സന്തോഷം നൽകുന്നുണ്ട്. അത് മാനസികമായും വൈകാരികമായും ഒരുതരം സമാധാനം നൽകുന്നു' എന്നും ആൻഡ്രിയ പറയുന്നു.

റിപ്പോർട്ട് പറയുന്നത്, കൂടുതൽ കൂടുതൽ സ്ത്രീകൾ ഇന്ന് തനിച്ച് ജീവിക്കാൻ ആ​ഗ്രഹിക്കുന്നു എന്നാണ്. അതിൽ പകുതിയിലേറെപ്പേരും തങ്ങൾ വിവാഹം കഴിച്ച് ജീവിക്കുന്നവരേക്കാൾ ഹാപ്പിയാണ് എന്നും സമ്മതിക്കുന്നു.

എന്നാൽ, ആണുങ്ങളുടെ കാര്യം അങ്ങനെയല്ല കേട്ടോ. കാരണം, അവിവാഹിതരായ പുരുഷന്മാരിൽ വെറും മൂന്നിലൊന്ന് പേർ മാത്രമാണ് സിം​ഗിളായി ജീവിക്കുന്നതാണ് ഹാപ്പി എന്ന് വിശ്വസിക്കുന്നത്. 2022 ലെ പ്യൂ റിസർച്ച് സെന്ററിന്റെ പഠനമനുസരിച്ച്, അവിവാഹിതരായ സ്ത്രീകളിൽ 34% പേർ മാത്രമാണ് ബന്ധങ്ങൾക്ക് വേണ്ടി സജീവമായി അന്വേഷിക്കുന്നത്. 2019 -ൽ ഇത് 38% ആയിരുന്നു.

സ്ത്രീകൾ കൂടുതലായി പഠിക്കാൻ തുടങ്ങിയതും അവർ സ്വന്തമായി വരുമാനം നേടാൻ തുടങ്ങിയതുമാണ് ഈ മാറ്റത്തിന് കാരണം എന്നാണ് വിശ്വസിക്കുന്നത്. 2024 -ൽ, യുഎസിലെ 25-34 വയസ്സ് പ്രായമുള്ള സ്ത്രീകളിൽ 47% പേരും ബാച്ചിലേഴ്സ് ഡി​ഗ്രി സ്വന്തമാക്കിയവരാണ്. അതേസമയം പുരുഷന്മാരിൽ 37% പേർക്ക് മാത്രമ‍ാണ് ഈ വിദ്യാഭ്യാസയോഗ്യതയുള്ളത്.

മാത്രമല്ല, തുല്ല്യത, ​ഗുണങ്ങൾ, അവരുടെ സ്വപ്നങ്ങൾ എന്നീ കാര്യങ്ങളിലൊന്നും തന്നെ കോംപ്രമൈസ് ചെയ്യാൻ സ്ത്രീകൾ പലരും ഇന്ന് തയ്യാറല്ല എന്നും റിപ്പോർട്ട് പറയുന്നു. ഇന്നത്തെ ഡേറ്റിം​ഗ് രീതികളും ഈ തീരുമാനമെടുക്കാൻ കാരണമായതായിട്ടാണ് സ്ത്രീകൾ പറയുന്നത്. വിവിധ ഡേറ്റിം​ഗ് ആപ്പുകളിൽ മണിക്കൂറുകൾ ചിലവഴിച്ചാലും തുടങ്ങിയേടത്ത് തന്നെ തിരിച്ചെത്തുകയാണ് എന്നാണ് ഇവർ പറയുന്നത്.

എന്തായാലും, ഇഷ്ടങ്ങളിലും അഭിപ്രായങ്ങളിലും കോംപ്രമൈസ് ചെയ്യുന്നതിന് പകരം ഒറ്റയ്ക്ക് സന്തോഷത്തോടെ ജീവിക്കാനാണ് പലരുടെയും ആ​ഗ്രഹം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം