നീല്‍ ആംസ്ട്രോങ്ങിനൊപ്പം ചന്ദ്രനിൽ കാലുകുത്തിയ എഡ്വിന്‍ ബുസ് ആല്ഡ്രിന് 93 -ാം വയസ്സിൽ പ്രണയസാഫല്യം !
എഡ്വിന്‍ ബുസ് ആല്‍ഡ്രിൻ തന്നെയാണ് തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ വിവാഹത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് തങ്ങൾ വിവാഹിതരായ കാര്യം അറിയിച്ചത്.

ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എന്നറിയപ്പെടുന്ന എഡ്വിന്‍ ബുസ് ആല്‍ഡ്രിന് 93 വയസ്സിൽ പ്രണയസഫല്യം. തന്‍റെ 93 -ാം ജന്മദിനമായിരുന്ന ജനുവരി 20 നാണ് 63 വയസ്സുകാരിയായ ഡോ അങ്ക ഫൗറിനെ എഡ്വിന്‍ ബുസ് ആല്‍ഡ്രിന്‍ വിവാഹം കഴിച്ചത്. ഇരുവരും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. എഡ്വിന്‍ ബുസ് ആല്‍ഡ്രിൻ തന്നെയാണ് തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ വിവാഹത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് തങ്ങൾ വിവാഹിതരായ കാര്യം അറിയിച്ചത്.
ഏറെ ആകാംക്ഷയോടെയും സന്തോഷത്തോടെയും ആണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത് എന്നാണ് അദ്ദേഹം ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. ലോസാഞ്ചലസിൽ വച്ച് നടന്ന ചെറിയൊരു ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഫൗർ 2019 മുതൽ ബുസ് ആല്‍ഡ്രിൻ വെഞ്ച്വേഴ്സിന്‍റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റായി പ്രവർത്തിച്ചു വരികയാണ്.
ആൽഡ്രിന്‍റെ നാലാം വിവാഹമാണിത്. 1954-ൽ ജോവാൻ ആൻ ആർച്ചറെയാണ് അദ്ദേഹം ആദ്യം വിവാഹം ചെയ്തത്. 20 വർഷത്തെ ദാമ്പത്യത്തിന് ഒടുവില്‍ ഇരുവരും വേർപിരിഞ്ഞു. 1975 ൽ ബെവർലി വാൻ സൈലിനെയും 1988 ൽ ലോയിസ് ഡ്രിഗ്സ് കാനനെയും അദ്ദേഹം വിവാഹം ചെയ്തു. ജെയിംസ്, ജാനിസ്, ആൻഡ്രൂ എന്നിങ്ങനെ മൂന്ന് മക്കളാണ് കഴിഞ്ഞ മൂന്ന് വിവാഹത്തിലായി അദ്ദേഹത്തിനുള്ളത്.
1969 ജൂലൈ 20 ന് അപ്പോളോ 11 ദൗത്യത്തില്‍ നീൽ ആംസ്ട്രോങ് ചന്ദ്രനിൽ കാലുകുത്തി 20 മിനിറ്റിന് ശേഷം രണ്ടാമതായിറങ്ങിയത് ആൽഡ്രിനായിരുന്നു. ദൗത്യ സംഘത്തിൽ ഉണ്ടായിരുന്ന മൂന്ന് പേരിൽ ഇന്നും ജീവിച്ചിരിക്കുന്ന അവസാനത്തെ വ്യക്തി ആൽഡ്രിനാണ്. 1971 ജൂലൈയിൽ നാസയിൽ നിന്ന് വിരമിച്ച ആൽഡ്രിൻ കാലിഫോർണിയയിലെ എഡ്വേർഡ്സ് എയർഫോഴ്സ് ബേസിലെ എയ്റോസ്പേസ് റിസർച്ച് പൈലറ്റ് സ്കൂളിന്‍റെ കമാൻഡന്‍ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൂടുതല്‍ വായനയ്ക്ക്: മുഴുവന്‍ സ്വത്തും ചെലവഴിച്ച് 80 വർഷം പഴക്കമുള്ള വാട്ടർ ടാങ്കിനെ ആഡംബര ഭവനമാക്കി മാറ്റി !