അതേസമയം ചില പ്രാണികളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നത് ശാസ്ത്രജ്ഞരെ ആശങ്കാകുലരാക്കുന്നു. 2019 -ലെ പ്രാണികളുടെ എണ്ണത്തെക്കുറിച്ചുള്ള ഒരു ശാസ്ത്രീയ അവലോകനം ലോകമെമ്പാടുമുള്ള പ്രാണികളിൽ 40 ശതമാനം വർഗ്ഗങ്ങളിലും വലിയ ഇടിവുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.
താപനില കൂടുന്നത് മൂലം തുമ്പികൾ ബ്രിട്ടനിലും അയർലണ്ടിലും വടക്കോട്ട് നീങ്ങുന്നതായി ഗവേഷകർ കണ്ടെത്തി. 1970 മുതൽ നോക്കിയാൽ 40 ശതമാനത്തിലധികം തുമ്പി വർഗ്ഗങ്ങളുടെയും എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നും, വെറും പത്ത് ശതമാനം തുമ്പി വർഗ്ഗങ്ങളുടെ എണ്ണത്തിൽ മാത്രമാണ് ഇടിവ് വന്നിട്ടുള്ളതെന്നും ഒരു പുതിയ റിപ്പോർട്ട് പറയുന്നു. എന്നാൽ, തുമ്പികളുടെ എണ്ണത്തിലുള്ള വർധനവ് കണ്ട് സന്തോഷിക്കാൻ സാധിക്കില്ലെന്ന് ഗവേഷകർ പറയുന്നു. കാരണം ഡ്രാഗൺഫ്ലൈസ് പ്രധാനമായും ഉഷ്ണമേഖലാ പ്രാണികളാണ്. ഭൂമിയിലെ ശരാശരി താപനില ഉയരുന്നത്തിന്റെ സൂചനയാണിതെന്ന് ഗവേഷകർ പറയുന്നു.

ബ്രിട്ടീഷ് ഡ്രാഗൺഫ്ലൈ സൊസൈറ്റി (ബിഡിഎസ്) പ്രസിദ്ധീകരിച്ച "സ്റ്റേറ്റ് ഓഫ് ഡ്രാഗൺഫ്ലൈസ് ഇൻ ബ്രിട്ടൻ, അയർലൻഡ് 2021" എന്ന റിപ്പോർട്ടിലാണ് ഇത് പറയുന്നത്. ബ്രിട്ടീഷ് ഡ്രാഗൺഫ്ലൈ സൊസൈറ്റിയിലെ വിദഗ്ദ്ധർ പറയുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു പരിണിത ഫലമാണിത് എന്നാണ്. അതേസമയം മലിനീകരണം, ആവാസവ്യവസ്ഥ നഷ്ടപ്പെടൽ തുടങ്ങിയ ഘടകങ്ങൾ കാരണം പ്രാണികളുടെ എണ്ണത്തിൽ കുറവ് വരുന്നത് ആശങ്കയ്ക്ക് ഇടനൽകുന്നു. തുമ്പികൾ എവിടെയൊക്കെയുണ്ടെന്ന് തങ്ങളുടെ ഡാറ്റയ്ക്ക് കണ്ടെത്താൻ കഴിയുമെങ്കിലും, അവയുടെ എണ്ണം കൃത്യമായി കണ്ടെത്താൻ കഴിയില്ലെന്ന് കൺസർവേഷൻ ഓഫീസർ എലനോർ കോൾവർ പറഞ്ഞു. "കീടനാശിനികളുടെ ഉപയോഗം, ജലമലിനീകരണം, ആവാസവ്യവസ്ഥയുടെ നാശം തുടങ്ങിയ ഘടകങ്ങൾ തുമ്പികൾക്ക് ഭീഷണിയായി തുടരുന്നു" അവർ പറഞ്ഞു.
തുമ്പികളുടെ ഇനങ്ങളിൽ ഏറ്റവും കൂടുതൽ വർദ്ധനവ് കാണിക്കുന്നത് എമ്പ്രെസ്സ് ഡ്രാഗൺഫ്ലൈയാണ്. 1990 -കൾ വരെ പ്രധാനമായും ഇംഗ്ലണ്ടിലും സൗത്ത് വെയിൽസിലും കണ്ടുവന്നിരുന്ന ഈ ഇനം 2000 -ത്തിൽ അയർലണ്ടിലേക്ക് അതിവേഗം പടരുന്നതായി കണ്ടു. പിന്നീട് ഇത് 2003 -ൽ വടക്കോട്ട് ഇംഗ്ലണ്ടിലേക്കും വെയിൽസിലേക്കും വ്യാപിക്കുകയും സ്‌കോട്ട്‌ലൻഡിൽ എത്തുകയും ചെയ്തു. കുടിയേറ്റ വർഗ്ഗങ്ങളായ ഐഷ്ന മിക്‌സ്റ്റ, ബ്ലാക്ക്-പോയിന്റഡ് ബ്ലൂ ആരോ എന്നിവയും സമാനമായ വർദ്ധനവ് കാണിച്ചു.

സ്റ്റേറ്റ് ഓഫ് ഡ്രാഗൺഫ്ലൈസ് 2021 എന്ന റിപ്പോർട്ടിൽ 1970 മുതലുളള അൻപത് വർഷത്തെ കാലയളവാണ് സൂചിപ്പിക്കുന്നത്. അതിൽ 1.4 ദശലക്ഷത്തിലധികം ഡ്രാഗൺഫ്ലൈകളുടെ റെക്കോർഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടനിലും അയർലണ്ടിലുമായി 46 ഇനം ഡ്രാഗൺഫ്ലൈസിന്റെയും, അവയുടെ അടുത്ത ബന്ധുവായ ഡാംസെൽഫ്ലൈസിന്റെയും എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. ഇതിനു വിപരീതമായി, ഉയർന്ന ഇടങ്ങളിൽ കണ്ടുവരുന്ന തുമ്പികളെ ഇപ്പോൾ കാണാൻ സാധിക്കുന്നില്ല. ചതുപ്പ് നിലങ്ങളുടെ അഭാവമോ, കടുത്ത വരൾച്ച ഒക്കെയാകാം അതിന്റെ കാരണം. എന്നാലും, ബ്രിട്ടന്റെയും അയർലണ്ടിന്റെയും കാര്യത്തിൽ, ഗണ്യമായ താപന വർദ്ധനവിന്റെ സൂചനയാണ് ഇതെന്നും, ആഗോള തലത്തിൽ നോക്കിയാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനയാണിതെന്നും പഠനം പറയുന്നു.
അതേസമയം ചില പ്രാണികളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുന്നത് ശാസ്ത്രജ്ഞരെ ആശങ്കാകുലരാക്കുന്നു. 2019 -ലെ പ്രാണികളുടെ എണ്ണത്തെക്കുറിച്ചുള്ള ഒരു ശാസ്ത്രീയ അവലോകനം ലോകമെമ്പാടുമുള്ള പ്രാണികളിൽ 40 ശതമാനം വർഗ്ഗങ്ങളിലും വലിയ ഇടിവുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. തേനീച്ചകളും ഉറുമ്പുകളും വണ്ടുകളും സസ്തനികളേക്കാളും പക്ഷികളേക്കാളും ഉരഗങ്ങളേക്കാളും എട്ട് മടങ്ങ് വേഗത്തിൽ അപ്രത്യക്ഷമാവുകയാണെന്നും, ഇച്ചകൾ, പാറ്റകൾ തുടങ്ങിയ മറ്റ് ജീവികൾ വളരാൻ സാധ്യതയുണ്ടെന്നും പഠനം പറയുന്നു.
