നക്ഷത്രം ഭൂമിയിലോ എന്നാണ് ഈ ചിത്രത്തെ കുറിച്ച് സുപ്രിയ സാഹു ചോദിക്കുന്നത്. ഒപ്പം ഇത് അതല്ല എന്നും അനേകം പക്ഷികളാണ് ഈ മരച്ചില്ലകളിലിരിക്കുന്നത് എന്നും അവർ വിശദീകരിക്കുന്നുണ്ട്.

നമ്മെ വിസ്മയിപ്പിക്കാനുള്ളത് എന്തെങ്കിലും എപ്പോഴും ഒളിച്ചു വയ്ക്കുന്ന ഒന്നാണ് പ്രകൃതി. ചിലപ്പോൾ ഏതെങ്കിലും തരത്തിൽ അത് നമുക്ക് മുന്നിൽ വെളിപ്പെടും. ചില സിനിമകളിൽ കാണറുള്ളത് പോലെ, ചില പുസ്തകങ്ങളിൽ വിവരിക്കാറുള്ളത് പോലെ അതിമനോഹരമായ ചില കാഴ്ചകൾ. 

അത്തരത്തിലുള്ള ഒരു കാഴ്ചയാണ് നമ്മുടെ തൊട്ടടുത്തുള്ള സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നും ഒരു ഐഎഎസ് ഓഫീസർ പങ്ക് വയ്ക്കുന്നത്. മരങ്ങളിൽ നിറയെ വെള്ളക്കൊക്കുകൾ ചേക്കേറിയിരിക്കുന്നതാണ് ദൃശ്യത്തിൽ. നീലരാവിൽ പകർത്തിയ ആ ചിത്രം ആരുടെയും മനസിന് ഒരു കുളിർമ്മയായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. 

ഐഎഎസ് ഓഫീസറായ സുപ്രിയ സാഹുവാണ് ചിത്രം ട്വിറ്ററിൽ പങ്ക് വച്ചത്. തമിഴ്നാട് സർക്കാരിലെ എൻവയോൺമെന്റ്, ക്ലൈമറ്റ് ചേഞ്ച്, ആൻഡ് ഫോറസ്റ്റ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് സുപ്രിയ സാഹു. 

Scroll to load tweet…

സുപ്രിയ സാഹു പങ്ക് വച്ചിരിക്കുന്ന ചിത്രത്തിൽ രാത്രിയിലും തിളങ്ങുന്ന മരച്ചില്ലകൾ കാണാം. പക്ഷേ, ആ തിളങ്ങുന്നത് മുഴുവനും പക്ഷികളാണ്. ഡ്രോൺ ഉപയോ​ഗിച്ചാണ് ചിത്രം പകർത്തിയിരിക്കുന്നത് എന്നാണ് മനസിലാവുന്നത്. ഈ ചിത്രങ്ങൾ പകർത്തിയത് പ്രൊഫഷണൽ ഫോട്ടോഗ്രാഫർ കെ.എ. ധനുപരനാണ്. ഈ ദൃശ്യങ്ങൾക്ക് അദ്ദേഹത്തിന് പുരസ്കാരവും ലഭിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. 

നക്ഷത്രം ഭൂമിയിലോ എന്നാണ് ഈ ചിത്രത്തെ കുറിച്ച് സുപ്രിയ സാഹു ചോദിക്കുന്നത്. ഒപ്പം ഇത് അതല്ല എന്നും അനേകം പക്ഷികളാണ് ഈ മരച്ചില്ലകളിലിരിക്കുന്നത് എന്നും അവർ വിശദീകരിക്കുന്നുണ്ട്. തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് എന്നും ധനുപരനാണ് ആ ചിത്രം പകർത്തിയിരിക്കുന്നത് എന്നും കൂടി അവർ പറയുന്നുണ്ട്. 

ഏതായാലും പ്രകൃതിയുടെ മനോഹാരിത വെളിപ്പെടുത്തുന്ന ഈ ചിത്രം അനേകം പേരെയാണ് ആകർഷിച്ചിരിക്കുന്നത്.