വ്യാജപ്രചാരണത്തില്‍ മനസ്സ് വിഷമിച്ചെങ്കിലും, ഇതൊന്നും തന്നെ ബാധിക്കില്ലെന്നാണ് ആരോപണ വിധേയയായ വനിതാ ക്യാപ്റ്റന്‍ മര്‍വ എല്‍സ് ലെഹദാര്‍ പറയുന്നത്. ഈജിപ്തിലെ നാവിക ചരിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നാവികയായി മാറിയെന്ന പോസിറ്റീവ് വശമാണ് അവര്‍ ഇതിനെ കാണുന്നത്. 

 

 

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതയായ സൂയസ് കനാലില്‍ ഒരാഴ്ചയോളം അനുഭവപ്പെട്ട ട്രാഫിക് ജാമിന് കാരണം ഈജിപ്തുകാരിയായ കപ്പല്‍ ക്യാപ്റ്റനോ? ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ലോകവ്യാപകമായി നടന്ന പ്രചാരണം. എന്നാല്‍, ഇത് പച്ചക്കള്ളമായിരുന്നു. ആണുങ്ങളുടെ കുത്തകയായ ക്യാപറ്റന്‍ സ്ഥാനത്തേക്ക് ധൈര്യമായി കടന്നു വന്ന വനിതാ ക്യാപ്റ്റനെ ലക്ഷ്യമിട്ട് നടന്ന കള്ളപ്രചാരണം ഇപ്പോള്‍ എട്ടുനിലയില്‍ പൊട്ടിയിരിക്കുകയാണ്. 

വ്യാജപ്രചാരണത്തില്‍ മനസ്സ് വിഷമിച്ചെങ്കിലും, ഇതൊന്നും തന്നെ ബാധിക്കില്ലെന്നാണ് ആരോപണ വിധേയയായ വനിതാ ക്യാപ്റ്റന്‍ മര്‍വ എല്‍സ് ലെഹദാര്‍ പറയുന്നത്. ഈജിപ്തിലെ നാവിക ചരിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നാവികയായി മാറിയെന്ന പോസിറ്റീവ് വശമാണ് അവര്‍ ഇതിനെ കാണുന്നത്. 

ജപ്പാനീസ് കമ്പനിയുടെ ഉടമസ്ഥതയിലുളള എവര്‍ഗിവണ്‍ എന്ന കണ്ടെയിനര്‍ കപ്പലാണ് മാര്‍ച്ച് 23നു രാവിലെ കനാലില്‍ കുടുങ്ങിയത്. 25 ഇന്ത്യന്‍ നാവികരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഒരു പടുകൂറ്റന്‍ ചരക്കുകപ്പല്‍ കുടുങ്ങുകയും അതുകാരണം സൂയസ് കനാല്‍ പാത മുഴുവനായി അടഞ്ഞുപോവുകയും ചെയ്തത് ചരിത്രത്തിലാദ്യമായിരുന്നു. യുദ്ധസമയത്തല്ലാതെ ഇങ്ങനെ സംഭവിച്ചിട്ടേയില്ല. 

ചൈനയില്‍നിന്നു നെതര്‍ലന്‍ഡ്‌സിലേക്കു പോവുകയായിരുന്ന കപ്പല്‍ ചെങ്കടലില്‍ നിന്നു കനാലിലേക്കു പ്രവേശിക്കുകയായിരുന്നു. 190 കിലോമീറ്റര്‍ നീളമുള്ള കനാലിന്റെ ഏതാണ്ട് പകുതിദൂരം പിന്നിട്ടപ്പോഴാണ് നിയന്ത്രണം വിട്ട് കപ്പലിന്റെ മുന്‍ഭാഗം കനാലിന്റെ കിഴക്കെ തിട്ടയില്‍ ചെന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന്റെ പിന്‍ഭാഗം മുന്നോട്ടുകയറി മറുവശത്തെ തിട്ടയിലും ചെന്നിടിച്ചു. അതോടെ പാത പൂര്‍ണമായി അടയുകയും മറ്റു കപ്പലുകള്‍ക്കൊന്നും പോകാന്‍ ഇടമില്ലാതാവുകയും ചെയ്തു. ഈ സംഭവം വാര്‍ത്തയാവുകയും ഒരാഴ്ച നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. അതിനിടെയാണ്, മര്‍വക്കെതിരെ കള്ള പ്രചാരണം ഉണ്ടായത്. 

മര്‍വയുടെ വിജയഗാഥയുമായി മുമ്പ് അറബ് ന്യൂസില്‍ വന്ന ലേഖനത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ് വ്യാജ പ്രചാരണമുണ്ടായത്. കോടിക്കണക്കിന് ഡോളറുകള്‍ നഷ്ടമുണ്ടായ സംഭവത്തിന് കാരണക്കാരി മര്‍വ ആണെന്നായിരുന്നു പ്രചാരണം. ഫേസ്ബുക്കിലും ട്വിറ്ററിലും ആയിരക്കണക്കിന് തവണയാണ് ഈ വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചത്. അതോടൊപ്പം, മര്‍വക്കെതിരെ സോഷ്യല്‍ മീഡിയയില്‍ തെറിവിളിയും തുടങ്ങി. പെണ്ണുങ്ങള്‍ക്ക് പറ്റിയ പണിയല്ല കപ്പലോടിക്കല്‍ എന്നായിരുന്നു തെറിവിളി. 

എന്നാല്‍, ഇത് നുണയായിരുന്നു. സൂയസ് കനാലില്‍ ട്രാഫിക് ജാം ഉണ്ടായ സമയത്ത് മര്‍വ  അലക്‌സാന്‍ഡ്രിയയില്‍നിന്നും നൂറുകണക്കിന് മൈലുകള്‍ക്കപ്പുറത്തായിരുന്നു. ഐഡ ഫോര്‍ എന്ന കപ്പലില്‍ ഫസ്റ്റ്‌മേറ്റ് ആയി ജോലി ചെയ്യുകയായിരുന്നു 29 കാരിയായ മര്‍വ. ഈജിപ്തിലെ മാരിടൈം സേഫ്റ്റി അതോറിറ്റിയുടെ ഉടമസ്ഥതതയിലുള്ള കപ്പല്‍ ചെങ്കടലിലെ ഒരു ലൈറ്റ് ഹൗസിലേക്ക് സപ്ലൈ ദൗത്യവുമായി പോയതായിരുന്നു. ജോലിക്കിടെയാണ്, തന്റെ പേരില്‍ വ്യാജപ്രചാരണം നടക്കുന്നതായി മര്‍വയുടെ ശ്രദ്ധയില്‍ പെട്ടത്. 

 

 

എന്തു കൊണ്ടാവും മര്‍വ തെറിവിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ടാവുക? സ്ത്രീ ആയതു കൊണ്ടാവും അതെന്നാണ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ മര്‍വ പറയുന്നത്. സ്ത്രീകള്‍ വളരെ ചുരുക്കമായ തൊഴില്‍ മേഖലയിലേക്ക് വന്നതു മുതല്‍ ലിംഗപരമായ വിവേചനം അനുഭവിക്കേണ്ടി വന്നിരുന്നു. 

മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനായ സഹോദരന്റെ പാത പിന്തുടര്‍ന്നാണ് മര്‍വ ഈ രംഗത്തെത്തിയത്. പുരുഷന്‍മാരെ മാത്രമായിരുന്നു അന്ന് നാവിക അക്കാദമി പരിശീലനത്തിന് എടുത്തിരുന്നത്. അന്നത്തെ ഈജിപ്ത് പ്രസിഡന്റ് നേരിട്ട് ഇടപെട്ടാണ് കപ്പലോടിക്കാന്‍ താല്‍പ്പര്യവുമായി വന്ന മര്‍വയ്ക്ക് പരിശീലനം ഉറപ്പാക്കിയത്. 

പരിശീലന കാലത്തും പെണ്ണായതിനാല്‍ ഏറെ ബുദ്ധിമുട്ടു നേരിടേണ്ടി വന്നിരുന്നു. ''കപ്പലില്‍ മുതിര്‍ന്ന പുരുഷന്‍മാരാവും ഏറെയും ഉണ്ടാവുക. അവരാണെങ്കില്‍ പല തരക്കാരായിരിക്കും. സംസാരിക്കാന്‍ പറ്റിയ ആളുകളെ  കിട്ടാന്‍ തന്നെ പാടായിരുന്നു. മാനസിക നില തെറ്റാതെ, ഈ വെല്ലുവിളികള്‍ നേരിടുന്നത് എളുപ്പമായിരുന്നില്ല. എന്നിട്ടും അതിനു കഴിഞ്ഞു''-മര്‍വ പറയുന്നു. 

പരിശീലനശേഷം മര്‍വ ഫസ്റ്റ്‌മേറ്റായി ജോലിയില്‍ കയറി. പിന്നീട്, ഇപ്പോള്‍ ജോലി ചെയ്യുന്ന ഐഡ ഫോര്‍ എന്ന കപ്പലിന്റെ ക്യാപ്റ്റനായി. കടലിലിറങ്ങുന്ന ആദ്യ വനിതാ ഈജിപ്ഷ്യന്‍ ക്യാപ്റ്റന്‍ എന്ന ബഹുമതിക്ക് അവര്‍ അര്‍ഹയായി. 2017-ല്‍ വനിതാ ദിനാചരണത്തോടനുബന്ധിച്ച് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അവരെ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. 

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ട വ്യാജ വാര്‍ത്ത ഇംഗ്ലീഷ് ഭാഷയിലായതിനാല്‍ പുറം രാജ്യങ്ങളിലേക്കും പെട്ടെന്ന് വൈറലായി. ആദ്യം ഞെട്ടലുണ്ടായെങ്കിലും സമചിത്തതയോടെ മര്‍വ ഈ നുണപ്രചാരണങ്ങളെ നേരിട്ടു. മര്‍വക്കെതിരായ വ്യാജപ്രചാരണം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായതിന്റെ ആശ്വാസത്തിലാണ് മര്‍വ ഇപ്പോള്‍. തനിക്കെതിരായ പ്രചാരണങ്ങള്‍ കള്ളമാണെന്ന് ലോകം അറിയുമ്പോള്‍ പ്രശ്‌നം തീരുമെന്ന് അവര്‍ വിശ്വസിക്കുന്നു. പുതിയ പ്രശസ്തി തനിക്ക് തൊഴില്‍ മേഖലയില്‍ ഗുണം ചെയയുമെന്നാണ് മര്‍വയുടെ പ്രതീക്ഷ.