കൊലപാതകം നടന്നതിന്റെ അടുത്തുണ്ടായിരുന്ന ഒരു കൂട്ടം ആളുകളാണ് എമർജൻസി സർവീസിൽ വിവരം അറിയിച്ചത്. അവരെത്തിയപ്പോഴേക്കും ഇയാൾ കുത്തേറ്റ മുറിവുകളുമായി കിടക്കുന്നതാണ് കണ്ടെത്തിയത്.
ടൊറന്റോയിൽ 59 -കാരനെ എട്ട് പെൺകുട്ടികൾ ചേർന്ന് കൊലപ്പെടുത്തി. രാത്രി തന്നെ എട്ട് പെൺകുട്ടികളെയും കൊലപാതകം നടന്നതിന്റെ അടുത്ത് നിന്നും അറസ്റ്റ് ചെയ്തു. 13 -നും 16 -നും ഇടയിൽ പ്രായമുള്ളവരാണ് പെൺകുട്ടികളെല്ലാം തന്നെ. മാത്രവുമല്ല, ഇവർ ആദ്യമായി കണ്ടുമുട്ടിയത് പോലും കൊലപാതകം നടന്ന ആ രാത്രിയിലാണ് എന്നും പൊലീസ് പറയുന്നു.
കൊലപാതകം നടക്കുന്ന സമയത്ത് 59 -കാരൻ വീടില്ലാത്തവർക്ക് താമസിക്കാനുള്ള അഭയകേന്ദ്രത്തിൽ കഴിഞ്ഞു വരികയായിരുന്നു. ടൊറന്റോ പൊലീസ് ഡിറ്റക്റ്റീവ് സർജന്റ് ടെറി ബ്രൗൺ മാധ്യമപ്രവർത്തകരോട് പറഞ്ഞത്, വലിയ വലിയ ടവറുകളും ഹോട്ടലുകളും ഒക്കെയുള്ള പ്രദേശമായ ടൊറന്റോ ഡൗണ്ടൗണിൽ വച്ചാണ് പെൺകുട്ടികൾ ഇയാളെ അക്രമിച്ചതും കുത്തി കൊലപ്പെടുത്തിയതും എന്നാണ്.
കൊലപാതകം നടന്നതിന്റെ അടുത്തുണ്ടായിരുന്ന ഒരു കൂട്ടം ആളുകളാണ് എമർജൻസി സർവീസിൽ വിവരം അറിയിച്ചത്. അവരെത്തിയപ്പോഴേക്കും ഇയാൾ കുത്തേറ്റ മുറിവുകളുമായി കിടക്കുന്നതാണ് കണ്ടെത്തിയത്. ഉടനെ തന്നെ ഇയാളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, അവിടെ വച്ച് പരിക്കുകൾ ഗുരുതരമായതിനാൽ ഇയാൾ മരിക്കുകയായിരുന്നു. ഇയാൾ മുറിവേറ്റ് കിടന്നതിന്റെ അടുത്തായി ഒരുപാട് ആയുധങ്ങൾ കിടന്നിരുന്നു. എന്നാൽ, ഏത് ആയുധമാണ് മരണകാരണമായിത്തീർന്നത് എന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഈ പെൺകുട്ടികളെല്ലാം നഗരത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഉള്ളവരാണ്. ഇവർ അന്ന് രാത്രിക്ക് മുമ്പ് നേരിൽ കണ്ടിട്ടില്ല. സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റുമായി സംസാരിച്ചിരുന്ന പെൺകുട്ടികൾ അന്ന് രാത്രിയാണ് നേരിൽ കാണുന്നത്. കൊല്ലപ്പെട്ടയാളുടെ കയ്യിൽ മദ്യം ഉണ്ടായിരുന്നു. അതിന് വേണ്ടിയാണോ കൊലപാതകം നടന്നത് എന്ന് സംശയിക്കുന്നതായി മാധ്യമങ്ങൾ എഴുതുന്നു. പെൺകുട്ടികളിൽ മൂന്നു പേർക്ക് 13 വയസാണ് പ്രായം. മൂന്നുപേർക്ക് 14 വയസും, മറ്റ് രണ്ട് പേർക്ക് 16 വയസുമാണ്.
