Asianet News MalayalamAsianet News Malayalam

വിഷം ഉള്ളിൽ ചെന്ന് ചത്തനിലയിൽ എട്ട് ചെന്നായകൾ, വിവരം നൽകുന്നവർക്ക് തുക പ്രഖ്യാപിച്ച് സംരക്ഷണസംഘം

ചാരനിറത്തിലുള്ള ചെന്നായ്ക്കളെ ഒരിക്കൽ യുഎസിൽ ഉടനീളം കാണാമായിരുന്നുവെങ്കിലും ഇപ്പോള്‍ ഏതാണ്ട് തുടച്ചുനീക്കപ്പെട്ട അവസ്ഥയാണ്. 1974 -ലെ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ നിയമം ഇവയ്ക്ക് ഫെഡറൽ സംരക്ഷണം നല്‍കി.

eight grey wolves found dead
Author
Oregon City, First Published Dec 5, 2021, 1:42 PM IST

യുഎസ് സംസ്ഥാനമായ ഒറിഗോണിൽ(US state of Oregon) ഈ വർഷമാദ്യമാണ് ഉദ്യോഗസ്ഥർ ചത്ത നിലയിൽ എട്ട് ചാര ചെന്നായ്ക്കളെ(grey wolves) കണ്ടെത്തിയത്. ഇതിനെ വിഷം കൊടുത്ത് കൊന്നത് ആരാണ് എന്ന് അന്വേഷിക്കുകയാണ് ഇപ്പോള്‍ പൊലീസ്. ഫെബ്രുവരിയിൽ ഹാരിസ് പർവതത്തിന് സമീപത്താണ് അഞ്ച് ചെന്നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തിയത്. പിന്നീട് മൂന്നെണ്ണത്തിനെ കൂടി ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് നടന്ന പരിശോധനയിലാണ് ഇവയെ വിഷം കൊടുത്ത് കൊന്നതാണ് എന്ന് മനസിലാവുന്നത്. 

അധികാരികൾ പൊതുജനങ്ങളിൽ നിന്ന് സഹായം അഭ്യർത്ഥിച്ചു പിന്നീട്. ശിക്ഷാവിധിയിലേക്ക് നയിക്കുന്ന വിവരങ്ങൾക്ക് നൽകുന്നവർക്ക് കൺസർവേഷൻ ഗ്രൂപ്പുകൾ $26,000 (19,51,439.50) തുക വാഗ്ദാനം ചെയ്യുന്നു. ഫെബ്രുവരി ഒമ്പതിന് ചെന്നായ്ക്കളെ കൂടാതെ ഒരു മാഗ്‍പൈ -യെ കൂടി ചത്ത നിലയില്‍ കണ്ടെത്തി. പിന്നീട് ഒരുമാസത്തിന് ശേഷം മാര്‍ച്ച് 11 -ന് ഒരു ചെന്നായെയും ഒരു സ്കങ്കിനെയും ഒരു മാഗ്പൈയെയും കൂടി ചത്ത നിലയില്‍ കണ്ടെത്തി. ഏപ്രിലിലും ജൂലൈയിലും രണ്ട് ചെന്നായകളെക്കൂടി ചത്ത നിലയില്‍ കണ്ടെത്തി. ടോക്സിക്കോളജി റിപ്പോര്‍ട്ട് പറയുന്നത് എല്ലാ ചെന്നായ്ക്കളുടെയും ഉള്ളില്‍ വിഷം ചെന്നിട്ടുണ്ട് എന്നാണ്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പൊതുജനങ്ങളിൽ നിന്ന് വിവരങ്ങൾ തേടുകയാണെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

കുറ്റവാളികൾ നേരിടാൻ സാധ്യതയുള്ള നിരവധി കുറ്റങ്ങൾ ഉണ്ടെന്ന് ഒറിഗൺ സ്റ്റേറ്റ് പൊലീസ് വക്താവ് ബിബിസിയോട് പറഞ്ഞു. ചെന്നായയെ പിടിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നതാണ് ഒരു കുറ്റം. അഞ്ച് വർഷം വരെ തടവും $ 125,000 വരെ പിഴയും ലഭിക്കും. വന്യജീവികൾക്ക് പ്രവേശിക്കുന്ന സ്ഥലത്ത് വിഷം വച്ചുവെന്ന കുറ്റം ചുമത്തിയാൽ ഒരു വർഷം വരെ തടവും $6,000-ൽ കൂടുതൽ പിഴയും ലഭിക്കും. കൃത്യമായ കുറ്റങ്ങളും പിഴകളും കോടതി നിർണ്ണയിക്കും, അത് കേസിന്റെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും, വക്താവ് കൂട്ടിച്ചേർത്തു. 

ഒറിഗോൺ ആസ്ഥാനമായുള്ള വന്യജീവി അഭിഭാഷക സംഘടനയായ പ്രിഡേറ്റർ ഡിഫൻസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ബ്രൂക്ക്സ് ഫാഹി പറഞ്ഞത്, വിഷബാധയേറ്റത് ഭീരുത്വവും നിന്ദ്യവുമായ പ്രവൃത്തി ആയിരുന്നു എന്നാണ്. ചാരനിറത്തിലുള്ള ചെന്നായ്ക്കളെ ഒരിക്കൽ യുഎസിൽ ഉടനീളം കാണാമായിരുന്നുവെങ്കിലും ഇപ്പോള്‍ ഏതാണ്ട് തുടച്ചുനീക്കപ്പെട്ട അവസ്ഥയാണ്. 1974 -ലെ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ നിയമം ഇവയ്ക്ക് ഫെഡറൽ സംരക്ഷണം നല്‍കി. അത് വംശനാശത്തിൽ നിന്ന് അവയെ സംരക്ഷിക്കുകയും സ്ഥിരമായ എണ്ണം വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾക്ക് കാരണമാവുകയും ചെയ്തു.

എന്നാൽ, പിന്നീട് ട്രംപ് ഭരണകൂടം മൃഗങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ജീവിവർഗങ്ങളുടെ പരിപാലനം സംസ്ഥാനങ്ങളുടെ കീഴിലാവുകയും ചെയ്തു. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ചാരനിറത്തിലുള്ള ചെന്നായ്ക്കളെ വീണ്ടും ഉൾപ്പെടുത്താൻ ബൈഡൻ ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ടുണ്ട്.

Follow Us:
Download App:
  • android
  • ios