Asianet News MalayalamAsianet News Malayalam

മുറ്റത്ത് കിടന്നുറങ്ങിയ എട്ട് വയസ്സുകാരനെ പുള്ളിപ്പുലി ആക്രമിച്ചു, ശരീരത്തിൽ 75 മുറിവുകൾ

പുള്ളിപ്പുലിയുടെ ആക്രമണത്തിന് ഇരയായ ബെൽവ ഗ്രാമത്തിൽ നിന്നുള്ള മറ്റൊരു കുട്ടിയുടെ മൃതദേഹം സോഹെൽവ വനത്തിൽ നിന്നും കണ്ടെത്തിയ അതേ ദിവസം തന്നെയാണ് ഈ ആക്രമണവും.

eight year old attacked by leopard in uttar pradesh agra 75 stiches rlp
Author
First Published Nov 19, 2023, 2:39 PM IST

ഉത്തർപ്രദേശിലെ ആഗ്രയിൽ എട്ടുവയസ്സുകാരൻ പുള്ളിപ്പുലിയുടെ ആക്രമണത്തിന് ഇരയായി. വെള്ളിയാഴ്ചയാണ് സംഭവം. വീട്ടുമുറ്റത്ത് കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു. ശേഷം കുട്ടിയെ വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാനും ശ്രമം നടത്തി. 

ആക്രമണത്തിനിടയിൽ കുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു. ആഗ്രയിലെ സയാൻ ഗ്രാമത്തിൽ നിന്നുള്ള ഡേവിഡ് എന്ന ബാലനാണ് പുലിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ ശരീരത്തിൽ വിവിധ ഇടങ്ങളിലായി ആഴത്തിലുള്ള മുറിവുകളുണ്ട്. 75 തുന്നലുകൾ കുട്ടിയുടെ ശരീരത്തിലുള്ളതായാണ് ഡോക്ടർമാർ പറയുന്നത്.

പുലി കുട്ടിയെ ആക്രമിക്കുന്നതിന്റേത് എന്ന പേരിൽ ഒരു വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതിന് ആധികാരികതയില്ല, കൂടാതെ മങ്ങിയതുമാണ്. വീഡിയോയിൽ രണ്ട് പുള്ളിപ്പുലികൾ ചുറ്റും കറങ്ങുന്നതായി കാണാം. പ്രദേശത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആളുകൾ പരമാവധി വീടിനുള്ളിൽ തന്നെ വിശ്രമിക്കണമെന്നും സയാൻ ഗ്രാമത്തിലെ എസിപി പിയൂഷ് കാന്ത് റായ്  പറഞ്ഞു.

പുള്ളിപ്പുലിയുടെ ആക്രമണത്തിന് ഇരയായ ബെൽവ ഗ്രാമത്തിൽ നിന്നുള്ള മറ്റൊരു കുട്ടിയുടെ മൃതദേഹം സോഹെൽവ വനത്തിൽ നിന്നും കണ്ടെത്തിയ അതേ ദിവസം തന്നെയാണ് ഈ ആക്രമണവും. നരഭോജിയായ പുലിയെ പിടികൂടാൻ വനംവകുപ്പിന്റെ നാല് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അരവിന്ദ് കുമാർ സിംഗ് അറിയിച്ചതായാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ഒക്ടോബർ 30 -ന് ഒഡീഷയിലെ നുവാപഡ ജില്ലയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരു കൊച്ചുകുട്ടി മരിച്ചിരുന്നു. ഗ്രാമവാസികൾ കുട്ടിയുടെ  മൃതദേഹം കാട്ടിനുള്ളിൽ നിന്നും കണ്ടെത്തുകയായിരുന്നു. മാൻ നഗറിൽ ഒമ്പതുവയസ്സുകാരനെ പുള്ളിപ്പുലി കൊന്നതിനെത്തുടർന്ന് ബിജ്‌നോറിലെ അഫ്സൽഗഢിലെ ജനങ്ങൾ ഹരിദ്വാർ-നൈനിറ്റാൾ ദേശീയ പാതയിൽ മരിച്ച കുട്ടിയുടെ മൃതദേഹവുമായി പ്രതിഷേധം നടത്തിയിരുന്നു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ബിജ്‌നോറിൽ പുള്ളിപ്പുലികൾ നടത്തിയ 16 -ാമത്തെ മാരകമായ ആക്രമണമാണ് ഈ ഒമ്പതു വയസ്സുകാരന്റെ മരണം.

പ്രകൃതി സംരക്ഷണത്തിനായി  ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന തിങ്ക് വൈൽഡ് ലൈഫ് ഫൗണ്ടേഷന്റെ അഭിപ്രായത്തിൽ, ഇന്ത്യയിൽ മനുഷ്യ-പുലി സംഘർഷം വർദ്ധിക്കുന്നതിന് കാരണം ഇരകളുടെ എണ്ണം കുറയുന്നതും വനനഷ്ടവുമാണ്. 

Follow Us:
Download App:
  • android
  • ios