Asianet News MalayalamAsianet News Malayalam

എടിഎം തുണച്ചു, കാണാതായ 8 വയസുകാരിയുടെ ബുദ്ധി, മുത്തച്ഛന്റെ അരികിലെത്തിയത് ഇങ്ങനെ

വഴിയിൽ എവിടെയോ വച്ച് അവളും മുത്തച്ഛനും രണ്ട് വഴിക്കായിപ്പോയി. എന്ത് ചെയ്യുമെന്നറിയാതെ പെൺകുട്ടി ആകെ ആശങ്കയിലായി. എന്നാൽ, അപ്പോഴാണ് ഒരു എടിഎം ബൂത്ത് അടുത്തുള്ളതായി കണ്ടത്. ഉടനെ തന്നെ പെൺകുട്ടി അതിനകത്തേക്ക് കയറി. 

eight year old lost the reunites with grandfather with the help of atm in china
Author
First Published Aug 20, 2024, 12:53 PM IST | Last Updated Aug 20, 2024, 12:52 PM IST

ഒരു എട്ട് വയസ്സുകാരിയുടെ ബുദ്ധിയേയും പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവിനെയും അഭിനന്ദിക്കുകയാണ് ഇപ്പോൾ ചൈനയിലെ സാമൂഹിക മാധ്യമങ്ങൾ. മുത്തച്ഛനുമായി വീട്ടിലേക്ക് പോകവെ കാണാതായ പെൺകുട്ടി ഒരു എടിഎം കൗണ്ടറിന്റെ സഹായത്തോടെ തിരികെ വീട്ടുകാരുടെ അടുത്തെത്തിയതാണ് പെൺകുട്ടിയെ കുറിച്ച് സോഷ്യൽ മീഡിയ ചർച്ച ചെയ്യാൻ കാരണം.

ജൂലൈ 30 -ന്, തെക്കുകിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ക്യുഷൗവിൽ നിന്നുള്ള 8 വയസ്സുകാരി തൻ്റെ മുത്തച്ഛനോടൊപ്പം ഡാൻസ് ക്ലാസിൽ നിന്നും വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു. എന്നാൽ, വഴിയിൽ എവിടെയോ വച്ച് അവളും മുത്തച്ഛനും രണ്ട് വഴിക്കായിപ്പോയി. എന്ത് ചെയ്യുമെന്നറിയാതെ പെൺകുട്ടി ആകെ ആശങ്കയിലായി. എന്നാൽ, അപ്പോഴാണ് ഒരു എടിഎം ബൂത്ത് അടുത്തുള്ളതായി കണ്ടത്. ഉടനെ തന്നെ പെൺകുട്ടി അതിനകത്തേക്ക് കയറി. 

അതിനകത്ത് ഒരു ചുവന്ന ബട്ടൺ കണ്ട പെൺകുട്ടി അതിലമർത്തി. അത് ബാങ്കിന്റെ മോണിറ്ററിം​ഗ് സെന്ററിലേക്ക് കണക്ട് ചെയ്തു. ബാങ്കിലെ സ്റ്റാഫ് അംഗമായ സൗ ഡോങ്‍യിങ് ആണ് പെൺകുട്ടിയുടെ കോളിന് ഇൻ്റർകോം സംവിധാനത്തിലൂടെ മറുപടി നൽകിയത്. പെൺകുട്ടി മുത്തച്ഛനെ കാണാനില്ല എന്നും ഒറ്റപ്പെട്ടുപോയി എന്നും സൗവിനെ അറിയിച്ചു. മുത്തച്ഛന്റെയോ വീട്ടിലെ മറ്റാരുടെയെങ്കിലുമോ നമ്പർ പെൺകുട്ടിക്ക് അറിയുമായിരുന്നില്ല. 

പെൺകുട്ടിയോട് ഭയക്കരുതെന്നും എടിഎം ബൂത്ത് വിട്ട് എവിടെയും പോകരുത് എന്നും സൗ പറഞ്ഞു. പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു. കൈഹുവ കൗണ്ടി പബ്ലിക് സെക്യൂരിറ്റി ബ്യൂറോയിലെ ഒരു പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി, പെൺകുട്ടിയെ മുത്തച്ഛനെ ഏൽ‌പ്പിച്ചു. മുത്തച്ഛനും ആ സമയത്ത് പെൺകുട്ടിക്ക് വേണ്ടി അന്വേഷിക്കുകയായിരുന്നു. 

ഷെജിയാങ് പ്രവിശ്യയിലെ ഹാങ്‌ഷൗവിലെ പല പ്രാദേശിക എടിഎം സ്റ്റേഷനുകളിലും മെഷീന് അരികിൽ രണ്ട് തരം എമർജൻസി അസിസ്റ്റൻസ് ബട്ടണുകൾ ഉണ്ട്. ഒന്ന് എമർജൻസി കോൾ ബട്ടണും ചുവന്ന എമർജൻസി അലാറം ബട്ടണും ആണിത്. എന്തായാലും, ആദ്യമായാണ് ജോലിക്കിടയിൽ ഇങ്ങനെ ഒരു അനുഭവമുണ്ടാകുന്നത് എന്നാണ് സൗ പറയുന്നത്. 

അതേസമയം, കൃത്യസമയത്ത് അപകടത്തിൽ ചെന്ന് ചാടാതെ ബുദ്ധിപൂർവം പ്രവർത്തിച്ച എട്ട് വയസ്സുകാരിയെ അഭിനന്ദിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

Latest Videos
Follow Us:
Download App:
  • android
  • ios