ദൈവത്തിന് കത്തെഴുതിയ എട്ട് വയസുകാരിക്ക് ആറ് മാസത്തിന് ശേഷം അജ്ഞാതമായ മറുപടി. കത്തയച്ച അജ്ഞാതനായ വ്യക്തിക്ക് നന്ദി പറഞ്ഞ് കുട്ടിയുടെ അമ്മ. സംഭവം നടന്നത് ഇംഗ്ലണ്ടില്‍.
ദൈവങ്ങൾക്ക് കത്തെഴുതുന്ന കുഞ്ഞുങ്ങളുണ്ട്. തങ്ങളുടെ ആഗ്രഹങ്ങളും പ്രാർത്ഥനകളും ദൈവം കേൾക്കും എന്ന് കരുതിയാണ് അവർ അത് ചെയ്യുന്നത്. എന്നാൽ, ആ കത്തിന് തിരികെ മറുപടി വന്നാലോ? അങ്ങനെ ഒരു സംഭവമാണ് ഇംഗ്ലണ്ടിലെ സോമർസെറ്റിൽ നടന്നിരിക്കുന്നത്. ദൈവത്തിന് കത്തെഴുതിയ ഒരു എട്ട് വയസുകാരിക്ക് തന്റെ കത്തിനുള്ള മറുപടി കിട്ടി. ഗോഡ്, ക്ലൗഡ് 9, ഹെവൻ (God, Cloud 9, Heaven) എന്ന വിലാസത്തിലാണ് കുട്ടി കത്തെഴുതിയത്. ആറ് മാസത്തിന് ശേഷമാണ് ആ കത്തിനുള്ള മറുപടി കുട്ടിക്ക് കിട്ടിയത്. ഏത് പോസ്റ്റോഫീസിൽ നിന്നാണെന്നോ, ആരാണ് എഴുതിയത് എന്നോ ഒന്നും അറിയാത്ത ഒരു കത്തായിരുന്നു അത് എന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നതെന്ന് ദി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നു.
അച്ഛനും അമ്മയും മറ്റൊരു നായക്കുട്ടിയെ കൂടി വാങ്ങാൻ അനുവദിക്കാത്തതിനെ തുടർന്നാണ് പരാതിയും സങ്കടവും പറഞ്ഞുകൊണ്ട് കുട്ടി ദൈവത്തിന് കത്തെഴുതിയത്. റെഡ്ഡിറ്റിൽ കുട്ടിയുടെ മാതാപിതാക്കൾ ഷെയർ ചെയ്ത അനുഭവം വലിയ ശ്രദ്ധയാണ് നേടിയത്. ഒരു പ്രീപെയ്ഡ് റോയൽ മെയിൽ കവറിലാണ് കുട്ടിയുടെ കത്തിനുള്ള മറുപടി ലഭിച്ചത്. അതിൽ ഇങ്ങനെ എഴുതിയിരുന്നു: "ദൈവം എല്ലാ പ്രാർത്ഥനകളും കേൾക്കുകയും ശരിയായ സമയത്ത് അവയ്ക്ക് ഉത്തരം നൽകുകയും ചെയ്യുമെന്ന് നിന്നോട് പറയാൻ എന്നെ ഏല്പിച്ചിട്ടുണ്ട്". കത്ത് കിട്ടിയതോടെ മകൾ ആവേശഭരിതയായി എന്ന് അവളുടെ അമ്മ പറയുന്നു. ഒപ്പം ആ കത്തിന് പിന്നിലെ നിഗൂഢത തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും അവർ പറഞ്ഞു. കത്തില്‍ കുട്ടിക്ക് നായകളോടുള്ള സ്നേഹത്തെ കുറിച്ചും മറ്റുമാണ് സൂചിപ്പിച്ചിരിക്കുന്നത്.

വടക്കൻ അയർലണ്ടിലെ റോയൽ മെയിൽ സോർട്ടിംഗ് സെന്ററിലെ ആരെങ്കിലുമായിരിക്കാം കുട്ടിക്ക് ഈ കത്ത് അയച്ചത് എന്നാണ് പെൺകുട്ടിയുടെ അമ്മ കരുതുന്നത്. ഹെവൻ (സ്വർഗം), സാന്താക്ലോസ് തുടങ്ങിയ അഡ്രസുകളിലേക്ക് കുട്ടികളയക്കുന്ന കത്തുകൾ ഇവിടെയുള്ളവർക്ക് പരിചിതമാണ്. ആ കത്ത് എഴുതാൻ മനസ് കാണിച്ച അജ്ഞാതനായ വ്യക്തിക്ക് കുട്ടിയുടെ അമ്മ നന്ദി പറഞ്ഞു. ഈ ഡിജിറ്റൽ ലോകത്ത് ഇത്തരം സഹാനുഭൂതികൾ കാണിക്കുന്നവർ വളരെ വിരളമാണ് എന്നും സഹാനുഭൂതിയുടെ ആ വിത്തുകൾ ഓർമ്മയിൽ നിലനിൽക്കേണ്ടതുണ്ട് എന്നും അവർ പറഞ്ഞു.


