കോഴിയെ പരിക്കേൽപ്പിച്ചതിൽ തനിക്ക് നഷ്ടപരിഹാരം വേണ്ടെന്നും കുറ്റക്കാരനായ രാകേഷിനെതിരെ കേസെടുത്താൽ മാത്രം മതിയെന്നും ഗംഗമ്മ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
വളർത്തുമൃഗങ്ങളെ മറ്റുള്ളവർ ഉപദ്രവിക്കുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുന്നത് എല്ലാ ഉടമകൾക്കും വിഷമമുള്ള കാര്യമാണ്. എന്നാൽ, ഇതാദ്യമായിരിക്കാം സ്വന്തം കോഴിക്ക് നീതി തേടി ഒരാൾ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നത്. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലെ വൃദ്ധയായ ഒരു അമ്മയാണ് തന്റെ കോഴിക്ക് നീതി തേടി പൊലീസ് സ്റ്റേഷനിൽ എത്തിയത്.
അയൽവാസി ഉപദ്രവിച്ചതിനെ തുടർന്ന് ഇരുകാലുകളും ഒടിഞ്ഞ കോഴിയുമായാണ് ഈ സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തിയത്. അയൽക്കാരന് എതിരെ കേസെടുക്കണമെന്നും തന്റെ കോഴിക്ക് നീതി ലഭിക്കണം എന്നുമാണ് ഇവരുടെ ആവശ്യം. കോഴിയുമായി പൊലീസ് സ്റ്റേഷനു മുന്നിൽ നിന്ന് പരാതി പറയുന്ന ഈ വൃദ്ധസ്ത്രീയുടെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും വൈറലാണ്.
റിപ്പോർട്ടുകൾ പ്രകാരം ഗൊല്ലഗുഡെമിൽ നിന്നുള്ള ഗംഗമ്മ എന്ന സ്ത്രീയാണ് പരാതിക്കാരി. താൻ വളർത്തുന്ന കോഴികളോട് വലിയ വൈകാരിക അടുപ്പമാണ് ഗംഗമ്മയ്ക്ക്. അതുകൊണ്ടുതന്നെ കോഴിയുടെ കാലുകൾ അയൽക്കാരൻ തല്ലിയൊടിച്ചതും അവരെ വളരെയധികം വിഷമിപ്പിച്ചു. തുടർന്നാണ് അയൽക്കാരനെതിരെ കേസെടുക്കണമെന്നും തനിക്കും തന്റെ കോഴിക്കും നീതി വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇവർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. അയൽക്കാരനായ രാകേഷിനെതിരെയാണ് ഇവർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ ഗംഗമ്മ തന്റെ കോഴിക്ക് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. പകൽ പരിസരപ്രദേശങ്ങളിൽ അലഞ്ഞുതിരിഞ്ഞതിനുശേഷം വൈകുന്നേരം വീട്ടിൽ തിരിച്ചെത്തുന്നതാണ് തൻറെ കോഴികളുടെ പതിവെന്ന് ഇവർ പറയുന്നു. അത്തരത്തിൽ അയൽവാസിയായ രാകേഷിന്റെ പുരയിടത്തിൽ കയറിയ കോഴി അവിടെയുണ്ടായിരുന്ന വൈക്കോൽ കൂനയിലെ ധാന്യങ്ങൾ കൊത്തി തിന്നുന്നതിനിടയിലാണ് അതിൽ പ്രകോപിതനായ രാകേഷ് കോഴിയെ തല്ലി കാലുകൾ ഒടിച്ചത് എന്നാണ് ഇവർ പറയുന്നത്.
കോഴിയെ പരിക്കേൽപ്പിച്ചതിൽ തനിക്ക് നഷ്ടപരിഹാരം വേണ്ടെന്നും കുറ്റക്കാരനായ രാകേഷിനെതിരെ കേസെടുത്താൽ മാത്രം മതിയെന്നും ഗംഗമ്മ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
കോഴിയെ പരിക്കേൽപ്പിച്ചതിന് നഷ്ടപരിഹാരത്തുക വാങ്ങി നൽകാമെന്ന് പൊലീസ് പറഞ്ഞെങ്കിലും ഗംഗമ്മ അത് നിരസിക്കുകയായിരുന്നു. ഒടുവിൽ ഗ്രാമത്തിൽ ഒരു പഞ്ചായത്ത് കൂടി കാര്യങ്ങളൊക്കെ തീരുമാനമാക്കാം എന്ന് പറഞ്ഞു പൊലീസ് ഇവരെ അനുനയിപ്പിച്ച് മടക്കി അയച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്.


