കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, വിവിധ ശസ്ത്രക്രിയകൾ എന്നിവയിലൂടെയെല്ലാം അവൾ കടന്നുപോയി. എന്നാൽ, മൂന്ന് തവണ രോഗം അവളിലേക്ക് തിരികെ വന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ആരോഗ്യനില വഷളായതിന് പിന്നാലെ കൈമുട്ടിന് താഴെ വച്ച് മുറിച്ചു മാറ്റേണ്ടി വന്നത്.
യുഎസ്സിൽ നിന്നുള്ള സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറാണ് 22 -കാരിയായ എൽഡിയാര ഡൗസെറ്റ്. അപൂർവമായ അർബുദം ബാധിച്ചതിനെ തുടർന്ന് അവൾക്ക് തന്റെ ഒരു കൈ നഷ്ടപ്പെട്ടു. എന്നാൽ, കാൻസറിനെ അതിജീവിച്ച എൽഡിയാര മറ്റുള്ളവരെയും അർബുദത്തിനെതിരെയുള്ള പോരാട്ടത്തിന് പ്രേരിപ്പിക്കുകയാണ്. എന്നാൽ, ഇപ്പോൾ അവൾ വാർത്തയിലിടം നേടുന്നത് തന്റെ നഷ്ടപ്പെട്ട കയ്യുടെ ശവസംസ്കാര ചടങ്ങ് നടത്തിയതിനാണ്.
'ബയോണിക് ബാർബി' എന്നാണ് എൽഡിയാര സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. വർഷത്തിൽ ഏകദേശം 1,000 പേരിൽ മാത്രം കാണുന്ന അപൂർവ അർബുദമായ സിനോവിയൽ സാർക്കോമ(synovial sarcoma)യായിരുന്നു അവളെ ബാധിച്ചത്. സോഷ്യൽ മീഡിയയിൽ തന്റെ രോഗാവസ്ഥയെ കുറിച്ചും അതിജീവനത്തെ കുറിച്ചും അവൾ നിരന്തരം പങ്കുവയ്ക്കാറുണ്ടായിരുന്നു. 510,000 ഫോളോവേഴ്സും അവൾക്കുണ്ട്.
മൂന്നുവർഷം മുമ്പാണ് അവൾക്ക് അർബുദമാണ് എന്ന് സ്ഥിരീകരിച്ചത്. നാഡികളിൽ സഹിക്കാനാവാത്ത വേദനയാണ് ഇതേ തുടർന്ന് അവൾക്കുണ്ടായിക്കൊണ്ടിരുന്നത്. ചുട്ടുപൊള്ളുന്ന വെള്ളത്തിൽ കൈവച്ചുകൊണ്ട് പോലും അവൾ തന്റെയാ വേദനയെ ലഘൂകരിക്കാൻ നോക്കിയിട്ടുണ്ട്.
കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, വിവിധ ശസ്ത്രക്രിയകൾ എന്നിവയിലൂടെയെല്ലാം അവൾ കടന്നുപോയി. എന്നാൽ, മൂന്ന് തവണ രോഗം അവളിലേക്ക് തിരികെ വന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ആരോഗ്യനില വഷളായതിന് പിന്നാലെ കൈമുട്ടിന് താഴെ വച്ച് മുറിച്ചു മാറ്റേണ്ടി വന്നത്.
അങ്ങനെയാണ് ഇപ്പോൾ അവൾ 22 വർഷമായി തന്റെ ഭാഗമായിരുന്ന കൈക്ക് യാത്രയയപ്പ് നൽകിയത്. കറുത്ത വസ്ത്രങ്ങളിലാണ് അവളും ബന്ധുക്കളും സുഹൃത്തുക്കളും 'ശവസംസ്കാര' ചടങ്ങിന് എത്തിയത്. 'എന്റെ ഈ കൈ എന്നെ കൊല്ലും എന്നായിരുന്നു ഞാൻ ഇടയ്ക്ക് തമാശ പറഞ്ഞിരുന്നത്. എന്നാൽ, അതും എന്റെ രോഗത്തിന്റെ ഇരയായിരുന്നു. ഇതാണ് എനിക്ക് വേണ്ടി ഏറ്റവും വലിയ ത്യാഗം ചെയ്തത്' എന്നും അവൾ പറയുന്നു.
